നടി മീന ചെറുപ്പത്തിൽ
മലയാള സിനിമയുടെ എവർ ഗ്രീൻ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ നായികമാരായി സിനിമയിൽ അരങ്ങേറ്റം കുറിച്ചവർ ഏറെയാണ്. അതിൽ ചിലർ പ്രേക്ഷരുടെ ഇഷ്ട ജോഡികളായും മാറി. എന്നാൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിച്ച ഒരു തെന്നിന്ത്യൻ താര സുന്ദരി ഉണ്ട്. അത് മറ്റാരുമല്ല, ബാല താരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ നായികയായി മാറിയ മലയാളികളുടെ പ്രിയങ്കരി മീനയാണ്. വ്യത്യസ്ത സിനിമകളിലാണെങ്കിലും ഈ മൂന്ന് വേഷങ്ങളും നടനോടൊപ്പം അഭിനയിച്ചതിന്‍റെ ബഹുമതി മീനക്ക് സ്വന്തമാണ്.
ആറാം വയസ്സിൽ ബാലതാരമായി എത്തിയ മീന, ശിവാജി ഗണേശന്‍റെ നെഞ്ചങ്ങൾ (1982) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. വളരെ പെട്ടെന്നുതന്നെ രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത് തുടങ്ങിയ താരങ്ങളോടൊപ്പവും മീന അഭിനയിച്ചു. 1984ൽ പി.ജി. വിശ്വംഭരന്റെ 'ഒരു കൊച്ചുകഥ ആരും പറയാത്ത കഥ' എന്ന ചിത്രത്തിലൂടെയാണ് മീന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായാണ് നടി അഭിനയിച്ചത്. വർഷങ്ങൾക്കുശേഷം നായികയായി തിരിച്ചെത്തിയ മീന തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിദ്യമായി മാറി. നിരവധി ഹിറ്റു ചിത്രങ്ങളുടെ ഭാഗമാകാനും മീനക്ക് സാധിച്ചു.
2001 മലയാള ചിത്രത്തിൽ എത്തിയ നടി വിനയന്റെ രാക്ഷസ രാജാവ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിരുന്നു. പിന്നീട് കറുത്ത പക്ഷികൾ (2006), കഥ പറയുമ്പോൾ (2007) തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും മീന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2014ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവലായ 'ബാല്യകാലസഖി' ചലച്ചിത്രമാക്കിയതിൽ അവർ വീണ്ടും ഒന്നിച്ച് അഭിനയിച്ചു. എന്നാൽ ബാല്യകാല സഖിയിൽ മീന മമ്മൂട്ടിയുടെ അമ്മയായാണ് അഭിനയിച്ചത്. ചിത്രത്തിൽ മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയതിനാൽതന്നെ നടന്‍റെ ഭാര്യയായും അമ്മയായും മീന അഭിനയിച്ച ചിത്രം കൂടെയാണിത്.
സംവിധായകൻ സിബി മലയിലിന്‍റെ സാന്ത്വനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി എത്തിയ മീന, മോഹൻലാലിന്‍റെ വർണകാഴ്ചകൾ, ഒളിമ്പ്യൻ ആന്‍റണി ആദം, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോൽസവം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബ്രോ ഡാഡി, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അഭിയിച്ചു. സംവിധായകൻ ജീത്തു ജോസഫിന്‍റെ ദൃശ്യം 3ആണ് മീനയുടെ ഏറ്റവും പുതിയ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രം 2026 ഏപ്രിലിൽ തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.