പയ്യപ്പുള്ളി പോക്കറിന്റെ മകൾ സബിതയ്ക്കും മകനുമൊപ്പം വി.കെ. ശ്രീരാമൻ (facebook.com/sreeramanvk)
തൃശൂർ: തന്റെ ചെറുപ്പകാലത്ത് റൗഡിയാകാനുള്ള മോഹം പാളിയത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ. 'റൗഡി', 'പോക്കിരി' അല്ലെങ്കിൽ 'ഗുണ്ട' എന്നിങ്ങനെ പേരെടുത്ത ഒരാളാകണമെന്ന തന്റെ പഴയകാല ആഗ്രഹത്തെക്കുറിച്ചാണ് അദ്ദേഹം തന്റെ അനുഭവക്കുറിപ്പിലൂടെ ഹാസ്യാത്മകമായി വിവരിക്കുന്നത്.
പേരിനൊപ്പം കിട്ടേണ്ട 'ഡിഗ്രി' തന്റെ റൗഡി മോഹത്തെക്കുറിച്ച് അടുത്ത സുഹൃത്തായിരുന്ന എട്ടാന്തറ മോമുട്ടിയോട് ശ്രീരാമൻ ഒരിക്കൽ സംസാരിച്ചു. ഒരു റൗഡി ആകുന്നതിന് മുൻപ് സ്വന്തം പേരിനൊപ്പം ജനങ്ങൾ നൽകുന്ന ഒരു 'കൊണസപ്പേര്' അല്ലെങ്കിൽ ഡിഗ്രി ഉണ്ടാവണമെന്നായിരുന്നു മോമുട്ടിയുടെ ഉപദേശം. 'മിന്നൽ കണ്ടാരൻ', 'കേഡി വാസു', 'സോഡാ ബോട്ടിൽ' ഇതുപോലുള്ള വിശേഷണങ്ങൾ കിട്ടിയാൽ മാത്രമേ ഒരു റൗഡിക്ക് നിലനിൽപ്പുള്ളൂ എന്നും വെറും 'സീരാമൻ' എന്ന് വിളിച്ചാൽ ആരും മൈൻഡ് ചെയ്യില്ലെന്നും സുഹൃത്ത് ഉപദേശിച്ചു.
ജനശ്രദ്ധ ലഭിക്കുന്ന രീതിയിൽ സോഡാ ബോട്ടിലോ അസിഡ് ബൾബോ പോലുള്ള എന്തെങ്കിലും കയ്യിൽ വെച്ച് അടി നടക്കുന്ന സ്ഥലത്ത് പ്രയോഗിച്ചാൽ മാത്രമേ പേരിനൊപ്പം അത്തരം വിശേഷണങ്ങൾ ലഭിക്കൂ എന്നായിരുന്നു പോംവഴി. അങ്ങനെ എരമംഗലം മാറഞ്ചേരി ഭാഗത്ത് സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പിന്റെ ഭാഗമായി തല്ലുണ്ടാക്കാൻ മത്രാങ്കോടൻ ഹംസയുടെ ‘ഗുണ്ടാ സംഘത്തിൽ’ ശ്രീരാമൻ അംഗമായി. ആദ്യം ചീമുട്ട കൈയിൽ കരുതാനാണ് തീരുമാനിച്ചതെങ്കിലും 'ചീമുട്ട രാമൻ' എന്ന പേര് വരാൻ സാധ്യതയുള്ളതിനാൽ അതൊഴിവാക്കി. പകരം ‘കട്ടിങ് പ്ലെയർ’ രഹസ്യമായി അരയിൽ തിരുകി. ഇതാകുമ്പോൾ പേരിനൊപ്പം ചേർക്കാൻ ഒരു വെയ്റ്റ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
തല്ല് സംഘത്തോടൊപ്പം പയ്യപ്പുള്ളി പോക്കരുടെ വീട്ടിലെത്തിയ ശ്രീരാമനെ പോക്കർ ആലിംഗനം ചെയ്തപ്പോഴാണ് അരയിലെ കട്ടിംഗ് പ്ലെയർ തടഞ്ഞത്. ‘മെക്കാനിക്കാണ് ല്ലേ . അതോ ഇലട്രീഷനോ. എന്തായാലും ഇതു ഇവിടെ ഇരിക്കട്ടെ സോഡാ ബാട്ടില് തൊറക്കാൻ പറ്റും’ എന്നായിരുന്നു പോക്കറിന്റെ പ്രതികരണം. പോക്കറിന്റെ സൽക്കാരം ഒരാഴ്ച നീണ്ടുനിന്നു. സൊസൈറ്റി ഇലക്ഷന് തല്ലുണ്ടാക്കാനോ പേരെടുക്കാനോ കഴിഞ്ഞില്ലെങ്കിലും പയ്യപ്പുള്ളി പോക്കറിന്റെ സുഹൃത്താവാൻ പറ്റിയെന്ന് ശ്രീരാമൻ പറയുന്നു. .
