നസീറുദ്ദീൻ ഷാ
മുംബൈ: മുംബൈ സർവകലാശാലയുടെ ഉർദു വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം തന്നെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ. 'ജഷ്നെ ഉർദു' (Jashn-e-Urdu) പരിപാടിയിൽ പങ്കെടുക്കാനായിരിക്കെ, ജനുവരി 31ന് രാത്രി വൈകിയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സർവകലാശാല അറിയിച്ചത്. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ഈ വിലക്കിന് പിന്നിലെന്ന് നസീറുദ്ദീൻ ഷാ ആരോപിച്ചു.
'ദി ഇന്ത്യൻ എക്സ്പ്രസി'ൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സ്വയം പ്രഖ്യാപിത 'വിശ്വഗുരു'വിനെ താൻ ഇതുവരെ പുകഴ്ത്തിയിട്ടില്ലെന്നും, ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'രാജ്യത്തിന് വിരുദ്ധമായി ഞാൻ ഒരു പ്രസ്താവനയെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അത് തെളിയിക്കാൻ ഞാൻ സർവകലാശാലാ അധികൃതരെ വെല്ലുവിളിക്കുന്നു,' ഷാ കുറിച്ചു.
താൻ പരിപാടിയിൽ പങ്കെടുക്കാത്തത് സ്വന്തം തീരുമാനപ്രകാരമാണെന്ന് കാണികളെ അറിയിച്ച സർവകലാശാല നടപടി തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു കാര്യത്തിലും താൻ തൃപ്തനല്ലെന്നും, പ്രധാനമന്ത്രിയുടെ പെരുമാറ്റത്തെ താൻ എന്നും വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ നിലവിലെ സാഹചര്യം ജോർജ് ഓർവെല്ലിന്റെ '1984' എന്ന നോവലിലെ നിരീക്ഷണ സംവിധാനങ്ങളോടും 'തോട്ട് പോലീസ്' (Thought Police) എന്ന സങ്കൽപ്പത്തോടുമാണ് അദ്ദേഹം ഉപമിച്ചത്. പശു സംരക്ഷകരുടെ അതിക്രമങ്ങൾ, വിദ്യാർഥി നേതാക്കളെ വിചാരണ കൂടാതെ തടങ്കലിൽ വെക്കുന്നത്, പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ തന്നെ അലട്ടുന്ന പ്രധാന വിഷയങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇത് ഞാൻ വളർന്നുവന്നതോ സ്നേഹിക്കാൻ പഠിച്ചതോ ആയ രാജ്യമല്ല' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. വർഷങ്ങളായി വിദ്യാർഥികളുമായി സംവദിക്കാനും അവർക്ക് മാർഗനിർദ്ദേശം നൽകാനും താൻ ആഗ്രഹിച്ചിരുന്നതായും, സർവകലാശാലയുടെ ഈ വിലക്ക് ആ വലിയ ആഗ്രഹത്തിന് തടസ്സമായതിലുള്ള വേദനയും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.