ലക്ഷ്മിപ്രിയ
താരസംഘടനയായ 'അമ്മ'യിലെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ പൊട്ടിത്തെറികൾ തുടരുന്നു. നിലവിലെ പ്രതിസന്ധികൾക്കും വിവാദങ്ങൾക്കുമിടെ നടി ലക്ഷ്മിപ്രിയയും സംഘടനയിൽ നിന്ന് രാജിവെച്ചു. അമ്മയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ തികച്ചും വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ തീരുമാനമറിയിച്ചത്. പെൻഷനോ ഇൻഷുറൻസോ ഉൾപ്പെടെ സംഘടന നൽകുന്ന യാതൊരു ആനുകൂല്യങ്ങളും തനിക്ക് വേണ്ടെന്നും അവർ കുറിപ്പിൽ തുറന്നടിച്ചു.
അമ്മയിലെ തന്റെ അംഗത്വം രാജിവെക്കുകയാണെന്ന് വ്യക്തമാക്കിയ ലക്ഷ്മിപ്രിയ, ഈ രാജി മുതിർന്ന നടിമാരായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്കാണ് സമർപ്പിക്കുന്നതെന്ന് വ്യക്തമാക്കി. തന്റെ മരണശേഷം സഹപ്രവർത്തകർ ആരും തന്നെ കാണാൻ വരരുതെന്ന കർശനമായ താക്കീതാണ് കുറിപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. ‘നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നതെങ്കിൽ, എന്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്’ അവർ കുറിച്ചു.
തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ചുരുക്കം ചിലരുണ്ടെന്നും, ബാക്കിയുള്ളവർ തന്റെ പടി കടന്ന് വരരുതെന്നും അവർ കൂട്ടിച്ചേർത്തു. 60 വയസ്സ് വരെ ജീവിച്ചിരുന്നാൽ സംഘടനയിൽ നിന്ന് ലഭിച്ചേക്കാവുന്ന പെൻഷനോ ഇൻഷുറൻസോ തനിക്ക് ആവശ്യമില്ലെന്ന് ലക്ഷ്മി പ്രിയ തീർത്തുപറഞ്ഞു. മരണാനന്തരം സംഘടനയുടെ വകയായി റീത്തോ ഔദ്യോഗികമായ അനുശോചനമോ വേണ്ടെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ അമ്മക്കുള്ളിൽ നടന്ന വലിയ അഭിപ്രായവ്യത്യാസങ്ങൾക്കും പൊട്ടിത്തെറികൾക്കും ഒടുവിലാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്. പുതിയ ഭരണസമിതി അധികാരത്തിലേറി ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെയാണ് ഈ നാടകീയ സംഭവവികാസങ്ങൾ. ശ്വേത മേനോൻ ഉൾപ്പെടെയുള്ള 17 അംഗങ്ങളാണ് സ്ഥാനമൊഴിഞ്ഞത്. ഭരണസമിതി ഇല്ലാതായതോടെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു അഡ്‌ഹോക് കമ്മിറ്റിക്ക് (താൽക്കാലിക സമിതി) രൂപം നൽകിയിട്ടുണ്ട്.
രമേഷ് പിഷാരടിയാണ് ഈ അഡ്‌ഹോക് കമ്മിറ്റിയുടെ കൺവീനർ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. നാല് മാസത്തേക്കാണ് ഈ താൽക്കാലിക സമിതിക്ക് നിലവിൽ ചുമതല നൽകിയിരിക്കുന്നത്. ഈ നാല് മാസത്തിനുള്ളിൽ പുതിയ ഭരണസമിതിയെ കണ്ടെത്താനായി ഔദ്യോഗികമായി തെരഞ്ഞെടുപ്പ് നടത്തും. അതുവരെ സംഘടനയുടെ പൂർണ്ണ മേൽനോട്ടം അഡ്‌ഹോക് കമ്മിറ്റിക്കായിരിക്കും.
സംഘടനക്കുള്ളിലെ ഈ തുടർച്ചയായ കൊഴിഞ്ഞുപോക്കും പരസ്യമായ ആരോപണ പ്രത്യാരോപണങ്ങളും സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മുൻനിര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടരാജി അമ്മയുടെ ഭാവി പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.