ശ്രീദേവി, ജാൻവി കപൂർ

ഒരുപാട് മിസ്സ് ചെയ്യുന്നു, ആ വേദന എന്നും മനസ്സിലുണ്ടാവും: എനിക്കന്ന് അമ്മയെ മാത്രമല്ല നഷ്ടപ്പെട്ടത്, അച്ഛനെയും കൂടിയാണ്; ശ്രീദേവിയുടെ ഓർമകളിൽ മകൾ ജാൻവി

ശ്രീദേവി എന്ന ഇതിഹാസ നടി ലോകത്തിന് ഒരു അത്ഭുതമായിരുന്നുവെങ്കിൽ, ജാൻവിക്ക് അത് തന്റെ ലോകം തന്നെയായിരുന്നു. അമ്മയുടെ വിയോഗം ജാൻവിയിൽ നിന്ന് അപഹരിച്ചത് തന്റെ പ്രിയപ്പെട്ട ഒരാളെ മാത്രമല്ല, മറിച്ച് താൻ അതുവരെ ജീവിച്ചു വന്ന സുരക്ഷിതമായ ആ ജീവിതത്തെ കൂടിയാണ്. ശ്രീദേവിയുടെ ഓർമകളിൽ ജീവിക്കുന്ന ജാൻവി കപൂർ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഞാൻ അമ്മയെ അമിതമായി ആശ്രയിച്ചിരുന്ന ഒരു മകളായിരുന്നു. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ എനിക്കറിയില്ലായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഞാൻ അമ്മയെയാണ് ആശ്രയിച്ചിരുന്നത്. ഞാൻ എന്ത് ധരിക്കണം? ഞാൻ എന്ത് ചിന്തിക്കണം? ഏതാണ് ശരി, ഏതാണ് തെറ്റ്? അങ്ങനെ എല്ലാ കാര്യങ്ങളും. എന്നാൽ പെട്ടെന്നൊരു ദിവസം ലോകം നിങ്ങളെ കീറിമുറിക്കുമ്പോഴും, നിങ്ങളുടെ കുടുംബബന്ധങ്ങളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും, സ്വന്തമായി തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് ആലോചിച്ചു നോക്കൂ’ ജാൻവി പറഞ്ഞു.

അമ്മയെ നഷ്ടപ്പെട്ട വേദനയിൽ നിന്ന് എനിക്ക് ഇന്നും മുക്തയാകാൻ കഴിഞ്ഞിട്ടില്ല. അമ്മയെപ്പോലെ മറ്റാരുമില്ല. അമ്മയുടെ തമാശകൾ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു. ഞങ്ങളെയും അച്ഛനെയും അമ്മ എങ്ങനെയാണോ സന്തോഷിപ്പിച്ചിരുന്നത് ആ നിമിഷങ്ങളെല്ലാം ഞാൻ ഓർക്കുന്നു. എനിക്ക് അന്ന് അമ്മയെ മാത്രമല്ല നഷ്ടപ്പെട്ടത്, എന്റെ അച്ഛനെയും കൂടിയാണ്. അമ്മ കൂടെയുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന അച്ഛന്റെ ആ പഴയ രൂപം അന്ന് ഇല്ലാതായി.

‘ഞാൻ ചില തെറ്റായ തീരുമാനങ്ങൾ എടുത്തു. എന്റെ അടുത്തുപോലും വരാൻ യോഗ്യതയില്ലാത്ത, എന്നെ ചൂഷണം ചെയ്യുന്ന ചില ആളുകളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കടത്തിവിട്ടു. ഞാൻ എന്നെത്തന്നെ സുരക്ഷിതമായ ഒരവസ്ഥയിലല്ല നിർത്തിയിരുന്നത്. എന്റെ മാനസികവും ശാരീരികവുമായ സുരക്ഷ ഞാൻ നിരന്തരം പണയപ്പെടുത്തിക്കൊണ്ടിരുന്നു’-ജാൻവി കൂട്ടിച്ചേർത്തു.

ഇന്ന് അമ്മയുമായി സംസാരിക്കാൻ കഴിഞ്ഞാൽ തന്നെക്കുറിച്ച് അമ്മ എന്ത് വിചാരിക്കും എന്ന ചോദ്യത്തിന് ‘അമ്മക്ക് ഇപ്പോൾ എന്നെ തിരിച്ചറിയാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ലോകം മാറിപ്പോയി. ഞാൻ ഒരുപാട് കാര്യങ്ങൾ കണ്ടു. എനിക്ക് ഇപ്പോൾ അമ്മയുടേതിൽ നിന്ന് വ്യത്യസ്തമായ സ്വന്തം അഭിപ്രായങ്ങളുണ്ട്. ആ സംഭാഷണം എങ്ങനെയുള്ളതായിരിക്കും എന്ന് എനിക്കറിയില്ല’ എന്നായിരുന്നു ജാൻവിയുടെ മറുപടി.

എനിക്ക് ഇപ്പോൾ അമ്മയെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. മുമ്പ് അമ്മയെ മനസ്സിലാക്കാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. തൊഴിൽപരമായും സാമ്പത്തികമായും മറ്റും വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു അമ്മ കാര്യങ്ങളെ കണ്ടിരുന്നത്. നാല് വയസ്സ് മുതൽ അമ്മ ജോലി ചെയ്യുന്നുണ്ട്, പക്ഷേ തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് അമ്മ ഒരിക്കലും ഞങ്ങളോട് പറഞ്ഞിട്ടില്ല. സന്തോഷമുള്ള കഥകൾ മാത്രമാണ് അമ്മ പങ്കുവെച്ചിരുന്നത് ജാൻവി പറഞ്ഞു.

ഹിന്ദി സിനിമാ മേഖലയിലെ തന്റെ ആദ്യകാലങ്ങളിൽ ഗൗരവമായി പരിഗണിക്കപ്പെടണമെന്ന ആഗ്രഹവും തന്റെ നിസ്സഹായാവസ്ഥയും ശ്രീദേവി തുറന്നുപറഞ്ഞ പഴയൊരു അഭിമുഖത്തെക്കുറിച്ചും ജാൻവി ഓർത്തെടുത്തു. ‘ആ യാത്ര ഞാൻ കണ്ടിട്ടുണ്ട്. അമ്മ ജീവിച്ചിരുന്നപ്പോൾ ആളുകൾ അത്ര ദയയുള്ളവരായിരുന്നില്ല. അവർ അമ്മയെ 'ഹോംറെക്കർ' (കുടുംബം തകർക്കുന്നവൾ) എന്നും മറ്റു ക്രൂരമായ പേരുകളും വിളിച്ചു. അത് അമ്മയെ മാനസികമായി ബാധിച്ചിരുന്നു. പക്ഷേ മരിച്ചുപോയവരോട് ചരിത്രം എപ്പോഴും ദയ കാണിക്കാറുണ്ട്’ ജാൻവി പറഞ്ഞു.

Tags:    
News Summary - Janhvi Kapoor recalls sridevi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.