പൃഥ്വിരാജും അല്ലു അർജുനും

‘നീ എന്താ പുഷ്പയാണെന്നാണോ വിചാരം? അല്ല സാർ, അദ്ദേഹം ഇന്റർനാഷണൽ ആണ്, ഞാൻ വെറും ലോക്കലാണ്’; വിലായത്ത് ബുദ്ധയും പുഷ്പയും തമ്മിലുള്ള സാമ്യം തുറന്നുപറഞ്ഞ് പൃഥ്വിരാജ്

വിലായത്ത് ബുദ്ധ എന്ന ചിത്രവും അല്ലു അർജുൻ നായകനായ പുഷ്പയും തമ്മിലുള്ള താരതമ്യങ്ങളെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ ഈയിടെ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയുണ്ടായി. വിലായത്ത് ബുദ്ധയുടെ ടീസറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പൃഥ്വിരാജിന്റെ കഥാപാത്രത്തോട് ‘നീ എന്താ പുഷ്പയാണെന്നാണോ വിചാരം?’ എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി ’അല്ല സാർ, അദ്ദേഹം ഇന്റർനാഷണൽ ആണ്, ഞാൻ വെറും ലോക്കലാണ്’ എന്ന് നായകൻ പറയുന്നു. രണ്ട് ചിത്രങ്ങളും ചന്ദനക്കടത്തുകാരുടെ കഥ പറയുന്നതിനാലും ഈ സംഭാഷണം കാരണവും ഇരുചിത്രങ്ങളും തമ്മിൽ ചില താരതമ്യങ്ങൾ ഉയർന്നിരുന്നു.

എന്നാൽ പുഷ്പ റിലീസ് ആകുന്നതിനും വളരെ മുമ്പ് തന്നെ അന്തരിച്ച സംവിധായകൻ സച്ചി ഈ പ്രോജക്റ്റുമായി തന്നെ സമീപിച്ചിരുന്നുവെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂർത്തിയായപ്പോഴേക്കും പുഷ്പയുടെ രണ്ട് ഭാഗങ്ങളും റിലീസായിരുന്നു. രണ്ട് സിനിമകളും തമ്മിലുള്ള സാമ്യം ബോധ്യപ്പെട്ടതിനാലാണ് ടീസറിൽ പുഷ്പയെക്കുറിച്ചുള്ള ആ പരാമർശം ഉൾപ്പെടുത്തിയതെന്ന് പൃഥ്വിരാജ് പറഞ്ഞു. എന്നാൽ സിനിമയുടെ ഫൈനൽ പതിപ്പിൽ ആ സംഭാഷണം ഉണ്ടായേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ തിരക്കഥ ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. സന്ദീപ് സേനനും എ.വി അനൂപും ചേർന്ന് നിർമിക്കുന്ന ചിത്രം ഇപ്പോൾ തിയറ്ററിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഷമ്മി തിലകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അരവിന്ദ് എസ്. കശ്യപ് ഛായാഗ്രഹണവും, ജേക്സ് ബിജോയ് സംഗീതവും, ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയറ്റേഴ്സിന്‍റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 'വിലായത്ത് ബുദ്ധ'. അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. 

പൃഥ്വിരാജ് ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്നത്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന് യു.എ സെൻസർ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. യു.എ സെൻസർ സർട്ടിഫിക്കറ്റോടെയുള്ള പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

Tags:    
News Summary - Prithviraj Sukumaran opens up on Vilaayath Budha-Pushpa connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.