കത്രീന കൈഫ്, ഖുശ്ബു

‘കത്രീന നീ എന്നും സുന്ദരിയാണ്, നിന്റെ ശരീരത്തിന് ആരോടും വിശദീകരണം നൽകേണ്ടതില്ല’; ബോഡി ഷെയ്മിങ്ങിൽ പ്രതികരിച്ച് ഖുശ്ബു

മകന്റെ ജനനത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ എത്തിയ കത്രീന കൈഫിന് നേരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് നടന്നത്. താരത്തിന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെ ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. 2025 നവംബറിലാണ് കത്രീന കൈഫിനും വിക്കി കൗശലിനും മകൻ വിഹാൻ കൗശൽ ജനിച്ചത്.

കത്രീന ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും ആരാധകരും സിനിമാ മേഖലയിലെ സഹപ്രവർത്തകരും താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. ഒരു സ്ത്രീയുടെ ശരീരം എന്തുകൊണ്ടാണ് എപ്പോഴും ഒരു പൊതു പ്രഖ്യാപനം പോലെ ചർച്ച ചെയ്യപ്പെടുന്നത് എന്ന് ഖുശ്ബു ചോദിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് ഖുശ്ബു തന്റെ നിലപാട് വ്യക്തമാക്കിയത്.

‘സ്ത്രീയുടെ 'പ്രൈം' അളക്കാൻ നിങ്ങൾ ആരാണ്?"ഒരു സ്ത്രീ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ അവരുടെ 'പ്രൈം' കഴിഞ്ഞു എന്ന് പറയുന്നതിനെ ഖുശ്ബു രൂക്ഷമായി വിമർശിച്ചു. ഇതേ താൽപ്പര്യം പുരുഷന്മാരുടെ കാര്യത്തിൽ എവിടെ പോകുന്നു?" ഒരു പുരുഷൻ കഷണ്ടിയാകുമ്പോൾ, അവൻ വിശിഷ്ടനാകുന്നു. ഒരു പുരുഷന് 40 ഇഞ്ച് അരക്കെട്ട് ഉണ്ടാകുമ്പോൾ, ആരും അവന്റെ "പ്രൈം" എന്തായി എന്ന് ചോദിക്കില്ല. ഒരു പുരുഷന് നര വീഴുമ്പോഴോ മുടി പൂർണമായും വെളുക്കുമ്പോഴോ, പെട്ടെന്ന് അവൻ "സാൾട്ട് ആൻഡ് പെപ്പർ ഹാൻഡ്സം" ആയി, "പക്വതയുള്ളവനായി", "കരിസ്മാറ്റിക്" ആയി മാറുന്നു.

ഒരു പുരുഷൻ പ്രായമാകുമ്പോൾ, അവന്റെ അനുഭവസമ്പത്ത് കൊണ്ട് അവന് കൂടുതൽ ആകർഷകനാകാൻ അനുവാദമുണ്ട്. എന്നാൽ ഒരു സ്ത്രീ പ്രായമാകുമ്പോൾ, അവളുടെ ഓരോ ചുളിവും, ഓരോ കിലോയും, ഓരോ നരയും ശരീരത്തിലെ ഓരോ മാറ്റവും പൊതു ചർച്ചാ വിഷയമായി മാറുന്നു ഖുശ്ബു കുറിച്ചു.

എന്താണ് 'പ്രൈം' എന്നും കത്രീനയുടെ പ്രൈം കഴിഞ്ഞു എന്ന് തീരുമാനിക്കാൻ സമൂഹത്തിന് ആരാണ് അധികാരം നൽകിയതെന്നും ഖുശ്ബു ചോദിക്കുന്നു. പ്രസവശേഷം ഒരു സ്ത്രീ അതേപോലെ തന്നെ കാണണമെന്ന് എന്തിനാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അവർ ചോദിച്ചു. ഞാനും ആ വേദനയിലൂടെ കടന്നുപോയിട്ടുണ്ട്. കത്രീന കൈഫ് എന്നും സുന്ദരിയാണെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. 