അമ്പത് വർഷങ്ങൾക്ക് ശേഷം, കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു മാളിൽ വെച്ച് പയ്യപ്പുള്ളി പോക്കറുടെ മകൾ സബിതയെയും മകനെയും യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോൾ, തന്റെ തലയിൽ അസിഡ് ബൾബും സോഡാ ബോട്ടിലും ഒന്നിച്ച് പൊട്ടിയതുപോലെയാണ് ആ നിമിഷം അനുഭവപ്പെട്ടതെന്ന് അദ്ദേഹം കുറിക്കുന്നു.
റൗഡി
പോക്കിരി
ഗുണ്ട
എന്നിങ്ങനെ ഏതെങ്കിലും ഇനത്തിൽ പെട്ട
പേരെടുത്ത ഒരാളാവണം എന്നായിരുന്നു ചെറുപ്പത്തിൽ എൻ്റെ ആഗ്രഹം.
ഞാനീ ആഗ്രഹം പണ്ട് അടുത്ത സുഹൃത്തായിരുന്ന എട്ടാന്തറ മോമുട്ടിയെ അറിയിച്ചു.
മോമുട്ടി പറഞ്ഞു.
" അതിന് ആദ്യം വേണ്ടത് സ്വന്തം പേരിൻ്റെ കൂടെ ഒരു കൊണസപ്പേരു കൂടി ഉണ്ടാവണം.
മലായ കുഞ്ഞോൻ
വട്ട് ബാവ
പൊട്ടക്കാള ഉണ്ണി
മിന്നൽ കണ്ടാരൻ
കേഡി വാസു
അത്തറ്കൊടം ആലി
ഉറുമി അബു... എന്നിങ്ങനെ ഉള്ളവരെ കേട്ടിട്ടില്ലേ , പേരിൻ്റൊപ്പം ജനം കൊടുക്കുന്ന ഡിഗ്രിയാണത്. അത് കിട്ടിക്കഴിഞ്ഞാൽ രക്ഷപ്പെട്ടു. ഇപ്പോ നീ വെറും സീരാമൻ. ഒരുത്തനും മൈൻ്റ് ചെയ്യില്ല. "
സംഗതി ശരിയാണല്ലോ എന്ന് എനിക്കും തോന്നി. നാട്ടിൻ പേരോ വീട്ടിൻ പേരോ ഒന്നും തന്നെ എന്നെ വിഖ്യാതനാക്കാൻ എൻ്റെ പേരിനൊപ്പമില്ല.
"അതിന് ഞാനിപ്പോ എന്താ ചിയ്യണ്ട്?"
" ആൾക്കാര് കൂടുന്നതും അടിപിടി സങ്കർഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതും ആയ ചില ഇടങ്ങൾ കണ്ടെത്തണം. എന്നിട്ട് അവിടെ ചെന്നു ജനശ്രദ്ദ പിടിച്ചു പറ്റുന്ന എന്തെങ്കിലും ഐറ്റംസ് ചെയ്യണം. സോഡാ ബോട്ടിലോ ബൾബോ പോലുള്ള എന്തെങ്കിലും കയ്യിൽ വെച്ച് അടി നടക്കുന്ന സ്ഥലത്ത് ചാടി വീണ് അത് ആൾക്കാര് കാൺകെ പ്രയോഗിക്കണം.
ക്ലിക്കായാൽ പിന്നെ നിൻ്റെ പേരിൻ്റെ കൂടെ സോഡാ ബാട്ടില് അല്ലെങ്കിൽ ആസിഡ് ബൾബ് എന്ന് ജനം ചേർത്തു വിളിച്ചോളും."
"അതിന് സ്ഥലവും സന്ദർഭവും ഒത്തുവരണ്ടേ "
" എരമംഗലം മാറഞ്ചേരി ഭാഗത്ത് കോപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പ് വരുന്നുണ്ട്.
കൊളാടി ഒരു സൈഡ്,
മോഹനേട്ടൻ എതിർ സൈഡ്. നമ്മടെ ഭാഗത്തു നിന്ന് മോഹനേട്ടനു വേണ്ടി തല്ല്കാരെ കൊണ്ടോണത് മന്ത്രങ്കോട്ടെ ഹംസയാണ്. മൂപ്പര് വിചാരിച്ചാ നിന്നെ ടീമില് എടുക്കും.
