അഭിനയത്തിന്‍റെ മാന്ത്രിക തികവിന് പുരസ്കാരം

മമ്മൂട്ടി എന്ന നടന്‍റെ അഭിനയത്തെ മാന്ത്രികതയെന്നാണോ മായികതയെന്നാണോ വിശേഷിപ്പിക്കേണ്ടത് എന്ന വിസ്മയം തന്നെയാകാം ഭ്രമയുഗം കണ്ട 74ാമത് പുരസ്കാര നിർണയ സമിതിയെ ഭ്രമിപ്പിച്ച പ്രധാന സംശയം. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനെയും വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിനാണ് മലയാളത്തിന്‍റെ മഹാനടനെ തേടി നാലാം തവണയും ദേശീയ അവാർഡ് എത്തിയിരിക്കുന്നത്.

അഭിനേതാവിന്റെ വ്യക്തിപരമായ മാനറിസങ്ങളും ശരീരഭാഷ തീര്‍ത്തും മാറ്റിവച്ച് കഥാപാത്രത്തിലേക്ക് പരകായപ്രവേശം ചെയ്യാനുള്ള അദ്ദേഹത്തിന്‍റെ മിടുക്കിനാണ് ജൂറി നൂറിൽ നൂറ് മാർക്കും നൽകിയത്. നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ(1990), പൊന്തന്മാട, വിധേയൻ (1994), ഡോ. ബാബാസാഹേബ് അംബേദ്ക്കർ (1999) എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.

മലയാള ചലച്ചിത്ര ചരിത്രത്തിൽ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി ഒരു സാമ്യവുമില്ലാത്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന പ്രതിനായക കഥാപാത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. അധികാരത്തോടുള്ള മനുഷ്യന്റെ ആർത്തിയെ സൂചിപ്പിക്കുന്ന ചിത്രത്തിലൂടെ മമ്മൂട്ടി തന്‍റെ വന്യമായ ചിരിയും ശൈലിയും കൊണ്ട് പ്രേക്ഷകരെ ഭയപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്തു.

അദ്ദേഹം അവതരിപ്പിച്ച പ്രതിനായക വേഷങ്ങൾ അഭിനയ മികവിന്റെ മാത്രമല്ല പരീക്ഷണാത്മകതയുടെയും ഉദാഹരണങ്ങളാണ്. എന്നും സ്വയം പുതുക്കിപ്പണിയുന്ന നടൻ എന്നതിലുപരി തീർത്തും നെഗറ്റീവ് ആയ കഥാപാത്രങ്ങൾ നായകനടന്‍റെ ഭാരങ്ങളേതുമില്ലാതെ ഏറ്റെടുക്കാൻ യാതൊരു മടിയുമില്ലാത്ത നടനാണ് മമ്മൂട്ടി. തന്റെ താരമൂല്യത്തെ ബാധിക്കുമെന്ന് തെല്ലും ഭയക്കാതെ ക്രൂരവും സങ്കീർണ്ണവുമായ വില്ലൻ വേഷങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം കാണിച്ച ധൈര്യം തന്നെയാണ് മമ്മൂട്ടിയെ മറ്റ് സൂപ്പർ താരങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നതും 75ാം വയസിലും പുതു തലമുറയുടെ വരെ പ്രിയങ്കരനായ നടനാക്കി മാറ്റുന്നതും. വിധേയനിലെ ഭാസ്കര പട്ടേലർ എന്ന പ്രതിനായക കഥാപാത്രത്തിൽ നിറഞ്ഞാടിയപ്പോഴും ദേശീയ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയിരുന്നു.

പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി 50 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന കരിയറിൽ 400ലധികം ചിത്രങ്ങളിൽ അഭിനയിച്ച് ദേശീയ-അന്തർദേശീയ അംഗീകാരം നേടിയിട്ടുണ്ട്. മൂന്ന് ദേശീയ സിനിമാ അവാർഡുകൾ, 10 സംസ്ഥാന അവാർഡുകൾ,12 തവണ ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ രാജ്യത്തെ മഹത്തായ സിവിലിയൻ പുരസ്കാരങ്ങളായ പത്മശ്രീ, പത്മഭൂഷൺ എന്നിവ ലഭിച്ച നടന്മാരിൽ ഒരാൾ.

വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളിലൂടെയാണ് ഈ മഹാനടൻ ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കറുടെ ജീവിതം സിനിമയായപ്പോള്‍ ആ കഥാപാത്രം ആര് അവതരിപ്പിക്കും എന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഉണ്ടായിരുന്നില്ല. 1999ൽ ഈ ചലച്ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.

ചരിത്ര കഥാപാത്രങ്ങളായ പഴശ്ശിരാജ, വടക്കൻ പാട്ടുകൾക്ക് പുതു ആഖ്യാനം രചിച്ച വടക്കൻ വീരഗാഥയിലെ ചന്തു, സത്യജിത് റേയുടെ പ്രശംസക്കുപോലും പാത്രമായ ന്യൂഡൽഹിയിലെ ജി.കെ, ഭാവസാന്ദ്രതക്കും വൈകാരികതക്കും കഥാപാത്രങ്ങൾക്ക് മറ്റൊരു മുഖം സമ്മാനിച്ച അമരം, തനിയാവർത്തനം, പാഥേയം, ഭൂതക്കണ്ണാടി, യവനിക, തൃഷ്ണ പൊലീസ് കഥാപാത്രങ്ങൾക്ക് പുതുഭാവം നൽകിയ ഇൻസ്പെക്ടർ ബൽറാം, ആവനാഴി സാത്വിക ഭാവം പ്രതിഫലിപ്പിച്ച സി.ബി.ഐ ഡയറിക്കുറിപ്പുകൾ എന്നിവയെല്ലാം മമ്മൂട്ടിയുടെ അഭിനയ തീവ്രതയുടെ ചില ഉദാഹരണങ്ങൾ മാത്രം. അതേസമയം, ഈ കഥാപാത്രങ്ങളുടെയൊന്നും നിഴൽ പോലുമില്ലാത്ത പൊന്തമാടയും മൃഗയയിലെ വാറുണ്ണിയും ഹാസ്യഭാവത്തിന്‍റെ ഈറനാർന്ന പ്രകടനങ്ങളായ പ്രാഞ്ചിയേട്ടനും അഴകിയ രാവണനും എല്ലാം മലയാള സിനിമയുടെ പാഠപുസ്തകത്തിൽ എന്നും വേറിട്ടുതന്നെ നിൽക്കുന്നു.

1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളായിരുന്നുവെങ്കിലും കഠിനാധ്വാനത്തിലൂടെ മലയാള സിനിമയിൽ സവിശേഷ സ്ഥാനം നേടിയെടുത്തു മമ്മൂട്ടി. കെ.ജി ജോർജിന്‍റെ മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തി.

1951 സെപ്റ്റംബർ ഏഴിന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്ത് ഇസ്മായിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായി ഒരു സാധാരണ മുസ്‍ലിം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. എറണാകുളം ഗവൺമെന്റ് ലോകോളജിൽ പഠിച്ച് അഭിഭാഷകനായി പുറത്തിറങ്ങി. രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. സുൽഫത്ത് ആണ് ഭാര്യ. മകൾ സുറുമി, പ്രശസ്ത നടൻ ദുൽഖർ സൽമാൻ മകനുമാണ്.

Tags:    
News Summary - mamooty got national award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.