സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു; വിടവാങ്ങിയത് കലയുടെ സൂര്യൻ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക-കലാ രംഗങ്ങൾക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ച് സാംസ്കാരിക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങി. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.

കോട്ടയത്ത് 1951 ഏപ്രിൽ 11നായിരുന്നു ജനനം. പരേതരായ പി.നടരാജ പിള്ളയുടെയും സി.സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ: രാജി. മക്കൾ: സീത (സിവിൽ സർവിസ്), ലക്ഷ്മണൻ. മരുമകൻ: ചന്ദൻ കുമാർ.

സംഗീത നാടക അക്കാദമിയുടെ ചെയർമാനായും സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനായും കേരളത്തിന്റെ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. 1972ൽ കൊല്ലം ടി.കെ.എം. കോളജ് ഓഫ് എൻജിനീയറിങിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം നേടിയ ശേഷം,  ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് 1977ൽ ലോകപ്രശസ്തമായ ‘സൂര്യ ഫെസ്റ്റിവൽ’ സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് സൂര്യ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചുപോരുന്നത്.

സിനിമയിലും തന്റെ സർഗ്ഗപാടവം തെളിയിച്ച അദ്ദേഹം, 2011ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഇന്ത്യൻ കോടതിമുറി നാടക ചിത്രമായ ‘മേൽവിലാസത്തിന്’ തിരക്കഥ രചിച്ചിണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്ന് തവണ സേവനമനുഷ്ഠിച്ചു. ഇന്ത്യാ നാഷണൽ ഫിലിം അവാർഡ് കമ്മിറ്റി, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, എൻ.എഫ്.ഡി.സി സ്ക്രിപ്റ്റ് കമ്മിറ്റി, ഇന്ത്യൻ പനോരമ ഫിലിംസ് തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.

ഇന്ത്യയുടെ സാംസ്കാരിക നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യാ സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ വിദഗ്ധ സമിതിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും അംഗമായി പ്രവർത്തിച്ചു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

1996: നാടക ശില്പകലയ്ക്കും സംവിധാനത്തിനുമുള്ള ഇന്ത്യൻ രാഷ്ട്രപതിയുടെ ദേശീയ അവാർഡ്

കേരളം, തമിഴ്‌നാട്, പുതുച്ചേരി സർക്കാരുകളുടെ പരമോന്നത ബഹുമതികൾ

2016: പ്രശസ്ത സംഗീതജ്ഞൻ അംജദ് അലി ഖാൻ അദ്ദേഹത്തെ പത്മ അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്തു

2023: കേരള സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന ബഹുമതിയായ ‘കേരള പ്രഭ’ അവാർഡ് നൽകി ആദരിച്ചു

2006-ൽ ജോൺ എബ്രഹാം അവാർഡുകളുടെയും പി. പത്മരാജൻ അവാർഡിന്റെയും ഫിലിം അവാർഡ് ജൂറി ചെയർമാൻ

Tags:    
News Summary - Soorya Krishnamoorthy passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.