മുംബൈയിലെ വീട്ടിനുള്ളിൽ വെച്ച് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റതും, ആശുപത്രിയിൽ ചികിത്സ തേടിയതും പിന്നീട് ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയതുമെല്ലാമാണ് ഏതാനും ദിവസമായി ബോളിവുഡിലെ സംസാര വിഷയം. എന്നാൽ, സാരമായി പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ദിവസങ്ങൾക്കകം നടൻ ആശുപത്രി വിട്ടതോടെ, സംഭവത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ചിലർ രംഗത്തെത്തി. ഇതോടെ ചർച്ചകൾ മറ്റൊരു രീതിയിലേക്കും നീങ്ങിയിരിക്കുകയാണ്. അതിനിടെ, സെയ്ഫ് അലി ഖാനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടി പൂജ ഭട്ട്.
നിങ്ങളുടെ ഗൂഢാലോചന തിയറികൾ അവസാനിപ്പിച്ച് സെയ്ഫ് അലി ഖാന്‍റെ മനോധൈര്യത്തെ അഭിനന്ദിക്കൂവെന്നാണ് പൂജ ഭട്ട് പറഞ്ഞത്. 'സെയ്ഫ് അലി ഖാൻ നേരിട്ട ആക്രമണത്തെ കുറിച്ച് പുറത്തുവന്ന വിവരണങ്ങൾ ഒരു വ്യത്യസ്ത ചിത്രമാണ് അത് കേൾക്കുന്നവർക്ക് നൽകിയത്. ആശുപത്രിയിൽ നിന്ന് സ്വയം നടന്ന് പോകുന്ന സെയ്ഫിന്‍റെ ദൃശ്യവുമായി ഇത് ഒത്തുപോകുന്നില്ലെന്നതാണ് പ്രശ്നം. സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത് ഗുരുതരമായ അവസ്ഥയിലായിരുന്നു. ആ സമയത്ത് സെയ്ഫിനൊപ്പം വന്നത് വീട്ടിലെ ഒരു ജോലിക്കാരനും എട്ട് വയസ്സുകാരനായ മകൻ തൈമൂറുമാണ്. ഇത്തരത്തിൽ പരിക്കേറ്റ ഒരാൾക്ക് ആശുപത്രിയിൽ സ്വയം പോകാൻ കഴിയുമെങ്കിൽ ദിവസങ്ങൾക്കകം സ്വന്തം കാലിൽ തിരികെ വീട്ടിലേക്ക് മടങ്ങാനും കഴിയും. ഗൂഢാലോചന തിയറികൾ മെനയുന്നതിന് പകരം സെയ്ഫിന്‍റെ മനോധൈര്യത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്' -പൂജ ഭട്ട് പറഞ്ഞു.
ജനുവരി 16ന് പുലര്‍ച്ചെ 2.30നാണ് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിൽവെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആറുതവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. സെയ്ഫ് അലി ഖാന്‍റെ നട്ടെല്ലിന് സമീപത്തുനിന്നും 2.5 ഇഞ്ച് നീളമുള്ള ബ്ലേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു എന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. കഴിഞ്ഞ ദിവസം താരം ആശുപത്രി വിട്ടിരുന്നു. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു നടൻ നടന്നുപോയത്. ഇതിന് പിന്നാലെയാണ് പലരും സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം മികച്ച തിരക്കഥയാണെന്നും നാടകമാണെന്നും ആക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ രംഗത്തുവന്നിരുന്നു. മുംബൈയിൽ ഹിന്ദു മഹോത്സവം റാലിയിൽ സംസാരിക്കവെയാണ് നിതീഷ് റാണെ സെയ്ഫ് അലി ഖാനെ രൂക്ഷമായി വിമർശിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് പോകുന്ന സെയ്ഫ് അലി ഖാനെ കണ്ടു. അപ്പോൾ അദ്ദേഹത്തിന് ശരിക്കും കുത്തേറ്റിരുന്നോ അതോ നാടകമായിരുന്നോ എന്ന് സംശയിച്ചുപോയി. നൃത്തം ചെയ്തുകൊണ്ടാണ് സെയ്ഫ് നടന്നത്. ശരീരത്തിൽ ആറുതവണ കുത്തേറ്റ ഒരാൾക്ക് ഇതുപോലെ നടക്കാൻ സാധിക്കുമോ? ഷാരൂഖ് ഖാനോ സെയ്ഫ് അലി ഖാനോ പരിക്കേൽക്കുമ്പോൾ എല്ലാവും അതെ കുറിച്ച് സംസാരിക്കുന്നു.-എന്നാണ് നിതീഷ് റാണെ പ്രതികരിച്ചത്.
കുത്തേറ്റ് ഗുരുതര പരുക്കേറ്റ നടന്‍ സെയ്‌ഫ് അലി ഖാന്‍ പൊടുന്നനെ സുഖം പ്രാപിച്ചതില്‍ സംശയം പ്രകടിപ്പിച്ച് ശിവസേന നേതാവ് സഞ്ജയ് നിരുപവും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.