അവാർഡ് മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ച് മമ്മൂട്ടി; വിമാനത്താവളത്തിൽ വൻ സ്വീകരണം

നെടുമ്പാശ്ശേരി: മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സ്വീകരിച്ചശേഷം തിരിച്ചെത്തിയ മമ്മൂട്ടിക്ക് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ബുധനാഴ്ച രാത്രി 9.30ഓടെ ഇൻഡിഗോ വിമാനത്തിൽ വഡോദരയിൽനിന്നാണ് മമ്മൂട്ടി എത്തിയത്. സി.പി.എം ജില്ല സെക്രട്ടറി എസ്. സതീഷ്, ബി.ജെ.പി സംസ്ഥാന സമിതിയംഗം സി.ജി. രാജഗോപാൽ, നിർമാതാവ് ആന്റോ ജോസഫ് തുടങ്ങിയവർ മമ്മൂട്ടിയെ സ്വീകരിക്കാൻ എത്തിയിരുന്നു. നിരവധി ആരാധകരും വിമാനത്താവളത്തിലെത്തി.

അവാർഡ് മലയാളി പ്രേക്ഷകർക്ക് സമർപ്പിക്കുന്നതായി മമ്മൂട്ടി പറഞ്ഞു. ‘പദയാത്ര’ സിനിമക്ക് അവാർഡ് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അവാർഡ് പ്രതീക്ഷിച്ചല്ല ഒന്നും ചെയ്യുന്നത് എന്നായിരുന്നു മറുപടി. പുതുതലമുറ നടന്മാരോടൊപ്പമാണല്ലോ അഭിനയിക്കുന്നതും അവാർഡ് നേടുന്നതും എന്ന്​ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ആരാണ് പുതിയ തലമുറ നടൻ എന്നും നമ്മളൊക്കെ ഈ തലമുറയിലുള്ളവരാണല്ലോ എന്നും മമ്മൂട്ടി പ്രതികരിച്ചു.

‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചത്. ഗുജറാത്തിലെ ഏക്താ നഗറിൽ വെച്ചുനടന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം അവാർഡ് സ്വീകരിച്ചത്. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കൊപ്പം പങ്കിട്ടു.

മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരമാണിത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഈ പരമോന്നത അംഗീകാരം അദ്ദേഹത്തെ തേടിയെത്തുന്നത്. 1990-ൽ മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലൂടെ ആദ്യമായി പുരസ്കാരം നേടിയ അദ്ദേഹം, പിന്നീട് 1994-ൽ പൊന്തൻ മാട, വിധേയൻ എന്നിവക്കും 1999-ൽ ഡോ. ബാബാസാഹെബ് അംബേദ്കറിനും ഈ നേട്ടം ആവർത്തിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.