‘അമ്മ’യിൽ മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ല -അൻസിബ ഹസ്സൻ

​കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസ്സൻ. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അൻസിബ നിലപാട് വ്യക്തമാക്കിയത്. ‘സ്നേഹത്തിന് നന്ദി. പുതിയ തുടക്കങ്ങൾക്കായി വഴി മാറുന്നു. മാറ്റം അനിവാര്യമാണ്. അത് കരുത്തുള്ള യുവതലമുറയിൽ നിന്നാക​ട്ടെ...’ എന്ന അടിക്കുറിപ്പോടെയാണ് അൻസിബ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ടവരേ,

എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്ക‌ാരം.

'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹത്തോടെ, അൻസിബ ഹസ്സൻ.’ -അൻസിബ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

അമ്മയുടെ ജോയന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും അൻസിബ ഹസ്സൻ രാജിവെച്ചിരുന്നു. ഞായറാഴ്ച അമ്മയിലെ ജനറൽ ബോഡി ​യോഗത്തിലെ തർക്കങ്ങൾക്കും നാടകീയ രംഗ​ങ്ങൾക്കുമൊടുവിൽ കൂട്ടരാജിയും അരങ്ങേറിയിരുന്നു. പ്രസിഡന്റ് ശ്വേതാ മേനോനടക്കം 17 അംഗ ഭരണസമിതിയിലെ എല്ലാവരും രാജിവെച്ചു. അധികാരമേറ്റ് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പായിരുന്നു രാജി.

‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ താൻ ഉന്നയിച്ച എല്ലാ കാര്യങ്ങളും കൃത്യമായി അവതരിപ്പിക്കാനായെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു അൻസിബയുടെ പ്രതികരണം. സംഘടനയുടെ 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പങ്കാളിത്തമുള്ളതും അംഗങ്ങളുടെ അഭിപ്രായങ്ങൾ കൃത്യമായി രേഖപ്പെടുത്തിയതുമായ ഒരു ജനറൽ ബോഡി നടക്കുന്നത്. എല്ലാ കാര്യങ്ങളും വിശദമായി അംഗങ്ങളെ അറിയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ, കഴിഞ്ഞ ഭരണസമിതിക്ക് കൃത്യമായ വരവുചെലവ് കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കാനായില്ല എന്നതാണ് വാസ്തവം. അംഗങ്ങൾ നിരന്തരം ചോദ്യം ചെയ്തപ്പോൾ 45 ദിവസത്തെ സാവകാശം കമ്മിറ്റി ചോദിച്ചെങ്കിലും, ആ ബാലിശമായ ആവശ്യം ജനറൽ ബോഡി തള്ളി. കണക്കുകളിലെ കൃത്യതക്കുറവ് തന്നെയാണ് യോഗത്തിൽ പ്രധാന വിഷയമായി മാറിയത്. ഏതെല്ലാം വിഷയങ്ങളിൽ ആരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് യോഗത്തിൽ താൻ കൃത്യമായി ചൂണ്ടിക്കാണിച്ചെന്നും അൻസിബ വ്യക്തമാക്കി.

നടി നീനാ കുറുപ്പിന്റെയും തന്റേതുൾപ്പെടെയുള്ള മറ്റ് വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. എന്നാൽ, ഉച്ചവരെ സംസാരിക്കാൻ മുൻ കമ്മിറ്റി തനിക്ക് അവസരം നൽകിയില്ല. തുടർന്ന് മറ്റ് അംഗങ്ങളുടെ പിന്തുണയോടെ ഉച്ചക്ക് ശേഷം അവസരം ചോദിച്ചുവാങ്ങുകയായിരുന്നു. ഇതിനായി കൂടെനിന്ന മുഴുവൻ അംഗങ്ങൾക്കും അവർ നന്ദി അറിയിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ ജനറൽ ബോഡിയിലും പറയാൻ കഴിഞ്ഞതിൽ സമാധാനമുണ്ടെന്നും അൻസിബ കൂട്ടിച്ചേർത്തിരുന്നു.

Tags:    
News Summary - Actress Ansiba Hassan announced not contest for any positions in the upcoming AMMA election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.