'രാഷ്ട്രീയം ചെലവേറിയ ഹോബി, ശമ്പളത്തിൽ ബാക്കിയാകുന്നത് 50,000 മാത്രം, മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു' -കങ്കണ

രാഷ്ട്രീയം ചെലവേറിയ ഹോബി ആണെന്ന് നടിയും ബി.ജെ.പി നേതാവും പാർലമെന്റ് അംഗവുമായ കങ്കണ റണാവത്ത്. ഒരു എം.പി എന്ന നിലയിൽ തന്റെ ജോലി ആസ്വദിക്കുന്നില്ലെന്ന് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പ്രസ്താവന. പഞ്ചായത്ത് തലത്തിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞാണ് ആളുകൾ തന്റെ അടുത്തേക്ക് വരുന്നതെന്ന് നടി പറഞ്ഞിരുന്നു. ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്നും അതിനാൽ കുടുംബം നടത്താൻ ജോലി ആവശ്യമാണെന്നും കങ്കണ അഭിമുഖത്തിൽ പറഞ്ഞു. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കങ്കണ വെളിപ്പെടുത്തി.

ഹോബി എന്ന വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, എം.പി എന്നത് തൊഴിലായി സ്വീകരിക്കാൻ കഴിയില്ല എന്നതിനാൽ തന്നെ മറ്റൊരു ജോലി ആവശ്യമാണെന്നായിരുന്നു കങ്കണയുടെ മറുപടി. ഒരു അഭിനേത്രി എന്ന നിലയിൽ വിജയകരമായ ഒരു കരിയറാണ് തന്‍റേതെന്നും അവർ കൂട്ടിച്ചേർത്തു. ശമ്പളത്തിൽ യഥാർഥത്തിൽ 50,000-60,000 രൂപ മാത്രമേ ബാക്കിയുള്ളൂ എന്നും അവർ പറഞ്ഞു. ഇന്ത്യയിലെ ഒരു എം.പിയുടെ ശമ്പളം ഏകദേശം 1.24 ലക്ഷം രൂപയാണ്.

തന്റെ മണ്ഡലത്തിലെ ഏതെങ്കിലും ഭാഗത്തേക്ക് ജീവനക്കാരോടൊപ്പം പോകേണ്ടി വന്നാൽ, അവരോടൊപ്പം കാറുകളിൽ യാത്ര ചെയ്യേണ്ടി വന്നാൽ, എല്ലാ സ്ഥലങ്ങളും കുറഞ്ഞത് 300-400 കിലോമീറ്റർ അകലെയായതിനാൽ ചെലവുകൾ ലക്ഷക്കണക്കിന് വരുമെന്ന് കങ്കണ പറഞ്ഞു. നിരവധി എം.പിമാർക്ക് ബിസിനസുകളുണ്ട്. പലരും അഭിഭാഷകരായി ജോലി ചെയ്യുന്നുണ്ടെന്നും കങ്കണ പറഞ്ഞു.

പാർട്ടിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്ന് തോന്നുന്നതായും തന്റെ മികച്ച സംഭാവനകൾ കണക്കിലെടുത്ത് മന്ത്രി സ്ഥാനം ലഭിക്കേണ്ടതായിരുന്നുവെന്നും നടി പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള ഒരു സീറ്റിലാണ് താൻ വിജയിച്ചതെന്നും അതിനാൽ ഒരു വകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു എന്നും കങ്കണ വ്യക്തമാക്കി. 

Tags:    
News Summary - Kangana Ranaut calls politics an expensive hobby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.