ഷാരൂഖ് ഖാൻ

ബച്ചനും സൽമാനും ഹൃത്വിക്കും ഒന്നിച്ചാലും കിംഗ് ഖാനെ തൊടാനാകില്ല; സമ്പത്തിലും ഒരേയൊരു ബാദ്ഷാ!

മുംബൈ: ഇന്ത്യൻ ചലച്ചിത്ര താരങ്ങളിൽ ഏറ്റവും സമ്പന്നൻ എന്ന പദവി നിലനിർത്തി ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ. ഏറ്റവും പുതിയ 'ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026' പ്രകാരം 10,000 കോടി രൂപയുടെ ആസ്തിയോടെയാണ് ഷാരൂഖ് ഒന്നാമതെത്തിയത്. ലിസ്റ്റിൽ ഷാരൂഖിന് തൊട്ടുപിന്നിലുള്ള അമിതാഭ് ബച്ചൻ (₹4,000 കോടി), സൽമാൻ ഖാൻ (₹3,000 കോടി), ഹൃത്വിക് റോഷൻ (₹2,500 കോടി) എന്നീ മൂന്ന് മുൻനിര താരങ്ങളുടെ ആകെ സമ്പത്ത് കൂട്ടിവെച്ചാലും (₹9,500 കോടി) ഷാരൂഖിന്റെ ആസ്തിയേക്കാൾ 500 കോടി രൂപ കുറവാണ്.

2025-ലെ ഹുറുൺ പട്ടികയിലെ 12,490 കോടി രൂപയിൽ നിന്ന് ഷാരൂഖിന്റെ ആസ്തിയിൽ ഏകദേശം 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഒന്നാം സ്ഥാനത്ത് ഇളക്കം തട്ടിയിട്ടില്ല. സിനിമാ നിർമാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പെടുന്ന നൈറ്റ് റൈഡേഴ്സ് സ്പോർട്സ് എന്നിവയിലെ ഓഹരി പങ്കാളിത്തവും ഷാരൂഖിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നു. 2023-ൽ 'പത്താൻ', 'ജവാൻ', 'ഡങ്കി' എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ബിഗ് സ്ക്രീനിൽ നിന്ന് വിട്ടുനിൽക്കുന്ന ഷാരൂഖിന്റെ അടുത്ത ചിത്രം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' ആണ്. മകൾ സുഹാന ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബർ 24-ന് തിയേറ്ററുകളിലെത്തും.

അതേസമയം, 83-കാരനായ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ ആസ്തിയിൽ വൻ കുതിപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025-ൽ 1,630 കോടി രൂപയായിരുന്ന ബച്ചന്റെ സമ്പത്ത് ഇത്തവണ 4,000 കോടി രൂപയായി കുത്തനെ ഉയർന്നു. ഫാമിലി ഓഫീസ് വഴിയുള്ള വൻകിട നിക്ഷേപങ്ങളും റിയൽ എസ്റ്റേറ്റ് ആസ്തികളുമാണ് ബച്ചന് നേട്ടമായത്. 3,000 കോടി രൂപയുടെ സമ്പാദ്യവുമായി സൂപ്പർതാരം സൽമാൻ ഖാൻ ഇതാദ്യമായി ഹുറുൺ റിച്ച് ലിസ്റ്റിലേക്ക് കടന്നുവന്ന് മൂന്നാമതെത്തി. സ്വന്തം ഫിറ്റ്നസ്-ലൈഫ്സ്റ്റൈൽ ബ്രാൻഡായ 'എച്ച്.ആർ.എക്സ്'-ന്റെ വിപണി മുന്നേറ്റത്തിന്റെ കരുത്തിൽ ഹൃത്വിക് റോഷൻ ആസ്തി 2,160 കോടിയിൽ നിന്ന് 2,500 കോടിയായി വർദ്ധിപ്പിച്ച് നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ ലിസ്റ്റിൽ തിളങ്ങിയ നടി ജൂഹി ചൗള (2025-ൽ ₹7,790 കോടി), നിർമാതാവ് കരൺ ജോഹർ (₹1,880 കോടി) എന്നിവർ ഇത്തവണ 2026-ലെ പട്ടികയിൽ ഇടംപിടിച്ചില്ല.

Tags:    
News Summary - Bollywood superstar Shah Rukh Khan, named the richest Indian actor in Hurun India Rich List 2026.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.