പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഇൻസ്റ്റാഗ്രാമിൽ 17 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നിട്ടും, അദ്ദേഹം ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, കരീന കപൂർ, മനീഷ് മൽഹോത്ര, കാർത്തിക് ആര്യൻ തുടങ്ങി നിരവധി പ്രമുഖരെ തന്റെ ഫോളോയിങ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തു. ഈ നടപടി ആരാധകർക്കിടയിൽ വലിയ ആശയക്കുഴപ്പവും ഊഹാപോഹങ്ങളും സൃഷ്ടിച്ചിരുന്നു.
എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് കരൺ ജോഹർ പിന്നീട് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. താൻ ഒരു 'ഡിജിറ്റൽ ഡിറ്റോക്സി'ന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയവും ഊർജവും കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരെയും അൺഫോളോ ചെയ്തത്. 'ഇതൊരു ഡിജിറ്റൽ ഡിറ്റോക്സ് ആണ്! ഇൻസ്റ്റാഗ്രാമിൽ ചെലവഴിക്കുന്ന സമയവും ഊർജവും കുറക്കാൻ ഞാൻ എല്ലാവരെയും അൺഫോളോ ചെയ്യുന്നു. ഇതൊരു വലിയ വാർത്തയാക്കേണ്ട ആവശ്യമില്ല,' അദ്ദേഹം തമാശരൂപേണ പ്രതികരിച്ചു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന കരൺ ജോഹർ, തന്റെ വ്യക്തിജീവിതത്തിലെയും തൊഴിൽപരമായ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരേസമയം എല്ലാവരെയും അൺഫോളോ ചെയ്തത് വലിയ വാർത്താപ്രാധാന്യം നേടി. നിലവിൽ വളരെ ചുരുക്കം ചില ആളുകളെ മാത്രമേ അദ്ദേഹം ഫോളോ ചെയ്യുന്നുള്ളൂ. ഇതിൽ പ്രിയങ്ക ചോപ്ര, ധർമ്മ പ്രൊഡക്ഷൻസ് സി.ഇ.ഒ അപൂർവ മേത്ത, ബിസിനസ്സ് പങ്കാളി അദാർ പൂനവാല എന്നിവർ ഉൾപ്പെടുന്നു.
സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ നേരത്തെയും കരൺ ജോഹറിനെ ബാധിച്ചിട്ടുണ്ട്. മുമ്പ് ഒരു അഭിമുഖത്തിൽ, തന്റെ കുട്ടികളെ സംബന്ധിച്ച അധിക്ഷേപകരമായ ഒരു കമന്റ് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും താൻ പൊട്ടിക്കരഞ്ഞുപോയെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കൂടുതൽ പോസിറ്റീവ് എനർജി ലഭിക്കുന്നതിനായി 2022-ൽ അദ്ദേഹം എക്സിൽ നിന്നും പിന്മാറിയിരുന്നു. അതിനു സമാനമായി ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും കൂടുതൽ മാനസിക സമാധാനം ലക്ഷ്യമിട്ടാണ് താരം ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.