മാധവനും മകനും
ഏഷ്യൻ ഗെയിംസിൽ തോൽവി, മകന് ധൈര്യം പകർന്ന് ആർ. മാധവൻ: ‘വിജയം ഹീറോ ആക്കും, പരാജയമാണ് മികച്ച അധ്യാപകൻ’
നടൻ ആർ. മാധവന്റെ മകനും ഇന്ത്യൻ നീന്തൽ താരവുമായ വേദാന്ത് മാധവന് ഏഷ്യൻ ഗെയിംസ് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഹീറ്റ്സിൽ 1:52.01 മിനിറ്റിൽ നീന്തിയെത്തിയ വേദാന്ത് സ്വന്തം ഹീറ്റിൽ ആറാം സ്ഥാനത്തും ആകെ റാങ്കിംഗിൽ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യ 10 സ്ഥാനക്കാർക്ക് ഫൈനലിലേക്ക് അവസരം ലഭിച്ചതോടെ വേദാന്ത് പുറത്താവുകയായിരുന്നു.
നിർണ്ണായക മത്സരങ്ങളിൽ ഫൈനൽ യോഗ്യത തലനാരിഴക്ക് നഷ്ടമായി പുറത്തുപോയ മകനെയും ടീമിനെയും നെഞ്ചോട് ചേർത്തുപിടിച്ച മാധവന്റെ ഈ വാക്കുകളാണ് ഇപ്പോൾ കായികലോകത്തും സോഷ്യൽ മീഡിയയിലും പ്രധാന ചർച്ചാവിഷയം. ഏഷ്യൻ ഗെയിംസ് അരങ്ങേറ്റത്തിൽ ഫൈനലിൽ എത്താനാകാതെ പോയ നിരാശ വേദാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് മകന് ധൈര്യമേകി മാധവൻ രംഗത്തെത്തിയത്. ഇന്ത്യൻ നീന്തൽ ടീമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ട്രെഷർ ഹണ്ടേഴ്‌സ് എന്ന ക്യാപ്ഷനോടെയാണ് മാധവൻ പോസ്റ്റ് പങ്കുവെച്ചത്.
വെറും 0.2 സെക്കൻഡിന്റെ വ്യത്യാസത്തിൽ ഫൈനൽ നഷ്ടമായതിനെക്കുറിച്ച് വേദാന്ത് പങ്കുവെച്ച പോസ്റ്റിന് പ്രാർത്ഥനയോടെ കൈകൂപ്പുന്ന ഇമോജി നൽകിയാണ് മാധവൻ മകന് പിന്തുണ അറിയിച്ചത്. ‘വിജയം നമ്മെ ഒരു സൂപ്പർ ഹീറോ ആക്കാം, എന്നാൽ പരാജയങ്ങൾ നമ്മെ കാര്യങ്ങൾ പഠിപ്പിക്കുന്ന ഏറ്റവും മികച്ച അധ്യാപകനാണ്. തോൽവി എന്നത് ഒരാളുടെ കഴിവില്ലായ്മയുടെ തെളിവല്ല, മറിച്ച് നമ്മുടെ സമീപനത്തിൽ വരുത്തേണ്ട തിരുത്തലുകളെക്കുറിച്ചുള്ള വ്യക്തമായ ഡാറ്റ മാത്രമാണ്’ എന്നാണ് മാധവൻ കുറിച്ചത്.
‘വേദാന്തിനൊപ്പം തന്നെ അവനേക്കാൾ മികച്ച പ്രതിഭയുള്ള നിരവധി നീന്തൽ താരങ്ങൾ ഇന്ത്യയിലുണ്ട്. പക്ഷേ, അവർ എന്റെ മകനല്ലാത്തതുകൊണ്ട് അവർക്ക് അത്രയധികം പ്രശസ്തി ലഭിക്കുന്നില്ല’ മാധവൻ മുമ്പ് പറഞ്ഞിരുന്നു. താൻ എവിടെപ്പോയാലും ആളുകൾ വേദാന്തിനെക്കുറിച്ച് സംസാരിക്കുന്നത് തന്റെ മകനായതുകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറയുന്നു.
‘ഞാൻ അവനോട് ഒരേയൊരു കാര്യമേ പറഞ്ഞിട്ടുള്ളൂ. 'സ്റ്റാർഡം എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ നിനക്കത് ലഭിച്ചു. അത് കൈകാര്യം ചെയ്യാനും ഉൾക്കൊള്ളാനും പഠിക്കുക. കാരണം പ്രശസ്തി വരികയും പോവുകയും ചെയ്യും, അത് ഒരിക്കലും നിന്റെ മാനസിക സമാധാനത്തെ ബാധിക്കരുത്’ എന്നാണ് മാധവൻ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.