കുംഭക്ക് വെറുമൊരു ഉപകരണം മാത്രമല്ല ഈ വീൽചെയർ, നിങ്ങൾ ഊഹിക്കുന്നതിലും അപ്പുറമാണത്; വാരാണസിയിലെ കഥാപാത്രത്തെ കുറിച്ച് പൃഥ്വിരാജ്

എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'വാരാണസി'യെക്കുറിച്ചുള്ള ഓരോ വാർത്തകളും ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുക്കുന്നത്. ചിത്രത്തിൽ കുംഭ എന്ന ക്രൂരനായ വില്ലനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്. ശരീരം തളർന്ന് വീൽചെയറിൽ ഇരിക്കുന്ന വില്ലനായ കഥാപാത്രമാണ് കുംഭ. ചിത്രത്തിലെ വീൽചെയർ വെറുമൊരു ഉപകരണമല്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കുന്നു.

‘എന്റെ കൈകാലുകൾ അബദ്ധവശാൽ പോലും ചലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ അതീവ സുരക്ഷിതമായാണ് വെച്ചിരിക്കുന്നത്. അവ വല്ലാതെ മുറുക്കി കെട്ടിയിരിക്കുകയല്ല. മറിച്ച് പ്രത്യേക മെക്കാനിസം ഉപയോഗിച്ച് അവയെ കൃത്യമായി ലോക്ക് ചെയ്തിരിക്കുകയാണ്. കുംഭ എന്ന കഥാപാത്രം അത്ര ലളിതമായ ഒന്നല്ല. വെറുമൊരു ചിത്രം കാണുന്നതിലൂടെ നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് ഈ വീൽചെയറിന്റെ പ്രാധാന്യം. ആ കഥാപാത്രത്തിന്റെ സ്വഭാവവും അയാളുടെ മനസ്സ് പ്രവർത്തിക്കുന്ന രീതിയും കണക്കിലെടുക്കുമ്പോൾ ഈ വീൽചെയർ അയാളുടെ വ്യക്തിത്വത്തിന്റെയും ചിന്തകളുടെയും ഒരു അവിഭാജ്യ ഘടകമായി മാറുന്നു.

ശാരീരികമായി തളർന്നിട്ടുണ്ടെങ്കിലും, അത്യന്തം അപകടകാരിയും ഭയാനകമായ രീതിയിൽ ചിന്തിക്കുന്നവനുമാണ് കുംഭ. വീൽചെയർ അയാളുടെ ചിന്തകളുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കഴിയില്ലെങ്കിലും, കുംഭ എന്ന കഥാപാത്രത്തിന് വെറുമൊരു ഉപകരണം മാത്രമല്ല ഈ വീൽചെയർ. മറിച്ച് അയാളുടെ തന്നെ ചിന്തകളുടെയും അസ്തിത്വത്തിന്റെയും ഒരു എക്സ്റ്റൻഷൻ കൂടിയാണത്’ പൃഥ്വിരാജ് പറയുന്നു.

സംവിധായകൻ രാജമൗലിയെ കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. ‘രാജമൗലി സാറിന്റെ സിനിമകളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, അദ്ദേഹത്തിന്റെ ചിത്രങ്ങൾ വലിയ വിഷ്വലുകൾക്കും ബ്രഹ്മാണ്ഡമായ സ്കെയിലിനും ഭാവനക്കും പേരുകേട്ടതാണെങ്കിലും, സിനിമ നിർമാണത്തിൽ അദ്ദേഹം ഏറ്റവും ലളിതമായ അടിസ്ഥാന പാഠങ്ങളാണ് പിന്തുടരുന്നത് എന്നാണ്. ഗിമ്മിക്ക് കാണിക്കുന്ന തരത്തിലുള്ള ഒരു ഷോട്ട് പോലും അദ്ദേഹം സെറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. കാമറ കൊണ്ടുള്ള അനാവശ്യ പ്രകടനങ്ങളോ സങ്കീർണ്ണമായ ട്രാക്ക് മൂവ്‌മെന്റുകളോ അദ്ദേഹം പരീക്ഷിക്കാറില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് സിനിമയുടെ അടിസ്ഥാന പാഠങ്ങളെ കുറിച്ചാണ്. ക്ലാസിക്കൽ ഫിലിം മേക്കിങ് ശരിയായ രീതിയിൽ ചെയ്യുന്നതിനെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നു. 

Tags:    
News Summary - Prithviraj on his character in Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.