ഐ.ജി ഗീത പ്രഭാകർ ഹാപ്പിയാണ്; ഞാനും ആവേശത്തിലാണ്, ദൃശ്യം 3 അമ്പരപ്പിക്കുമെന്ന് ആശ ശരത്

മോഹൻലാൽ നായകനായി എത്തുന്ന 'ദൃശ്യം 3' 2026 ഏപ്രിൽ 2ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദൃശ്യം പരമ്പരയിലെ അവസാന ഭാഗമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ആശ ശരത്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ആശ ശരത് ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

ആദ്യ രണ്ട് ഭാഗങ്ങളിലെപ്പോലെ അമ്പരപ്പിക്കുന്ന ഒരു ക്ലൈമാക്സ് മൂന്നാം ഭാഗത്തിലും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘തീർച്ചയായും. നമ്മളെയെല്ലാം അമ്പരപ്പിക്കേണ്ട ഒന്നാണല്ലോ അത്? സീറ്റിന്റെ അറ്റത്ത് നമ്മളെ ഇരുത്തിക്കുന്ന തരം സിനിമയാണിത്. ചിത്രം പൂർത്തിയായത് തനിക്ക് വലിയ സന്തോഷം നൽകുന്നുണ്ടെന്നും പ്രേക്ഷകർക്ക് ആവേശം നൽകുന്ന രീതിയിൽ തന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും’ ആശ ശരത് കൂട്ടിച്ചേർത്തു. തിരക്കഥ വായിക്കുമ്പോഴും അഭിനയിക്കുമ്പോഴും കാണുമ്പോഴും അത്രയേറെ ആശ്ചര്യമുണ്ടായിട്ടുണ്ട്. ഞാനും ഏപ്രിൽ രണ്ടിനുവേണ്ടി കാത്തിരിക്കുകയാണ് ആശ ശരത് പറഞ്ഞു.

ദൃശ്യത്തിന്റെ ആദ്യ രണ്ടുഭാഗങ്ങളിലും ആശ ശരത് അവതരിപ്പിച്ച ഐ.ജി ഗീത പ്രഭാകർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ എങ്ങനെ പര്യവസാനിക്കും എന്നതിനെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിന്റെ ആദ്യ രണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ദൃശ്യം 3 എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും, തന്റെ തിരക്കഥ അതൊന്നും ആയിരിക്കില്ലെന്ന് സംവിധായകൻ ഉറപ്പിച്ചു പറയുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ദൃശ്യം. റെക്കോർഡ് ഭേദിച്ച ബോക്സ് ഓഫീസ് റെക്കോഡുകൾക്കൊപ്പം അസാമാന്യ പ്രേക്ഷക പിന്തുണയാണ് സിനിമക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ. എന്നാൽ ഏതു ഭാഷയിലാകും ചിത്രം ആദ്യം റിലീസ് ചെയ്യുക എന്ന ആശങ്കയും പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം ജീത്തു ജോസഫ് പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Asha Sarath says Drishyam 3 will be surprising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.