ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം അമ്മയുടെ കഴുത്തിലണിയിച്ച് ധനുഷ്; "ഈ പുഞ്ചിരിക്ക് വേണ്ടിയാണ് എല്ലാം"

ചെന്നൈ: തന്റെ കരിയറിലെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം അമ്മ വിജയലക്ഷ്മിക്ക് സമർപ്പിച്ച് തമിഴ് നടൻ ധനുഷ്. സംവിധാന വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് 'രായൻ' എന്ന സിനിമയിലൂടെ നേടിയതിന് പിന്നാലെയാണ് ധനുഷ് ഈ വൈകാരിക നിമിഷം ആരാധകരുമായി പങ്കുവെച്ചത്. ഗുജറാത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിന് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ താരം, വീട്ടിലെത്തിയ ഉടൻ തന്നെ തനിക്ക് ലഭിച്ച അഭിമാനകരമായ ആ മെഡൽ അമ്മയുടെ കഴുത്തിൽ അണിയിക്കുകയായിരുന്നു. 'ഈ ഒരു പുഞ്ചിരിക്ക് വേണ്ടിയാണ് ഇതെല്ലാം" എന്ന ഹൃദ്യമായ കുറിപ്പോടെ മെഡലണിഞ്ഞിരിക്കുന്ന അമ്മയുടെ ചിത്രവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

തന്റെ അമ്മ വിജയലക്ഷ്മിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ധനുഷ്. അമ്മയുടെ കഴുത്തിൽ മെഡലുമായി സന്തോഷത്തോടെയിരിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ മൃണാൾ താക്കൂർ, ഖുശ്ബു സുന്ദർ, കനിക ധില്ലൻ തുടങ്ങി നിരവധി പ്രമുഖരാണ് ധനുഷിനെയും അമ്മയെയും അഭിനന്ദിച്ചുകൊണ്ട് കമന്റുകളുമായെത്തിയത്. ഒരു യഥാർത്ഥ മകൻ ആദ്യം അമ്മയെയാണ് ആദരിക്കുന്നത് എന്ന തരത്തിലുള്ള ആരാധകരുടെ കമന്റുകളും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

2011-ൽ 'ആടുകളം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷ് ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് സ്വന്തമാക്കുന്നത്. പിന്നീട് നിർമ,താവെന്ന നിലയിലും നടനെന്ന നിലയിലും നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 2015ൽ അദ്ദേഹം നിർമ്മിച്ച 'കാക്ക മുട്ടൈ' മികച്ച ബാലചിത്രത്തിനുള്ള അവാർഡും, 2016ൽ നിർമിച്ച 'വിസാരണൈ' മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡും നേടി. തുടർന്ന് 2021ൽ 'അസുരൻ' എന്ന ചിത്രത്തിലൂടെ വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ഒടുവിൽ, താൻ സംവിധാനം ചെയ്ത 'രായൻ' മികച്ച തമിഴ് ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യമായി സംവിധാനത്തിനുള്ള ദേശീയ അംഗീകാരവും ധനുഷിനെ തേടിയെത്തി. കൂടാതെ 'ക്യാപ്റ്റൻ മില്ലർ' സിനിമയിലെ പ്രകടനത്തിന് പ്രത്യേക പരാമർശവും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

അവാർഡുകൾ പ്രഖ്യാപിച്ച സമയത്ത് ചില ചിത്രങ്ങളുടെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തന്റെ ആരാധകരുടെയും പ്രേക്ഷകരുടെയും പിന്തുണക്ക് താരം എപ്പോഴും നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്. 'കരാ' എന്ന ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. നിലവിൽ 'ഓം', 'തമിഴ് മുരുകൻ' തുടങ്ങിയ പുതിയ സിനിമകളുടെ തിരക്കുകളിലാണ് താരം.  

Tags:    
News Summary - Dhanush makes mom Vijayalakshmi wear his 1st National Award medal for direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.