മാതൃത്വത്തിന്റെ മനോഹരമായ ദിനങ്ങളിലൂടെ ഐശ്വര്യ റായ് കടന്നുപോകുമ്പോൾ ലോകം മുഴുവൻ ചർച്ച ചെയ്തത് താരത്തിന്റെ ശരീരഭാരത്തെക്കുറിച്ചായിരുന്നു. പ്രസവാനന്തരം ഐശ്വര്യ നേരിട്ട ബോഡി ഷെയ്മിങ്ങിനെതിരെ ഭർത്താവ് അഭിഷേക് ബച്ചൻ അന്ന് നടത്തിയ വികാരനിർഭരമായ പ്രതികരണം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 2011ലാണ് ഐശ്വര്യക്കും അഭിഷേകിനും മകൾ ആരാധ്യ ജനിച്ചത്. എന്നാൽ അതിനുശേഷം ഐശ്വര്യയുടെ ശരീരഭാരത്തെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു. കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത സമയത്തായിരുന്നു താരം ഏറ്റവും കൂടുതൽ ബോഡി ഷെയ്മിങ്ങിന് ഇരയായത്. മകൾ ജനിച്ചതോടെ ഐശ്വര്യ തന്റെ കരിയറിന് രണ്ടാം സ്ഥാനം നൽകുകയും ഒരു സൂപ്പർ മോം ആയി മാറുകയും ചെയ്തുവെന്ന് അഭിഷേക് അന്ന് പറഞ്ഞിരുന്നു.
‘അമ്മയായതോടെ ഐശ്വര്യ തന്റെ കരിയറിന് രണ്ടാം സ്ഥാനമേ നൽകിയുള്ളൂ. ഇന്ന് അവൾ ചെയ്യുന്നതെല്ലാം മകൾ ആരാധ്യക്ക് വേണ്ടിയാണ്. അവളൊരു സൂപ്പർ മോം ആണ്. ആരാധ്യ ജനിച്ചതിന് പിന്നാലെ ഐശ്വര്യയുടെ ശരീരഭാരത്തെക്കുറിച്ച് മാധ്യമങ്ങൾ കുറെ കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ചു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. എന്നാൽ ഐശ്വര്യ ഇതൊന്നും കാര്യമാക്കിയില്ല. ഞാൻ അസ്വസ്ഥനാകുന്നത് കണ്ടപ്പോൾ താറാവുവെള്ളം പോലെ അത് ഒഴിഞ്ഞുപോയ്ക്കോളും എന്നായിരുന്നു അവളുടെ പ്രതികരണം. ധൂം 2 സിനിമയുടെ സമയത്ത് ഹൃത്വിക് റോഷനും ഉദയ് ചോപ്രയും ഞാനും ചേർന്ന് നിർബന്ധിച്ച് കൊണ്ടുപോയതല്ലാതെ ഐശ്വര്യ ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല എന്ന് അവളെ അറിയുന്നവർക്ക് മനസ്സിലാകും’
‘ഇത് അമ്മയായതിന് ശേഷം മാത്രം ഉണ്ടായ ഒന്നല്ല. സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ, അമ്മയായതിന് ശേഷമുള്ള ബോഡി ഷെയ്മിങ്ങിനെക്കുറിച്ചാണ് നിങ്ങൾ പ്രത്യേകം സൂചിപ്പിക്കുന്നത്. ശരീരത്തിന്റെ ഘടന മാറുന്നതിനെ ആ രീതിയിലാണ് നിങ്ങൾ കാണുന്നത്. എന്നാൽ എനിക്കിത് കൈകാര്യം ചെയ്യാൻ സാധിച്ചതിന്റെ കാരണം വളരെക്കാലമായി ഞാൻ പലവിധത്തിലുള്ള വിമർശനങ്ങൾ നേരിടുന്നതുകൊണ്ടാണ്. ഇത് ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് മാത്രമല്ല, നമ്മുടെ ആത്മവിശ്വാസത്തെക്കുറിച്ചുള്ള കാര്യമാണ്. മറ്റുള്ളവരോട് നമ്മൾ കുറച്ചുകൂടി കരുണ കാണിക്കേണ്ടതുണ്ട്. ഇന്ന് ആശയവിനിമയം വളരെ എളുപ്പമാണ്, ദശലക്ഷക്കണക്കിന് ആളുകളിലേക്ക് നമ്മുടെ ശബ്ദം എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ സംസാരിക്കേണ്ടത് അത്യാവശ്യമാണ്.
അമ്മയായത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു. ഹോർമോൺ വ്യതിയാനങ്ങൾ ശരീരത്തിൽ പല മാറ്റങ്ങളും വരുത്തിയെങ്കിലും അതൊന്നും എന്നെ ബാധിച്ചില്ല. സ്വന്തം ശരീരത്തെ സ്നേഹിക്കണം എന്ന് ഞാൻ പണ്ട് മുതൽക്കേ പറയാറുണ്ട്. അത് വെറുമൊരു വാക്കല്ലെന്ന് എനിക്ക് ഇപ്പോൾ തെളിയിക്കാൻ പറ്റി. ഒരിക്കൽ പോലും എനിക്ക് എന്നെക്കുറിച്ച് സംശയം തോന്നിയിട്ടില്ല. ആരാധ്യക്കൊപ്പം ഞാൻ വളരെ സന്തോഷവതിയാണ്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ മാത്രം തീരുമാനങ്ങളാണ്. ആ ബോധ്യം നമുക്കുണ്ടെങ്കിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നമ്മളെ ബാധിക്കില്ല. ആരോടും ദേഷ്യമോ വിദ്വേഷമോ കാണിക്കേണ്ടതില്ല പകരം ഉള്ളിൽ സമാധാനം കണ്ടെത്തുകയാണ് വേണ്ടത്’ എന്നാണ് രാജീവ് മസന്ദുമായുള്ള അഭിമുഖത്തിൽ ഐശ്വര്യ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.