ജേസൺ, വിജയ്
‘അച്ഛൻ എനിക്ക് തന്നത് അദ്ദേഹത്തിന്‍റെ ആരാധകരെയാണ്, അവർ എന്‍റെ കൂടെയുണ്ട്’; സിഗ്മയെക്കുറിച്ച് വിജയ്‌യുടെ മകൻ ജേസൺ
വിജയ്‌യുടെ മകനായിട്ടല്ല, ഒരു സംവിധായകനായി തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്ന് തെളിയിക്കുകയാണ് ജേസൺ സഞ്ജയ്. നടനും തമിഴകത്തിന്റെ മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'സിഗ്മ' തിയറ്ററുകളിലേക്ക് എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, തന്റെ അച്ഛനെക്കുറിച്ചും സിനിമയെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഈ യുവ സംവിധായകൻ.
സുന്ദീപ് കിഷനും ഫാരിയ അബ്ദുള്ളയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'സിഗ്മ'യുടെ പ്രമോഷൻ തിരക്കുകളിലാണ് ജേസൺ. ചിത്രത്തിന്റെ ഓഡിയോ, ട്രെയിലർ ലോഞ്ച് ചെന്നൈയിൽ വെച്ച് ഗംഭീരമായി നടന്നു. വിജയ് പ്രമോഷൻ പരിപാടികൾക്ക് എത്തുമോ എന്ന ചോദ്യത്തിന് വളരെ പക്വതയോടെയാണ് ജേസൺ മറുപടി നൽകിയത്.
‘അച്ഛൻ പ്രമോഷന് വരേണ്ടതില്ല’ എന്റെ സിനിമയുടെ റിലീസിനായി അച്ഛൻ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. പക്ഷെ അദ്ദേഹം പ്രമോഷന് വരേണ്ട ആവശ്യമില്ല. അദ്ദേഹം വരുകയുമില്ല. അദ്ദേഹത്തിന് ഇപ്പോൾ അതിലും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. ഞാൻ എന്താണ് ചെയ്തിരിക്കുന്നത് എന്ന് കാണാൻ അദ്ദേഹത്തിന് വളരെ താല്പര്യമുണ്ട്, എന്നെ പൂർണമായി പിന്തുണക്കുന്നുമുണ്ട്’ ജേസൺ സഞ്ജയ് പറഞ്ഞു.
സിനിമയുടെ പ്രമോഷൻ സിനിമയെ കുറിച്ച് മാത്രമാകണമെന്നും അതിന് പുറത്തുള്ള കാര്യങ്ങൾ അതിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ജേസൺ വ്യക്തമാക്കി. തന്റെ ആദ്യ സിനിമ എന്ന നിലയിൽ 'സിഗ്മ'യുടെ ഉള്ളടക്കത്തിന് തന്നെ പ്രാധാന്യം ലഭിക്കണമെന്നാണ് ജേസന്റെ ആഗ്രഹം. അച്ഛനായ വിജയ് സിനിമാ ജീവിതത്തിൽ നിന്ന് തനിക്ക് എന്താണ് നൽകിയത് എന്ന ചോദ്യത്തിന് ജേസന്റെ മറുപടി ഏറെ വൈകാരികമായിരുന്നു. അദ്ദേഹം എനിക്ക് തന്റെ ആരാധകരെ നൽകി എന്നായിരുന്നു ജേസന്റെ മറുപടി.
അച്ഛന്റെ താരപദവിയെ കുറിച്ച് വാചാലനാകാതെ, സ്വന്തം ജോലിയിലും ഉത്തരവാദിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജേസൺ ശ്രമിക്കുന്നത്. സുന്ദീപ് കിഷൻ നായകനാകുന്ന ചിത്രത്തിൽ രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു താസൻ, യോഗി ബാബു, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്.
തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഒക്ടോബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തും. വിജയ് സേതുപതിയുടെ 'ബത്ത'യും നിവിൻ പോളി - സൂരി ചിത്രം 'ഏഴു കടൽ ഏഴു മലൈ'യും റിലീസ് ചെയ്യുന്ന അതേ സമയത്താണ് 'സിഗ്മ'യും എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.