‘രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞാൽ ചിലർ നിങ്ങളെ വില്ലനാക്കും, മറ്റു ചിലർ നായകനാക്കും; 'എമ്പുരാൻ' വിവാദത്തിൽ പ്രതികരിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് ജനപ്രിയ 'ലൂസിഫർ' ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടൻ ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമയിൽ ഇടപെടുന്നത് തന്റെ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിക്കാനല്ലെന്ന് താരം വ്യക്തമാക്കി. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ താൻ തിരക്കഥ പ്രധാന നടനും നിർമാതാവിനും നൽകിയിരുന്നതായി പൃഥ്വിരാജ് പറഞ്ഞു. വിലായത്ത് ബുദ്ധയുടെ പ്രമോഷനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

“പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക എന്നൊരു ഒറ്റ ഉദ്ദേശം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ എന്റെ പരാജയമാണ്. രാഷ്ട്രീയ നിലപാട് പറയാന്‍ ഞാന്‍ ഒരിക്കലുമൊരു സിനിമ ചെയ്യില്ല. ഇന്നത്തെ കാലത്ത് അതിന് കോടികള്‍ മുടക്കിയൊരു സിനിമ ചെയ്യേണ്ടതില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് ഇട്ടാല്‍ മതി. എനിക്ക് എന്‍റെ രാഷ്ട്രീയം പ്രകടിപ്പിക്കണമെങ്കിൽ അത് സോഷ്യൽ മീഡിയയിലൂടെ ചെയ്യാം. എന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഈ സിനിമയെടുത്തത്.

നിങ്ങൾ പറയുന്നത് സത്യസന്ധമാണെങ്കിൽ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയ പലപ്പോഴും ഒരു ആയുധമായി ഉപയോഗിക്കപ്പെടുകയാണ്. നിങ്ങൾ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചാൽ ചിലർ നിങ്ങളെ വില്ലനാക്കും. മറ്റു ചിലർ നിങ്ങളെ നായകനാക്കും. രണ്ടും അപകടമാണ്. അതിനാൽ ചിലപ്പോൾ അവിടെ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത്.

അധികാരസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കോ, പ്രശസ്തരായവര്‍ക്കോ ഒരു അബദ്ധം സംഭവിച്ചാല്‍ അത് ആഘോഷിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നൊരു മോബ് മെന്റാലിറ്റി അടുത്തകാലത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍ മാധ്യമങ്ങള്‍ ഉള്‍പ്പടെ എല്ലാവരും പങ്കാളികളാണ്. എന്തിനാണ് മറ്റുള്ളവരെ ആക്രമിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. കരഞ്ഞുകൊണ്ട് എന്നോട് അതേക്കുറിച്ച് പറഞ്ഞ ആളുകളുണ്ട്. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ആക്രമിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തുകയാണ്” പൃഥ്വിരാജ് പറഞ്ഞു.

'എമ്പുരാൻ' വിവാദത്തിൽ നടൻ മോഹൻലാൽ നടത്തിയ ക്ഷമാപണം പൃഥ്വിരാജ് തന്‍റെ സോഷ്യൽ മീഡിയയിൽ #Empuraan എന്ന ഹാഷ്ടാഗോടെ പങ്കുവെച്ചതിലും സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ എമ്പുരാൻ സിനിമയിലെ റീഎഡിറ്റഡ് വേർഷനിൽ വെട്ടിയത് 24 ഭാഗങ്ങൾ. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ പൂർണമായും നീക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗം നീക്കി. വില്ലന്‍റെ പേരുമാറ്റി, നന്ദി കാർഡിൽനിന്ന് സുരേഷ് ഗോപിയുടെ പേര് നീക്കി. നേരത്തെ 17 ഇടത്ത് മാറ്റം വരുത്തുമെന്നായിരുന്നു വിവരം. എന്നാൽ 24 ഇടത്ത് മാറ്റം വരുത്തിയതായി രേഖകളിൽ വ്യക്തമാക്കുന്നു. സംഘപരിവാർ സംഘടനകൾ വിമർശനമുന്നയിച്ച ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സീനുകളിലാണ് മാറ്റം വരുത്തിയതിലേറെയും. വില്ലൻ കഥാപാത്രത്തിന്‍റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിരുന്നു.

Tags:    
News Summary - Prithviraj breaks silence on Empuraan controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.