ബിജു മേനോനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍. കരാര്‍ ഉണ്ടായിട്ടും ബിജു മേനോന്‍ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അത് മൂലം നിര്‍മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ബി. ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്. കരാറിൽ ഒപ്പിടുമ്പോൾ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുമെന്ന് വ്യവസ്ഥയുണ്ടായിട്ടും താരം വിട്ടുനിന്നതാണ് സംഘടനകളെ ചൊടിപ്പിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത വലതുവശത്തെ കള്ളന്‍റെ പ്രമോഷൻ പരിപാടിയിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ഉണ്ണികൃഷ്ണന്‍ അതിനെ കുറിച്ചും സംസാരിച്ചിരുന്നു.
‘മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടന്‍ പ്രൊമോഷന് ചെല്ലാത്തതു കൊണ്ട് ഒരു നിര്‍മാതാവിന്, അദ്ദേഹം സംവിധായകന്‍ കൂടെയാണ്. ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്നും കിട്ടുന്നതില്‍ നിന്നും കുറഞ്ഞത്. ചെറിയൊരു തുകയാണോ അത്? അതേ നടന്‍ ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനും പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാനൊന്നും മടിയില്ല’ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.
‘അദ്ദേഹം പോയിട്ടില്ല. പ്രൊമോഷന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാന്‍ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂവെന്നാണ്. സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളില്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോള്‍ വന്ന സിനിമയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കറക്ട് ചെയ്യണം’ എന്നും ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.
സിനിമയുടെ പ്രമോഷന് താരങ്ങൾ പങ്കെടുക്കാത്തത് നിർമ്മാതാക്കളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ബിജു മേനോൻ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സാധാരണയായി പ്രമോഷനിൽ നിന്ന് വിട്ടുനിൽക്കാത്ത താരം എന്തുകൊണ്ടാണ് ഇത്തവണ മാറിയത് എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും ചർച്ചകൾ നടക്കുന്നുണ്ട്. മറ്റ് ചില താരങ്ങൾക്കും സമാനമായ പരാതികൾ നേരത്തെ ഉയർന്നിട്ടുള്ളതിനാൽ, സിനിമാ സംഘടനകൾ ഈ കാര്യത്തിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.