‘എന്നെ മികച്ച മനുഷ്യനാക്കിയതിന് നന്ദി’; തന്‍റെ ഭക്ഷണശൈലി മാറ്റാൻ പ്രചോദനമായത് അനുഷ്കയെന്ന് വിരാട് കോഹ്‌ലി

സിനിമാതാരങ്ങളുടെയും കായികതാരങ്ങളുടെയും വ്യക്തിജീവിതം എപ്പോഴും ആരാധകർക്ക് കൗതുകമാണ്. അതിൽ തന്നെ ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും. 2017ൽ വിവാഹിതരായ ഇവർ തമ്മിലുള്ള പരസ്പരമുള്ള സ്നേഹവും പിന്തുണയും കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്. എന്നാൽ, ഇവരുടെ ദാമ്പത്യം കേവലം പ്രണയകഥകൾക്ക് മാത്രമല്ല, വിരാട് കോലിയുടെ കായിക ജീവിതത്തെ തന്നെ മാറ്റിയെഴുതിയ ഒരു വലിയ തീരുമാനത്തിനും സാക്ഷ്യം വഹിച്ചു.

വിരാട് കോഹ്‌ലിയുടെ കായിക ജീവിതത്തിൽ അനുഷ്ക നൽകിയ സംഭാവനകൾ ചെറുതല്ല. വിരാട് തന്നെ പലതവണ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. 2020ൽ വോഗ് മാഗസീന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘അനുഷ്ക എനിക്ക് ജീവിതത്തിൽ ഒരു പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്. അവളെ കണ്ടുമുട്ടുന്നതിന് മുമ്പ് അത്ര ബാലൻസ്ഡ് ആയ ഒരു വ്യക്തിയായിരുന്നില്ല ഞാൻ. ഒരു മികച്ച മനുഷ്യനായി മാറാൻ അവളാണ് എന്നെ പ്രചോദിപ്പിച്ചത്.

വിരാടിന്റെ ഭക്ഷണശീലങ്ങളിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ടത് അനുഷ്കയാണ്. 2015ൽ അനുഷ്ക സസ്യാഹാരം പിന്തുടരാൻ തുടങ്ങിയപ്പോൾ, കുറച്ചു വർഷങ്ങൾക്ക് ശേഷം വിരാടും അതേ പാത സ്വീകരിച്ചു. മൃഗങ്ങളോടുള്ള അനുഷ്കയുടെ സ്നേഹം വിരാടിനെ കാര്യങ്ങളെ മറ്റൊരു രീതിയിൽ കാണാൻ പ്രേരിപ്പിച്ചു. അതോടെ മാംസാഹാരം പൂർണ്ണമായും ഉപേക്ഷിച്ച താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമാണിതെന്നാണ് വിരാട് പലതവണ പറഞ്ഞിട്ടുള്ളത്.

ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫിറ്റ്നസ് രീതികളെ വിരാട് പിന്തുടരുന്നുണ്ടെന്ന് പ്രമുഖ സെലിബ്രിറ്റി ഷെഫ് അരുൺ ചൗഹാൻ വെളിപ്പെടുത്തുന്നു. മുൻകാലങ്ങളിൽ അങ്ങേയറ്റം ഭക്ഷണപ്രേമിയായിരുന്ന കോലി, ഛോലെ ഭട്ടൂരെയും രാജ്മ ചാവലുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. എന്നാൽ ഇന്ന് 37-ാം വയസ്സിലും അദ്ദേഹത്തിന്റെ കായികക്ഷമത ഏവരെയും അമ്പരപ്പിക്കുന്നു.

മാംസാഹാരം പൂർണ്ണമായും ഒഴിവാക്കി. പനീറിന് പകരം സോയാബീനിൽ നിന്നുള്ള ടോഫു ഉൾപ്പെടുത്തി. സാലഡുകൾ, മുളപ്പിച്ച ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ലെറ്റ്യൂസ് പോലുള്ള പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ ശരീരത്തിലെ കൊഴുപ്പ് ഏതാണ്ട് പൂജ്യത്തിലേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അദ്ദേഹം.

താമസസ്ഥലങ്ങളിൽ പോലും ഇത്തരം ലളിതമായ ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. അതേസമയം, താൻ 'വീഗൻ' ആണെന്നുള്ള പ്രചാരണങ്ങൾ വിരാട് നേരത്തെ തള്ളിയിരുന്നു. താൻ ഒരു 'വെജിറ്റേറിയൻ' മാത്രമാണെന്നും അതിൽ കൂടുതൽ അവകാശവാദങ്ങൾ താനില്ലെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കിയിരുന്നു.

അനുഷ്കയുടെ പിന്തുണയും കൃത്യമായ ഭക്ഷണശീലങ്ങളും വിരാട് കോഹ്‌ലിയെന്ന കായികതാരത്തെ കൂടുതൽ കരുത്തനാക്കി. കഠിനമായ മത്സരങ്ങൾക്കിടയിലും മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താൻ ഈ ജീവിതശൈലി അദ്ദേഹത്തെ സഹായിക്കുന്നു. കായികലോകത്തിന് മാത്രമല്ല, സാധാരണക്കാർക്കും പ്രചോദനമാണ് വിരാട് കോലിയുടെയും അനുഷ്കയുടെയും ഈ ആരോഗ്യകരമായ ജീവിതയാത്ര.

Tags:    
News Summary - Inspired by Anushka Sharma, Virat Kohli follows strict vegetarian diet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.