ദേശീയ അവാർഡ് ജേതാവായ ഗായകനും സംഗീതസംവിധായകനുമായ ശങ്കർ മഹാദേവന്‍റെ ഏറെ പ്രശസ്തമായ ഗാനമാണ് കജ്‌രാ രേ. 2005ൽ പുറത്തിറങ്ങിയ 'ബണ്ടി ഓർ ബബ്ലി' എന്ന ചിത്രത്തിലെ എക്കാലത്തെയും മികച്ച ഡാൻസ് നമ്പറുകളിൽ ഒന്നാണ് 'കജ്‌രാ രേ'. അലീഷ ചിനായ്, ശങ്കർ മഹാദേവൻ, ജാവേദ് അലി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് എന്നിവർ ആദ്യമായി ഒരൊറ്റ ഫ്രെയിമിൽ ഒരുമിച്ച് വന്നതിന്‍റെ പേരിൽ ഈ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. 'ബ്രെത്ത്‌ലെസ്' എന്ന പാട്ടിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയർന്നത്.
ഇപ്പോഴിതാ ഗാനത്തിന്‍റെ റെക്കോർഡിങ് സമയത്തെ ഓർമകൾ പങ്കുവെക്കുകയാണ് ശങ്കർ മഹാദേവൻ. അമിതാഭ് ബച്ചൻ തമാശയായി നൽകിയ ഒരു മുന്നറിയിപ്പിനെ കുറിച്ചും ശങ്കർ സംസാരിച്ചു. അഭിഷേക് ബച്ചന്‍റെ ഭാഗങ്ങൾ ജാവേദ് അലി പാടാനായി വെച്ചിരുന്നതിനാൽ അമിതാഭ് ബച്ചൻ പാടേണ്ട ഭാഗങ്ങൾക്കായി ശങ്കർ മഹാദേവൻ ഒരു റഫ് ട്രാക്ക് റെക്കോർഡ് ചെയ്തിരുന്നു. ഡബ്ബിങ് പൂർത്തിയാക്കാൻ ബച്ചൻ സാറിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഗാനം വളരെയധികം ഇഷ്ടപ്പെട്ടതായി ശങ്കർ മഹാദേവൻ പറയുന്നു.
‘സാർ, ദയവായി വന്ന് നിങ്ങളുടെ ഭാഗങ്ങൾ ഡബ്ബ് ചെയ്യൂ, നമുക്ക് പാട്ട് മിക്‌സ് ചെയ്യണം'. ഏത് പാട്ടാണെന്ന് അദ്ദേഹം ചോദിച്ചു. 'കജ്‌രാ' എന്ന് പറഞ്ഞപ്പോൾ 'അതിൽ ഞാനെന്ത് ഡബ്ബ് ചെയ്യണം' എന്നായി അദ്ദേഹം. വേണ്ട, ഇത് ഇങ്ങനെ മതി. നീ ഇതിൽ കൈ വെച്ചാൽ നോക്കിക്കോ, ഞാൻ നിന്റെ കരിയർ നശിപ്പിക്കും’ എന്നാണ് തമാശയായി ബച്ചൻ സാർ പറഞ്ഞത്. ഈ ഗാനം മാറ്റങ്ങളൊന്നും വരുത്താതെ അതുപോലെ നിലനിർത്തണമെന്ന് ബച്ചൻ സാർ തമാശയോടെ നിർബന്ധം പിടിക്കുകയായിരുന്നു. മറ്റൊരാളെക്കൊണ്ടും തന്‍റെ ഭാഗം പാടിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂം ബരാബർ ജൂം എന്ന ഗാനത്തിലും അമിതാഭ് ബച്ചൻ ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം എനിക്ക് ലഭിച്ച അദ്ദേഹത്തിന്‍റെ അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും ശങ്കർ മഹാദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.