'ഇന്ത്യയിലെ ഭൂരിഭാഗം പ്രേക്ഷകരും ഏറ്റെടുത്ത സിനിമയെ വെറും പ്രൊപ്പഗണ്ട ചിത്രമായി മുദ്ര കുത്തുന്നതിൽ അർഥമില്ല'; ധുരന്ധറിന് അനുകൂല വാദവുമായി പ്രിയദർശൻ

റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ റെക്കോഡ് കലക്ഷൻ നേടി മുന്നേറുകയാണ് ധുരന്ധർ: ദി റിവഞ്ച്. ചിത്രത്തിന്‍റെ ഒന്നാം ഭാഗത്തിൽ പറഞ്ഞുവെച്ചതിനു തുടർച്ചയായി, ധുരന്ധർ ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വിവാദ പരാമർശങ്ങൾ ഉയരുന്നുണ്ട്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രിയദർശൻ.

ഇന്ത്യയിലെ ഭൂരിഭാഗം പ്രേക്ഷകരും ഏറ്റെടുത്ത സിനിമയെ വെറും പ്രൊപ്പഗണ്ട രീതിയിൽ മുദ്ര കുത്തുന്നതിൽ അർഥമില്ലെന്നാണ് വിഷയത്തിൽ പ്രിയദർശന്റെ വാദം. തന്റെ ശിഷ്യൻ കൂടിയായ സംവിധായകൻ ആദിത്യ ധർന് പിന്തുണയുമായാണ് പ്രിയദർശൻ രംഗത്തെത്തിയിരിക്കുന്നത്. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം വിവാദത്തിൽ പ്രതികരിച്ചത്.

'ആദിത്യ വളരെ നിരാശനായിരുന്നു. പക്ഷേ, എന്നോടൊപ്പം ജോലി ചെയ്യാൻ തുടങ്ങുന്നത് വരെ അദ്ദേഹം അത് പറഞ്ഞിരുന്നില്ല. എത്രമാത്രം നിരാശനായിരുന്നുവെന്നും അവൻ എങ്ങനെയാണ് സിനിമയിലേക്ക് വരാൻ തീരുമാനിച്ചതെന്നും പിന്നീടാണ് പങ്കുവെക്കുന്നത്. സ്വന്തം മക്കളും ശിഷ്യന്മാരും ജീവിതത്തിൽ ഉയരങ്ങളിലെത്തുന്നത് കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം. അതിനാൽ, ആദിത്യയുടെ വിജയത്തിൽ എനിക്ക് വലിയ അഭിമാനമുണ്ട്' പ്രിയദർശൻ പറഞ്ഞു.

ധുരന്ധർ 2 പ്രൊപ്പഗണ്ട സിനിമയാണെന്ന ആരോപണങ്ങളെ പ്രിയദർശൻ എതിർക്കുന്നു. ഇവിടെ പ്രൊപ്പഗണ്ട എന്നൊന്നില്ല, ജനങ്ങൾക്ക് മുന്നിൽ സത്യം എത്തിക്കുക മാത്രമാണ് ചെയ്യുന്നത് എന്നാണ് പ്രിയദർശൻ പറയുന്നത്. ഇന്ത്യ മുഴുവൻ ആ സിനിമയെ ഏറ്റെടുത്തപ്പോൾ മറ്റു ചിലരുടെ അഭിപ്രായങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളതെന്നും ഇന്ത്യ അത് കണ്ട് അംഗീകരിച്ച് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

രൺവീർ സിങ് നായകനായെത്തുന്ന ചിത്രത്തിൽ സാറ അർജുനാണ് നായിക. അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കറാച്ചിയിലെ ലിയാരിയുടെ പശ്ചാത്തലത്തിൽ ഒരു ഭീകര ശൃംഖലയെ തകർക്കാൻ ഒരു ഇന്ത്യൻ ചാരൻ പാക്കിസ്ഥാനിലേക്ക് നുഴഞ്ഞുകയറുന്നത് ഇതിവൃതമാക്കിയുള്ള ചിത്രമാണിത്. ആഗോളതലത്തിൽ ചിത്രം 1,200 കോടി രൂപ കടന്നതായാണ് റിപ്പോർട്ടുകൾ.

അക്ഷയ് കുമാർ നായകനാകുന്ന 'ഭൂത് ബംഗ്ല' എന്ന ചിത്രത്തിന്റെ റിലീസ് ഒരുക്കത്തിലാണ് പ്രിയദർശൻ. പരേഷ് റാവൽ, തബു, രാജ്പാൽ യാദവ്, വാമിക ഗബ്ബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ 10നാണ് ഈ ഹൊറർ കോമഡി ചിത്രം തിയറ്ററുകളിലെത്തുന്നത്. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന 'ഹൈവാൻ' എന്ന ചിത്രവും പ്രിയദർശൻ അണിയറയിൽ ഒരുക്കുന്നുണ്ട്. മലയാള ചിത്രം ‘ഒപ്പ’ത്തിന്‍റെ ഹിന്ദി പതിപ്പാണിത്.

Tags:    
News Summary - Priyadarshan on Dhurandhar 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.