തിലകനും മമ്മൂട്ടിയും
‘ഓർമ്മപ്പൂക്കൾ’; തിലകന്‍റെ ഓർമകളിൽ മമ്മൂട്ടി
മലയാളത്തിന്റെ മഹാനടൻ തിലകൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 14 വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ "ഓർമ്മപ്പൂക്കൾ" എന്ന് കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു മമ്മൂട്ടി-തിലകൻ. ഒരുമിച്ച് നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചവരാണ് ഇരുവരും. എന്നാൽ ഇതിനിടയിൽ ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളും ഉണ്ടായിരുന്നു.
ആ പിണക്കത്തിന് താൻ നേരിട്ട് സാക്ഷിയായ കഥ ഇപ്പോൾ പങ്കുവെക്കുകയാണ് തിലകന്റെ മകൻ ഷോബി തിലകൻ. തച്ചിലേടത്ത് ചുണ്ടൻ സിനിമയുടെ ലൊക്കേഷനിൽ ഞാനും അച്ഛനൊപ്പം ഉണ്ടായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ മമ്മൂക്കയും അച്ഛനും തമ്മിൽ വഴക്കായിരുന്നു. ഒരു കാര്യമുള്ള കാര്യത്തിനല്ല, വെറുതെയാണ്. സൗന്ദര്യപ്പിണക്കം എന്ന് പറയാം. രണ്ടാളും ഒരേ സ്വഭാവക്കാരാണ്. അങ്ങനെ ഉള്ളവർ ഒരുമിച്ച കഥാപാത്രങ്ങളായി വരുമ്പോഴുണ്ടാകുന്നതാണ്.
എന്തോ ഒരു ആത്മസംതൃപ്തിക്ക് വേണ്ടിയാണ് രണ്ടു പേരും വഴക്ക് കൂടുന്നതെന്നും, രണ്ടു മണിക്കൂറിനുള്ളിൽ തീരുന്ന വഴക്കായിരുന്നു അതെന്നും ചിരിയോടെയാണ് താൻ അത് കണ്ടുനിന്നതെന്നും ഷോബി പറയുന്നു. തച്ചിലേടത്ത് ചുണ്ടന് ശേഷം ഒരുമിച്ച് ചെയ്യാനിരുന്ന മൂന്ന് ചിത്രങ്ങളിൽ നിന്ന് പിന്മാറാൻ വരെ തിലകൻ തയാറായിരുന്നുവെന്നും ഷോബി വെളിപ്പെടുത്തി. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അഡ്വാൻസ് തിരികെ നൽകാമെന്നും പറഞ്ഞ് നിർമാതാക്കളെ വിളിച്ചിരുന്നു. പിന്നീട് മമ്മൂട്ടി നേരിട്ട് വിളിച്ച് സംസാരിച്ചതോടെയാണ് പ്രശ്നങ്ങൾ തീർന്നത്.
തിലകനും 'അമ്മ' സംഘടനയും തമ്മിൽ വലിയ പ്രശ്നങ്ങൾ നടക്കുന്ന സമയത്താണ് ഉസ്താദ് ഹോട്ടലിലേക്ക് തിലകനെ കാസ്റ്റ് ചെയ്തത്. അതിന് പിന്നിൽ മമ്മൂട്ടിയുടെ പിന്തുണ ഉണ്ടായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് ഷോബി പറയുന്നു. ദുൽഖർ എന്ന തുടക്കക്കാരന് തിലകനെപ്പോലെ സീനിയറായ ഒരു നടനൊപ്പം അഭിനയിക്കുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജിക്ക് വേണ്ടിയാണ് അച്ഛനെ ആ ചിത്രത്തിലേക്ക് കൊണ്ടുവന്നത്.
ഒരു സീരിയസ് പ്രശ്നം മനസിൽ വെച്ച് നടക്കുന്ന ആളായി ഒരിക്കലും മമ്മൂക്കയെ കണ്ടിട്ടില്ലെന്നും, പറയാനുള്ളത് തുറന്നുപറയുന്ന ആളാണ് അദ്ദേഹമെന്നും ഷോബി കൂട്ടിച്ചേർത്തു. തിലകൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ മമ്മൂട്ടിയും ദുൽഖറും ഒരുമിച്ച് കാണാൻ വന്നിരുന്നതും ഷോബി ഓർമിച്ചു.വഴക്കുകളും പിണക്കങ്ങളും ഉണ്ടായിരുന്നെങ്കിലും ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന സൗഹൃദമായിരുന്നു അവരുടേതെന്ന് മമ്മൂട്ടിയുടെ ഇന്നത്തെ 'ഓർമ്മപ്പൂക്കൾ' എന്ന ഒറ്റവാക്ക് തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.