'അമ്മയുടെ ശസ്ത്രക്രിയക്കുള്ള പണത്തിനുവേണ്ടിയല്ലേ, അബ്ബാ അയാളോട് ക്ഷമിക്കൂ...'; സെയ്ഫ് അലി ഖാന്‍റെ അക്രമിക്ക് ക്ഷമ നൽകാൻ ആവശ്യപ്പെട്ട് മകൻ തൈമൂർ

2025 ജനുവരിയിൽ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് തനിക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ആക്രമിക്ക് മാപ്പുനൽകണമെന്ന് മകൻ തൈമൂർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി നടൻ സെയ്ഫ് അലി ഖാൻറെ ഭാര്യയും നടിയുമായ കരീന കപൂർ ഖാൻ വെളിപ്പെടുത്തി. അടുത്തിടെ നൽകിയ ഒരു ഓൺലൈൻ അഭിമുഖത്തിലാണ് കരീന തന്‍റെ കുടുംബ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ അധ്യായത്തെക്കുറിച്ച് മനസ് തുറന്നത്.

ഈ ആക്രമണത്തിൽ തനിക്ക് നീതി ലഭിച്ചോ എന്ന ചോദ്യം ഏറെ സങ്കീർണ്ണമാണെന്നും സെയ്ഫിന് കടുത്ത ശാരീരികവും മാനസികവുമായ വേദനയാണ് ഈ സംഭവം സമ്മാനിച്ചതെന്നും കരീന പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങൾ അറിഞ്ഞപ്പോഴാണ് തൻറെ മകൻ തൈമൂർ സെയ്ഫിനോട് "അബ്ബാ, അദ്ദേഹത്തിന് മാപ്പ് നൽകൂ" എന്ന് ആവശ്യപ്പെട്ടതെന്ന് കരീന വ്യക്തമാക്കി.

സംഭവദിവസം വീട്ടിലെത്തിയ പൊലീസുകാരിൽ ഒരാളാണ് അക്രമിയുടെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് കുടുംബത്തോട് പറഞ്ഞത്. തൻറെ അമ്മയുടെ ശസ്ത്രക്രിയക്കായി പണം കണ്ടെത്താനാണ് താൻ വന്നതെന്നും ഏകദേശം ഒരു കോടി രൂപ ആവശ്യമുണ്ടായിരുന്നുവെന്നുമാണ് ആക്രമി പൊലീസിനോട് സമ്മതിച്ചത്. അക്രമിയുടെ കുടുംബപരമായ ദയനീയ സാഹചര്യങ്ങളെക്കുറിച്ചറിഞ്ഞപ്പോഴാണ് തൈമൂർ സെയ്ഫിനോട് ക്ഷമ നൽകാൻ പറഞ്ഞതെന്ന് കരീന കൂട്ടിച്ചേർത്തു.

2025 ജനുവരി 16-ൻറെ പുലർച്ചെയായിരുന്നു സെയ്ഫ് അലി ഖാന് നേരെ ആക്രമണമുണ്ടായത്. കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നടന് കുത്തേറ്റത്. നട്ടെല്ലിന് സമീപത്ത് ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ ശരീഫുൽ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിൻറെ പിടിയിലായത്.

ആക്രമണത്തെക്കുറിച്ച് മുമ്പ് സംസാരിച്ച സെയ്ഫ് അലി ഖാനും തനിക്ക് ആ വ്യക്തിയോട് യാതൊരു വിദ്വേഷവുമില്ലെന്നും താൻ അദ്ദേഹത്തിന് മാപ്പ് നൽകാൻ തയാറാണെന്നും വ്യക്തമാക്കിയിരുന്നു. സമൂഹത്തിലെ സാമ്പത്തിക അസമത്വമാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് കാരണമെന്നും തൻറെ അമ്മയെ രക്ഷിക്കാൻ പണം തേടി പരക്കംപാഞ്ഞ ആ മനുഷ്യൻറെ അവസ്ഥയോട് തനിക്ക് അനുകമ്പയേ ഉള്ളൂവെന്നും സെയ്ഫ് അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Taimur told Saif Ali Khan to forgive his attacker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.