വരലക്ഷ്മി ശരത്കുമാർ 

'അന്ന് പ്രവചിച്ചത് ഇന്ന് സത്യമായി'; വിജയ്‌യുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സർക്കാർ സിനിമ സെറ്റിലുണ്ടായ ഓർമ പങ്കുവെച്ച് വരലക്ഷ്മി ശരത്കുമാർ

തമിഴ്നാട് മുഖ്യമന്ത്രി ദളപതി വിജയ്‌യെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് നടി വരലക്ഷ്മി ശരത്കുമാർ. വിജയ്‌യുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച താരം, അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചു. വർഷങ്ങൾക്ക് മുൻപ് 'സർക്കാർ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് താൻ നടത്തിയ ഒരു പ്രവചനം ഇപ്പോൾ സത്യമായി മാറിയതിന്റെ അത്ഭുതവും സന്തോഷവുമാണ് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

ഏ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത 'സർക്കാർ' എന്ന സിനിമയിൽ വിജയ്‌ക്കൊപ്പം അഭിനയിച്ച നടിയാണ് വരലക്ഷ്മി. ആ ചിത്രത്തിൽ ഒരു പ്രധാന വില്ലൻ കഥാപാത്രത്തെയായിരുന്നു അവർ അവതരിപ്പിച്ചത്. ചിത്രീകരണത്തിനിടെ വിജയ്‌യുമായി സംസാരിക്കവെ, രാഷ്ട്രീയം തന്നെയാണ് അദ്ദേഹത്തിന്റെ ശരിയായ വഴിയെന്ന് തനിക്ക് അന്ന് തോന്നിയിരുന്നു എന്ന് വരലക്ഷ്മി വെളിപ്പെടുത്തുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ ഈ പഴയ സംഭാഷണത്തെക്കുറിച്ച് അവർ ഓർക്കുകയും ചിരിക്കുകയും ചെയ്തു.

വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വരലക്ഷ്മി ഇങ്ങനെ കുറിച്ചു, 'ദളപതി! ഈ പോസ്റ്റിനെക്കുറിച്ച് എന്താണ് എഴുതേണ്ടതെന്ന് ഞാൻ ഒരുപാട് ആലോചിച്ചു. ഒടുവിൽ എനിക്ക് ഒന്നേ പറയാനുള്ളൂ... ആളുകൾ നൂറു കാര്യങ്ങൾ പറഞ്ഞേക്കാം, പക്ഷേ ദിവസാവസാനം, സി. ജോസഫ് വിജയ് നമ്മുടെ മുഖ്യമന്ത്രിയാണ്, അദ്ദേഹം ഇവിടെത്തന്നെ കാണും!'

ആദ്യത്തെ ശ്രമത്തിൽ തന്നെ മുഖ്യമന്ത്രിയാവുക എന്നത് ചെറിയ കാര്യമല്ലെന്നും, അതിന് വലിയ ധൈര്യവും നിശ്ചയദാർഢ്യവും തമിഴ്നാട്ടിലെ ജനങ്ങളുടെ സ്നേഹവും വേണമെന്നും വരലക്ഷ്മി എടുത്തുപറയുന്നു. വിജയ്‌യുടെ ഈ രാഷ്ട്രീയ നേട്ടത്തെ അവർ വലിയ മതിപ്പോടെയാണ് നോക്കിക്കാണുന്നത്. നിരന്തരം കുറ്റം പറയുന്നവർക്ക് കാലം മറുപടി നൽകുമെന്നും അതിനായി കുറച്ചു ക്ഷമയും പിന്തുണയും നൽകണമെന്നും അവർ ആരാധകരോട് അഭ്യർത്ഥിക്കുന്നു.

വിജയ്‌യെ എന്നും താൻ ആരാധിച്ചിട്ടുണ്ടെന്നും, ഒരു 'വിജയ് വെറിയൻ' (വിജയ് ആരാധിക) ആയി തുടരുമെന്നും താരം കൂട്ടിച്ചേർക്കുന്നു. കൂടിക്കാഴ്ചക്കിടെ സ്ത്രീകൾക്കായുള്ള ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും വിജയ്‌യുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. വിജയ്‌യുടെ വിനയവും ലാളിത്യവും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ഭരണത്തിന് കീഴിൽ തമിഴ്നാട് അഭിവൃദ്ധിപ്പെടട്ടെയെന്നും ആശംസിച്ചാണ് വരലക്ഷ്മി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Tags:    
News Summary - Varalaxmi Sarathkumar shares memories of meeting Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.