സുബിൻ ഗാർഗ്
അസമീസ് ഗായകൻ സുബിൻ ഗാർഗിന്റെ മരണം അബദ്ധത്തിൽ വെള്ളത്തിൽ വീണുള്ള മുങ്ങിമരണമാണെന്ന് സിംഗപ്പൂർ കോടതി. മരണത്തിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്ന് സിംഗപ്പൂർ സ്റ്റേറ്റ് കൊറോണർ ആദം നഖോദ പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി. ഇതോടെ മാസങ്ങളായി തുടരുന്ന സുബിൻ ഗാർഗ് മരണത്തിലെ തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി.
2025 സെപ്റ്റംബർ 19നാണ് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബിൻ ഗാർഗ് സിംഗപ്പൂരിൽ യാട്ട് യാത്രക്കിടെ കടലിൽ വീണ് മരിച്ചത്. സംഭവസമയത്ത് ഗായകൻ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സുരക്ഷാ കവചം ധരിക്കാൻ വിസമ്മതിച്ചിരുന്നുവെന്നും സിംഗപ്പൂർ പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിന്റെ ഈ നിഗമനങ്ങളിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാൽ സുബിൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന നിലപാടിലായിരുന്നു അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തന്നെ നേരിട്ട് രംഗത്തെത്തുകയും മരണത്തിൽ ദുരൂഹത ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കുകയും ഗായകന്റെ മാനേജർ സിദ്ധാർത്ഥ ശർമ, പരിപാടി സംഘടിപ്പിച്ച ശ്യാംകാനു മഹന്ത തുടങ്ങി ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തി കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. സിംഗപ്പൂർ കോടതിയുടെ പുതിയ വിധി ഇന്ത്യയിലെ കേസിനെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ നിർണ്ണായകമാകും.
ബോളിവുഡിലടക്കം കഴിവു തെളിയിച്ച ഗായകനാണ് സുബിൻ ഗാർഗ്. യാ അലി എന്ന ഒറ്റ ഗാനത്തിലൂടെ പ്രശസ്തനായ ഗായകനാണിദ്ദേഹം. ആദ്യഘട്ട അന്വേഷണത്തിൽ നിന്ന് മരണത്തിൽ ദുരൂഹതയില്ലെന്നാണ് കണ്ടെത്തല്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും സിംഗപ്പൂർ പൊലീസ് വ്യക്തമാക്കിയിരുന്നു. നീന്തൽ കുളത്തിലെ സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസ്സം മൂലം സുബിൻ മരിച്ചുവെന്നായിരുന്നു പുറത്തുവന്ന വാർത്ത.
എന്നാൽ നീന്തൽ വിദഗ്ധനായ സുബീൻ ഗാർഗ് മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നായിരുന്നു സംഭവത്തിന്റെ ദൃക്സാക്ഷിയും ബാന്റ് അംഗവുമായ ശേഖർ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൃത്യത്തിനായി വിദേശരാജ്യം തെരഞ്ഞെടുത്തതിലൂടെ കൊലപാതകം അപകട മരണമാണെന്ന് വരുത്തിത്തീർക്കുകയായിരുന്നുവെന്നും ഗോസ്വാമി ആരോപിക്കുകയുണ്ടായി.സുബിന്റെ ഭാര്യ ഗരിമയും മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തുവന്നിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.