ഒരു അമ്മയെന്ന നിലയിൽ മാതൃത്വത്തോടൊപ്പം വരുന്ന മാറ്റങ്ങൾ തനിക്ക് നന്നായി അറിയാമെന്നും ഖുശ്ബു കുറിപ്പിൽ പറയുന്നു. ഞാൻ വ്യക്തിപരമായി മാതൃത്വത്തോടും ശരീര പരിവർത്തനത്തോടും കൂടെ വരുന്ന മാറ്റങ്ങൾ അനുഭവിച്ചിട്ടുള്ള ആളാണ്, ഈ യാത്ര എനിക്ക് നന്നായി മനസ്സിലാകും. ശരീരത്തിന്റെ പേരിൽ വിധിക്കപ്പെടുന്നത് എന്താണെന്ന് എനിക്കറിയാം. ഞാൻ തടിച്ചിരുന്നപ്പോൾ, ഞാൻ പരിഹസിക്കപ്പെടുകയും പൊണ്ണത്തടിയുള്ളവരും വൃത്തികെട്ടവരുമായി കരുതപ്പെടുന്ന സ്ത്രീകളെ ചിത്രീകരിക്കാൻ പോലും ഉപയോഗിക്കപ്പെടുകയും ചെയ്തു.

ഇന്ന്, ശരീരഭാരം കുറച്ചതിനുശേഷം, ഞാൻ ഇഞ്ചക്ഷൻ എടുത്താണ് മെലിഞ്ഞതെന്നാണ് സമൂഹം പറയുന്നത്. ഈ ഇഞ്ചക്ഷനുകൾ വാങ്ങാൻ സമൂഹത്തിലെ എത്ര പേർ എനിക്ക് പണം നൽകിയിട്ടുണ്ട്?" എന്ന് ഖുശ്ബു ചോദിക്കുന്നു.സ്ത്രീകളെ നിർവചിക്കാൻ കഴിയുമെന്ന് കരുതുന്ന ഓരോ പുരുഷനും സ്ത്രീകൾ ഉത്തരം നൽകേണ്ടതില്ലെന്ന് ഖുശ്ബു പറഞ്ഞു.

‘കത്രീന, നീ എപ്പോഴും അന്തസ്സോടെയും സൗന്ദര്യത്തോടെയും ആത്മാഭിമാനത്തോടെയും നിന്റെ നിബന്ധനകൾക്കനുസരിച്ച് ജീവിച്ചിട്ടുണ്ട്. അതുതന്നെ തുടരുക. നിന്റെ ശരീരത്തിന് നീ ആരോടും വിശദീകരണം നൽകേണ്ടതില്ല. മാതൃത്വത്തിന് നീ ആരോടും വിശദീകരണം നൽകേണ്ടതില്ല. ശരീരഭാരം കൂടിയതിന് നീ ആരോടും വിശദീകരണം നൽകേണ്ടതില്ല. നീ ഇപ്പോൾ എങ്ങനെ കാണപ്പെടുന്നു എന്നതിന് നീ ആരോടും വിശദീകരണം നൽകേണ്ടതില്ല. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്ന് ഖുശ്ബു കൂട്ടിച്ചേർത്തു. 

നീ എത്ര സുന്ദരിയായിരിക്കണമെന്ന് തിരഞ്ഞെടുക്കുന്നതിന് നീ തീർച്ചയായും ആരോടും വിശദീകരണം നൽകേണ്ടതില്ല. ഒരു സ്ത്രീക്ക് "പ്രൈം" ഇല്ല. അവൾക്ക് ഒരു ജീവിതമുണ്ട്. ആ ജീവിതത്തിന്റെ ഓരോ പ്രായവും അവൾക്ക് അവകാശപ്പെട്ടതാണ്. കൂടുതൽ കരുത്ത് നിനക്ക്, സ്ത്രീയെ," എന്ന് പറഞ്ഞുകൊണ്ടാണ് ഖുശ്ബു കുറിപ്പ് അവസാനിപ്പിച്ചത്. 

Tags:    
News Summary - Khushbu Defends Katrina Amid Body-Shaming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.