പോവുമ്പോ ഞാൻ പറഞ്ഞന്തി പേരുള്ള എന്തെങ്കിലും സാനം കയ്യില് വെച്ചോ"
"ചീമുട്ട മത്യോ "
" പിന്നെ ..ചീമുട്ട രാമൻ എന്നാവും അൻ്റെ പേര്."
" അത് വേണ്ടാ ലേ"
🤺 🕺
ഒടുവിൽ മത്രങോട്ടെ ഹംസയുടെ ബറ്റാലിയനിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് ഇലക്ഷന് രണ്ടീസം മുമ്പുതന്നെ ഞാനും ചക്കിത്തറ സുകുമാരനും പിലാപ്പി അബോക്കറും കല്ലു വളപ്പൻ കുഞ്ഞോനും എരമംഗലത്തുന്ന് കിഴക്കോട്ടു പോണ റോട്ടിൽ സൊസൈറ്റിയുടെ മുന്നിലുള്ള പയ്യപ്പുള്ളി പോക്കരിൻ്റെ വീട്ടിൽ എത്തിച്ചേരുന്നു. അവിടെയാണ് ഞങ്ങൾക്ക് ഫുഡ് & എക്കമഡേഷൻ
(പേരെടുക്കുകയാണല്ലോ ഉന്നം .ഞാൻ ഒരു കട്ടിംഗ് പ്ലയർ രഹസ്യമായി അരയിൽ കരുതിയിട്ടുണ്ടായിരുന്നു. അതു വെച്ചായിരിക്കണം പ്രകടനം. )
ചെന്നു കയറിയതും ഹാ ഹാ ഹ എന്ന് ഉറക്കെ ചിരിച്ചു കൊണ്ട് പയ്യപ്പുള്ളി പോക്കര് ഓരോരുത്തരെ ആയി ആലിംഗനം ചെയ്തു.
എന്താ അരേല് തടയണുണ്ടല്ലോ.
എന്ന് ചോദിച്ചു കൊണ്ട് എൻ്റെ അരയിൽ നിന്ന് കട്ടിംഗ് പ്ലയർ പുറത്തെടുത്തു.
" മെക്കാനിക്കാണ് ല്ലേ . അതോ ഇലട്രീഷനോ . എന്തായാലും ഇതു ഇവിടെ ഇരിക്കട്ടെ സോഡാ ബാട്ടില് തൊറക്കാൻ പറ്റും."
🤺🕺
പോക്കരിൻ്റെ സൽക്കാരം ഒരാഴ്ച്ച നീണ്ടുനിന്നു . സൊസൈറ്റി ഇലക്ഷന് തല്ലുണ്ടാക്കാനോ പേരെടുക്കാനോ കഴിഞ്ഞില്ലെങ്കിലും പയ്യപ്പുള്ളി പോക്കറിൻ്റെ സുഹൃത്താവാൻ പറ്റി.
അങ്ങനെ കൃതാർത്ഥനായി തിരിച്ചു പോന്നു.
ഇതൊക്കെ കഴിഞ്ഞിട്ട് കൊല്ലം പത്തമ്പതേങ്കിലും ആയിട്ടുണ്ടാവും.
കൊളാടിയും മോഹനേട്ടനും മത്രാങ്കോടനും
പിലാപ്പിയും
ചക്കിത്തറയും
പിന്നെ പയ്യപ്പുള്ളി പോക്കരും സാഹിത്യഭാഷയിൽ പറഞ്ഞാൽ
കാലയവനികക്കുള്ളിൽ മറഞ്ഞു മാഞ്ഞുപോയി.
അങ്ങനെ ഇരിക്കുമ്പോളാണ്
ഇന്നലെ തൃശൂര് ഒരു മാളിൻ്റെ മുറ്റത്തു വെച്ച് ഒരു മഹിളാ മണി വന്ന് ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചത്.
" എന്നെ മനസ്സിലായോ.
ഞാൻ പയ്യപ്പുള്ളി പോക്കരിൻ്റെ മകളാണ്. സബിത . ഇത് ഇൻ്റെ മകൻ "
തലയിൽ ആസിഡ് ബൾബും സോഡാ ബോട്ടിലും ഒന്നിച്ചു പൊട്ടി.
പിന്നെ സ്വയം പറഞ്ഞു
കാലം പോയ പോക്കേയ്.
ചിത്രത്തിൽ സബിതയും മകനും
പിന്നെ ഞാനും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.