തന്റെ മകൻ വേദാന്തിന്റെ തലമുറക്ക് ഇന്ത്യൻ സിനിമകളോട് വലിയ താൽപ്പര്യമില്ലെന്ന് നടൻ ആർ. മാധവൻ. തമിഴോ ഹിന്ദിയോ ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകൾ കാണാൻ അവർ താല്പര്യപ്പെടുന്നില്ലെന്നും, പകരം ജാപ്പനീസ് അനിമേഷനുകളോടും കൊറിയൻ കണ്ടന്റുകളോടുമാണ് ഈ തലമുറക്ക് കൂടുതൽ പ്രിയമെന്നും മാധവൻ പറയുന്നു. തന്റെ പുതിയ ചിത്രമായ 'ജി.ഡി.എൻ' ന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താൻ മകന്റെ കാര്യത്തിൽ ആശങ്കാകുലനാണെന്ന് മാധവൻ തുറന്നുപറഞ്ഞു. ഇതുവരെ മകന്റെ ബഹുമാനം താൻ നേടിയെടുത്തിട്ടുണ്ടെങ്കിലും, അവനും അവന്റെ തലമുറയും ഇന്ത്യൻ സിനിമകളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണെന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്നമാണ്. തിയറ്ററുകളിൽ പോയി ഇന്ത്യൻ സിനിമകൾ കാണാൻ അവർ തീരെ താല്പര്യപ്പെടുന്നില്ലെന്നും കഥ പറയുന്ന രീതിയിൽ തന്നെ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ചലച്ചിത്ര മേഖല ഈ തലമുറയെ നഷ്ടപ്പെടുത്തുകയാണെന്നും മത്സരിക്കുന്ന മറ്റ് സിനിമാ വ്യവസായങ്ങൾ കൊണ്ടല്ല, മറിച്ച് കഥ പറയുന്ന മറ്റൊരു രീതിയിലേക്ക് പ്രേക്ഷകർ മാറിക്കഴിഞ്ഞതുകൊണ്ടാണ് ഇതെന്നും മാധവൻ നിരീക്ഷിക്കുന്നു. സാധാരണ വാണിജ്യ സിനിമകൾ ചെയ്താൽ ഹിറ്റുകൾ ഉറപ്പാണെങ്കിലും, കഥാപാത്രങ്ങൾക്ക് ആഴം നൽകുന്ന വേഷങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു നടൻ എന്ന നിലയിൽ ഇത്തരം വ്യത്യസ്തമായ അവസരങ്ങൾ ലഭിക്കുമ്പോൾ പഴയ ഫോർമുലകൾ ഉപയോഗിച്ചുള്ള സിനിമകൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്നും മാധവൻ കൂട്ടിച്ചേർത്തു.
കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയും ശാസ്ത്രജ്ഞനുമായ ജി.ഡി. നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജി.ഡി.എൻ'. മാധവന്‍റെ തന്നെ 'റോക്കട്രി' എന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. തമിഴ് സിനിമയിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം കാലത്തിന് മുൻപേ ചിന്തിച്ച ഒരു മനുഷ്യന്റെ കഥയാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.