സൂ​ര്യ കൃ​ഷ്ണ​മ​ർ​ത്തി

വിസ്മയമായി ‘സൂര്യ’; സാംസ്കാരിക തലസ്ഥാനത്തെ അടയാളപ്പെടുത്തി ലോകനെറുകയിലേക്ക്

തിരുവനന്തപുരം: കലയുടെയും സംസ്കാരത്തിന്‍റെയും വഴിയിലൂടെ ലോകജനതയിലേക്ക് തലസ്ഥാനത്തെ അടയാളപ്പെടുത്തിയ സൂര്യ കൃഷ്ണമർത്തി എന്ന പ്രതിഭ വിസ്മൃതിലേക്ക് മറയുമ്പോൾ, സമർപ്പിതനായ ഒരു കലാകാരൻ കൂടി സാംസ്കാരിക കേരളത്തിന് ശൂന്യമാവുകയാണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ നിന്ന് സ്വമേധയാ വിരമിച്ച് സാംസ്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ അതൊരു പുതിയ സാംസ്കാരിക പുലരിക്ക് തുടക്കമായി. ഏഷ്യയിലെ ഏറ്റവും വലിയ സാംസ്കാരിക സമൂഹവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേന്ദ്രവുമായി സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി അദ്ദേഹം സ്ഥാപിച്ചു.

സിംഗപ്പൂർ, മലേഷ്യ, ലണ്ടൻ (യു.കെ), മാഞ്ചസ്റ്റർ (യു.കെ), സൂറിച്ച് (സ്വിറ്റ്സർലൻഡ്), വിയന്ന (ഓസ്ട്രിയ), റോം (ഇറ്റലി), കോൾൺ (ജർമ്മനി), ഡബ്ലിൻ (അയർലൻഡ്), ബഹ്‌റൈൻ, കുവൈറ്റ്, അബൂദബി, ദുബൈ, മാസ്കത്ത്, ദോഹ, സൗദി അറേബ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളിൽ സൂര്യ സൊസൈറ്റിക്ക് ശൃംഖലകളും ഉണ്ടായി. ഇന്ത്യൻ സംസ്കാരത്തെ ലോകമെമ്പാടും പ്രചരിപ്പിക്കുകയും ‘സംസ്കാരത്തിലൂടെ സംയോജനം’കൈവരിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമായി അദ്ദേഹം സൂര്യയെ കണ്ടത്. കലയുടെയും സംസ്കാരത്തിന്റെയും വ്യാപനത്തിനായുള്ള സൂര്യയുടെ പ്രതിബദ്ധ തയാണ് സൂര്യ കൃഷ്ണമൂർത്തി എന്ന അതികായനിലൂടെ സമൂഹം അറിഞ്ഞതും.

സൂര്യ സംഗീതോത്സവം , സൂര്യ നൃത്തോത്സവം, സൂര്യനാടകോത്സവം, സൂര്യ ടോക്ഷോ, സൂര്യ ഫിലിം ഫെസ്റ്റിവെൽ തുടങ്ങി സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി കേരളത്തിൽ 75 ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവൽ ആണ് തുടക്കം. അതിപ്പോൾ 111 ദിവസം സംഘടിപ്പിക്കുന്ന അതിബൃഹ്ദ്ത്തായ കലാ- സാംസ്കാരിക പരിപാടിയായി മാറി. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമാണിത്. നല്ല സിനിമ കൾ പ്രദർശിപ്പിക്കുക, പ്രമുഖ ചലച്ചിത്ര സംവിധായകരുടെ പിന്നാമ്പുറ കാഴ്ചകൾ അവതരിപ്പിക്കുക, സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ സംഘടിപ്പിക്കുക എന്നിവ സൂര്യയുടെ പ്രധാന ഇനങ്ങളാണ്.

കൂടാതെ, ക്ലാസിക് സംഗീത, നൃത്ത സമ്മേളനങ്ങൾ, നാടക പ്രദർശനങ്ങൾ, ചിത്രരചന, ഫോട്ടോഗ്രാഫി, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശനം തുടങ്ങിയവയും എടുത്തുപറയണം. ബഹുജന അവബോധത്തെക്കുറിച്ചുള്ള നിരവധി സ്റ്റേജ് ഷോകളും സൃദയമനസുകളിലേക്ക് സൂര്യ എത്തിച്ചു. വിവിധ മേഖലകളിലുള്ള നിരവധി പുതിയ കലാകാരന്മാരെ സൂര്യ പരിചയപ്പെടുത്തി.

മലയാളത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോക്ക് സൂര്യ കൃഷ്ണമൂർത്തി പതിപ്പിച്ച പുതിയമുഖം കലാകേരള ത്തിന് വിസ്മമയമായി മാറിയിട്ടുണ്ട്. ആദ്യത്തെ മൊബൈൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉപജ്ഞാതാവ് കൂടിയായിരുന്നു അദ്ദേഹം. മൂന്നര പതിറ്റാണ്ടുമുമ്പ് അദ്ദേഹം ‘തിയേറ്റർ ഓഫ് ഫ്രീഡം’എന്ന പേരിൽ ഒരു പുതിയ നാടക കലാരൂപവും ആരംഭിച്ചു. ഗണേശ ശേഖരമാണ് സൂര്യ കൃഷ്ണമൂർത്തിയുടെ ഹോബി. തിരുവിതാംകൂർ മഹാരാജാവ് സമ്മാനിച്ച മൂന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗണേശൻ ഉൾപ്പെടെ ആയിരത്തോളം വിഗ്രഹങ്ങളും ഗണേശന്റെ ചിത്രങ്ങളും അദ്ദേഹത്തിനുണ്ട്.

നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെയും ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്റേഷൻ, 2006-ൽ ജോൺ എബ്രഹാം ഫിലിം അവാർഡ് ജൂറി, പി. പത്മരാജൻ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് എന്നിവയുടെ ജൂറിയുടെ ചെയർമാനായി അദ്ദേഹം നിയമിതനായി. ഇതിനുപുറമെ, ദേശീയ ചലച്ചിത്ര അവാർഡ് ജൂറി, എൻ.‌എഫ്‌.ഡി‌.സി സ്ക്രിപ്റ്റ് കമ്മിറ്റി, ദൂരദർശൻ ഉപദേശക സമിതി, ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ വിദഗ്ദ്ധ സമിതി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലും അദ്ദേഹം അംഗമായിരുന്നു.

സ്റ്റാറായ സ്റ്റേജ് ഷോകൾ

നിരവധി സ്റ്റേജ് ഷോകൾ അദ്ദേഹത്തിന്‍റെ കലാസപര്യയിൽ നിന്ന് കലാലോകത്തിന് നൽകി. അവക്ക് തിരക്കഥയും, നൃത്തസംവിധാനവും, സംവിധാനവും അദ്ദേഹം നിർവഹിച്ചു. 7000 കലാകാരന്മാർ പങ്കെടുത്ത 1988ലെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ്, 3000 കലാകാരന്മാർ പങ്കെടുത്ത 1988ലെ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ്, 1996ലെ അന്താരാഷ്ട്ര വീഡിയോ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങ്, 1997ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികാഘോഷം, 1997ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങുകളും സാംസ്കാരിക പരിപാടികൾ, 1998ലെ സമാപന ചടങ്ങുകളും സാംസ്കാരിക പരിപാടികൾ, ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേള, ദക്ഷിണാഫ്രിക്കൻ ദേശീയ ദിനവും നെൽസൺ മണ്ടേലയുടെ ജന്മദിനാഘോഷങ്ങൾ എന്നിവ അവയിൽപ്പെടുന്നു.

2001ൽ മലയാള ചലച്ചിത്ര സംഗീതത്തിലെ ഏഴ് മഹാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന 1000 കലാകാരന്മാർ പങ്കെടുക്കുന്ന ‘ഗീതമഞ്ജരി’എന്ന വലിയ ഷോ, 2005 ൽ കൈരളി ടി.വിയുടെ ‘പീപ്പിൾ ന്യൂസ് ചാനലിന്റെ’ഉദ്ഘാടന ചടങ്ങിനായി ‘ഇംപ്രഷൻസ്’എന്ന മെഗാ സ്റ്റേജ് ഷോ, 2005 ൽ കൊച്ചിയിൽ സംഘടിപ്പിച്ച കേരളത്തിലെ 200 നാടോടി കലാകാരന്മാർ പങ്കെടുക്കുന്ന ‘ഇൻക്രെഡിബിൾ കേരള’എന്ന മെഗാ സ്റ്റേജ് ഷോ, സർക്കാറിന്റെ വ്യവസായ വകുപ്പ് 2005-ൽ കേരള പിറവി വർഷത്തിലെ മൾട്ടി സ്റ്റാർ, മൾട്ടി ലെവൽ, മൾട്ടി മീഡിയ സ്റ്റേജ് ഷോ ‘ചലനം’, 2006-ൽ എം.ടി. വാസുദേവൻ നായർക്കും ഇന്ത്യാവിഷൻ ടെലിവിഷനും വേണ്ടി സംഗീത ഇതിഹാസങ്ങളായ നൗഷാദ്, ബാബുരാജ് എന്നിവരെക്കുറിച്ചുള്ള മെഗാ സ്റ്റേജ് ഷോ ‘ഉപാഹാരം’, 300 നാടോടി കലാകാരന്മാർ പങ്കെടുക്കുന്ന മെഗാ സ്റ്റേജ് ഷോ ‘നാട്ടരുകലുകൾ’, കെ. രാഘവൻ മാസ്റ്ററുടെ ചലച്ചിത്ര സംഗീതത്തിലൂടെയും അദ്ദേഹത്തെ സ്വാധീനിച്ച കേരളത്തിലെ പുരാതന കലകളിലൂടെയും ഒരു യാത്ര, ഭാരത് ടെലിവിഷൻ ചാനലിന്റെ ഉദ്ഘാടനത്തിനായുള്ള ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മെഗാ ഷോ ‘നമസ്തേ 2006’..... അങ്ങനെ വിസ്മയങ്ങളുടെ മൂർത്തീഭാവമായി സൂര്യ കൃഷ്ണമൂർത്തി. 

Tags:    
News Summary - Surya Krishnamoorthy Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.