സൽമാന് പിന്നാലെ ആമിർ ഖാനും ബിഷ്‌ണോയി ഗാങ്ങിന്റെ വധഭീഷണി; സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: ബോളിവുഡ് താരം സൽമാൻ ഖാന് പിന്നാലെ ആമിർ ഖാനെയും ലക്ഷ്യമിട്ട് കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറൻസ് ബിഷ്‌ണോയി ഗാങ്. ആമിർ ഖാനെതിരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റും ഓഡിയോ ക്ലിപ്പും ബിഷ്‌ണോയി സംഘത്തിലെ പ്രധാനികളായ ആർസൂ ബിഷ്‌ണോയി, ടൈസൺ ബിഷ്‌ണോയി എന്നിവർ പുറത്തുവിട്ടു. യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ 'ഓപ്പറേഷൻ ഹാർഡ്‌ബോൾ' പോലുള്ള അന്താരാഷ്ട്ര നടപടികൾ കൊണ്ടൊന്നും തങ്ങളെ തളർത്താൻ കഴിയില്ലെന്ന മുന്നറിയിപ്പാണ് പുതിയ ഭീഷണിയിലൂടെ ബിഷ്‌ണോയി സംഘം നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

ആമിർ ഖാനും മറ്റ് ചില ബോളിവുഡ് പ്രമുഖരും രാജ്യത്ത് 'ലൗ ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് തങ്ങളുടെ സംസ്കാരത്തിന് നേർക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്നുമാണ് സംഘം ആരോപിക്കുന്നത്. തീർത്തും അധിക്ഷേപകരവും ക്രൂരവുമായ ഭാഷയിലാണ് സോഷ്യൽ മീഡിയ പോസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഇത്തരം പ്രവണതകൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും, സ്വന്തം ജനപ്രീതിയും താരപദവിയും ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരെ ശ്വാസം മുട്ടിക്കും എന്നും പോസ്റ്റിൽ പരസ്യമായി ഭീഷണിപ്പെടുത്തുന്നുണ്ട്.

ആമിർ ഖാനെതിരെയുള്ള വധഭീഷണിക്ക് പുറമെ, രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ അടുത്തിടെ ഒരു കൊച്ചുപെൺകുട്ടിക്കെതിരെ നടന്ന ക്രൂരമായ കുറ്റകൃത്യത്തെക്കുറിച്ചും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ഈ കേസിൽ പ്രാദേശിക ഭരണകൂടം സ്വീകരിച്ച നടപടികളെ ബിഷ്‌ണോയി സംഘം അഭിനന്ദിക്കുന്നുണ്ടെങ്കിലും, പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ കടുത്ത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കുറ്റവാളികൾക്ക് കുടപിടിക്കുന്ന രാഷ്ട്രീയക്കാർ ആ നീക്കത്തിൽ നിന്ന് ഉടൻ പിന്മാറിയില്ലെങ്കിൽ, നിയമത്തിൽ നിന്ന് രക്ഷപ്പെടുന്ന പ്രതികൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന അതേ ക്രൂരമായ ശിക്ഷ തന്നെ ഈ രാഷ്ട്രീയ നേതാക്കൾക്കും നേരിടേണ്ടി വരുമെന്ന് സംഘം ഭീഷണിപ്പെടുത്തി.

തങ്ങളുടെ അന്തരിച്ച കൂട്ടാളികളായ പർവേഷ്, ഹിമാൻഷു എന്നിവരെ 'രക്തസാക്ഷികൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആദരവ് അർപ്പിച്ചാണ് സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിക്കുന്നത്. ഇവരുടെ ത്യാഗം വെറുതെയാവില്ലെന്നും ശത്രുക്കൾക്കെതിരെ അതിശക്തമായ പ്രതികാരം ചെയ്യുമെന്നും ബിഷ്‌ണോയി സംഘം കൂട്ടിച്ചേർക്കുന്നു. സംഭവത്തെ തുടർന്ന് മുംബൈ പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും ആമിർ ഖാന്റെ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

തനിക്കെതിരെ ഉയർന്ന ലൗ ജിഹാദ് ആരോപണങ്ങളോട് ആമിർ ഖാൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തങ്ങളുടേത് വളരെ വിശാലമായ ചിന്താഗതിയുള്ള കുടുംബമാണെന്ന് ആമിർ പറഞ്ഞു. ‘എന്റെ രണ്ട് സഹോദരിമാരും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുക്കളെയാണ്. എന്റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചത്. എന്റെ കസിൻ മൻസൂർ ഒരു ക്രിസ്ത്യൻ സ്ത്രീയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്റെ മുൻ ഭാര്യമാരായ റീനയോ കിരണോ, ഇപ്പോൾ ഗൗരിയോ വിവാഹത്തിന് വേണ്ടി മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ നിയമപ്രകാരമാണ് വിവാഹിതരായത്. ഗൗരി ഒരു ഹിന്ദുവല്ല, അവളൊരു ക്രിസ്ത്യൻ പശ്ചാത്തലമുള്ള ആളാണ്, എന്നാൽ ഒരു മതവിശ്വാസിയുമല്ല. കാലം മുന്നോട്ട് പോകുംതോറും ജീവിതം കൂടുതൽ കോമഡിയായി മാറുകയാണ്’ ആമിർ വ്യക്തമാക്കി.

Tags:    
News Summary - Lawrence Bishnoi Gang Targets Aamir Khan with Latest Death Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.