‘കൊച്ചു കുട്ടിയുടെ ആവേശത്തോടെ അച്ഛൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ’; ധർമേന്ദ്രയുടെ പത്മവിഭൂഷൺ പുരസ്കാരത്തിൽ വികാരാധീനയായി ഇഷ ഡിയോൾ

ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം, ബോളിവുഡിന്റെ സ്വന്തം 'ഹീ-മാൻ' ധർമേന്ദ്രക്ക് രാജ്യം നൽകിയ പരമോന്നത ആദരം. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനുള്ള അംഗീകാരമായി മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് ധർമേന്ദ്രയുടെ പത്നിയും നടിയുമായ ഹേമമാലിനി പുരസ്കാരം ഏറ്റുവാങ്ങിയത്.

രാജ്യം ഒരു ഇതിഹാസ താരത്തെ ആദരിക്കുന്ന ചടങ്ങ് ഹൃദയസ്പർശിയായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ ഹേമമാലിനിക്കൊപ്പം മകൾ അഹാന ഡിയോളും ഉണ്ടായിരുന്നു. വേദിയിൽ തന്റെ പിതാവിന് ലഭിച്ച ഈ ഉന്നത ബഹുമതി അമ്മ ഏറ്റുവാങ്ങുന്നത് കണ്ട് വിതുമ്പുന്ന അഹാനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മകൾ ഇഷ ഡിയോളിന് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, അപ്രതീക്ഷിതമായ ചില അസൗകര്യങ്ങൾ കാരണം അതിന് സാധിച്ചില്ലെന്ന് ഹേമമാലിനി നേരത്തെ വ്യക്തമാക്കിയിരുന്നു.

പുരസ്കാര വേദിയിൽ നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിലും, പിതാവിനെക്കുറിച്ചുള്ള മനോഹരമായ ഓർമകൾ സോഷ്യൽ മീഡിയയിലൂടെ ഇഷ ഡിയോൾ പങ്കുവെച്ചത് ഏവരെയും കണ്ണീരണിയിച്ചു. "അഭിമാനത്തിന്റെയും വികാരത്തിന്റെയും നിമിഷം. വെളുത്ത ഷർട്ടും നീല സ്യൂട്ടും ധരിച്ച്, ഒരു ചെറിയ കുട്ടിയുടെ ആവേശത്തോടെ ഈ ബഹുമതി സ്വീകരിക്കാൻ അച്ഛൻ ഇന്ന് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ എത്രമാത്രം ആഗ്രഹിക്കുന്നു!" ഇഷ കുറിച്ചു. തങ്ങളുടെ പ്രിയപ്പെട്ട പിതാവിനെ തങ്ങൾ എന്നും സ്നേഹിക്കുകയും ഓരോ നിമിഷവും ഓർക്കുകയും ചെയ്യുമെന്നും ഇഷ കൂട്ടിച്ചേർത്തു.

ആറ് പതിറ്റാണ്ടോളം നീണ്ട കരിയറിൽ 300ലധികം ചിത്രങ്ങളിൽ വേഷമിട്ട ധർമേന്ദ്ര ബോളിവുഡിന്റെ അവിഭാജ്യ ഘടകമായിരുന്നു. 2025 നവംബറിലാണ് അദ്ദേഹം വിടവാങ്ങിയത്. അസാധാരണമായ അഭിനയമികവും വ്യക്തിപ്രഭാവവും കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ധർമേന്ദ്രയ്ക്ക് 2012ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. അതെല്ലാം കടന്നുള്ള പത്മവിഭൂഷൺ പുരസ്കാരം അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾക്കുള്ള ഏറ്റവും വലിയ അംഗീകാരമായി മാറുകയാണ്.

Tags:    
News Summary - Esha Deol pens emotional note as Hema Malini accepts Dharmendra’s Padma Vibhushan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.