മൈക്കിൾ ജാക്സൺ

കടക്കെണിയിൽ നിന്ന് 3.5 ബില്യൺ ഡോളറിന്റെ സാമ്രാജ്യത്തിലേക്ക്; മൈക്കിൾ ജാക്സന്റെ മരണാനന്തരമുള്ള അവിശ്വസനീയമായ തിരിച്ചുവരവ്!

ലോകം കണ്ട എക്കാലത്തെയും വലിയ പോപ്പ് താരം മൈക്കിൾ ജാക്സൺ 2009ൽ വിടവാങ്ങുമ്പോൾ ഏകദേശം 450 മില്യൺ ഡോളറിന്റെ (ഏകദേശം 3700 കോടി രൂപ) ഭീമമായ കടബാധ്യതയിലായിരുന്നു. എന്നാൽ മരണത്തിന് 15 വർഷങ്ങൾക്കിപ്പുറം, ജാക്സന്റെ എസ്റ്റേറ്റ് ഈ കടങ്ങളെല്ലാം വീട്ടി നിലവിൽ 3.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള 'മരണാനന്തര സെലിബ്രിറ്റിയായി' ജാക്സനെ മാറ്റിയിരിക്കുകയാണ്.

മരണത്തിന് തൊട്ടുമുമ്പ് ജാക്സൺ പ്ലാൻ ചെയ്തിരുന്ന 'ദിസ് ഈസ് ഇറ്റ്' ടൂർ നടക്കാതെ പോയെങ്കിലും, അതിന്റെ റിഹേഴ്സൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ ഡോക്യുമെന്ററി വൻ വിജയമായി. ബോക്സ് ഓഫീസിൽ നിന്ന് മാത്രം 265 മില്യൺ ഡോളറാണ് ചിത്രം നേടിയത്. ഇതോടെ കടത്തിന്റെ വലിയൊരു ഭാഗം വീട്ടാൻ എസ്റ്റേറ്റിന് സാധിച്ചു. ജാക്സന്റെ പാട്ടുകളുടെ ശേഖരം (Catalogue) സോണി മ്യൂസിക്കിന് വിറ്റത് വഴിയും വലിയ ലാഭം എസ്റ്റേറ്റിനുണ്ടായി. 750 മില്യൺ ഡോളറിനാണ് 4,000 പാട്ടുകൾ ഉൾപ്പെട്ട എ.ടി.വി കാറ്റലോഗ് വിറ്റത്.

2024ൽ ജാക്സന്റെ സ്വന്തം സംഗീതത്തിന്റെ പകുതി അവകാശം സോണി 600 മില്യൺ ഡോളറിന് വാങ്ങി. ജാക്സന്റെ നെവർലാൻഡ് റാഞ്ച് (Neverland Ranch) 2020ൽ 22 മില്യൺ ഡോളറിന് വിൽക്കുകയും ചെയ്തു. മൈക്കിൾ ജാക്സന്റെ ജീവിതം പറയുന്ന പുതിയ ഹോളിവുഡ് ചിത്രം 'മൈക്കിൾ' ആഗോളതലത്തിൽ വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. 217 മില്യൺ ഡോളറാണ് ആദ്യ വാരാന്ത്യത്തിൽ ചിത്രം നേടിയത്. ജാക്സന്റെ സഹോദരപുത്രൻ ജാഫർ ജാക്സണാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ചിത്രത്തിന്റെ ബജറ്റ് ആദ്യം 150 മില്യൺ ഡോളറായിരുന്നെങ്കിലും പിന്നീട് അത് 200 മില്യൺ ഡോളറായി വർധിച്ചു. ജാക്സണെതിരെയുള്ള ലൈംഗികാരോപണങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച നിയമപരമായ തടസ്സങ്ങൾ കാരണം ചിത്രത്തിന്റെ മൂന്നാം ഭാഗം പൂർണ്ണമായും വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. ഇതിനായി 50 മില്യൺ ഡോളറോളം അധികം ചിലവായെന്നാണ് റിപ്പോർട്ടുകൾ.

1998 വരെയുള്ള ജാക്സന്റെ ജീവിതമാണ് ഇപ്പോൾ പുറത്തിറങ്ങിയ സിനിമയിലുള്ളത്. അതുകൊണ്ട് തന്നെ സിനിമയുടെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നാണ് സൂചനകൾ. ലൈംഗികാരോപണങ്ങൾ ഒഴിവാക്കി ജാക്സന്റെ 'ക്ലീൻ ഇമേജ്' നിലനിർത്തുന്നത് അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം ഇനിയും വർധിപ്പിക്കാനാണ് എസ്റ്റേറ്റ് ലക്ഷ്യമിടുന്നത്. നിലവിൽ ലാഭവിഹിതവും റോയൽറ്റിയും വഴി ജാക്സന്റെ എസ്റ്റേറ്റ് വരും വർഷങ്ങളിൽ കോടിക്കണക്കിന് ഡോളർ ഇനിയും സമ്പാദിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

Tags:    
News Summary - Michael Jackson’s estate went from 450M debt at the time of his death to a 3.5 billion empire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.