സൽമാൻ ഖാൻ
മൂന്ന് പതിറ്റാണ്ടിലേറെയായി നീണ്ടുനിൽക്കുന്ന സിനിമാ ജീവിതത്തിൽ എപ്പോഴും തന്റെ ചുറുചുറുക്കും നിത്യയൗവനവും കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച താരമാണ് സൽമാൻ ഖാൻ. പ്രായം പിന്നോട്ട് സഞ്ചരിക്കുന്ന താരം എന്നാണ് ആരാധകർ പലപ്പോഴും സൽമാനെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ, അടുത്തിടെ മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത താരത്തിന്റെ രൂപം ആരാധകരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 60 വയസ്സുകാരനായ സൽമാനെ കണ്ടാൽ പെട്ടെന്ന് പ്രായം ഒരുപാട് കൂടിയതുപോലെ തോന്നിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം.
മുംബൈയിലെ സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ (SRA) ഡാറ്റാ കലക്ഷൻ ആൻഡ് വെരിഫിക്കേഷൻ സപ്പോർട്ട് സെന്ററിന്റെ (ഐ.ടി സെർവർ റൂം) ഉദ്ഘാടന ചടങ്ങിലാണ് സൽമാൻ ഖാൻ പങ്കെടുത്തത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറുമ്പോൾ താരം പുഞ്ചിരിക്കുന്നുണ്ടെങ്കിലും, കാണാൻ വളരെ ക്ഷീണിതനായും ഒട്ടും വയ്യാത്തതുപോലെയുമാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇതാണ് ആരാധകരെ ഞെട്ടിച്ചതും വിഷമിപ്പിച്ചതും.
വിഡിയോ വൈറലായതിന് പിന്നാലെ ആശങ്കാകുലരായ ആരാധകരുടെ കമന്റുകൾ കൊണ്ട് നിറയുകയാണ് എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ. അദ്ദേഹത്തിന് സുഖമില്ലെന്ന് തോന്നുന്നു, ദൈവം അനുഗ്രഹിക്കട്ടെ, ആരാധകൻ കുറിച്ചു. എന്റെ ഹീറോക്ക് പ്രായമേറുകയാണ്, ഭായിക്ക് എന്താണ് സംഭവിച്ചത്?, സൽമാന് എന്തോ വലിയ ആരോഗ്യപ്രശ്നമുള്ളതുപോലെ തോന്നുന്നു, അദ്ദേഹത്തെ ഇങ്ങനെ കാണാൻ എനിക്ക് കഴിയില്ല എന്നിങ്ങനെ പോകുന്നു കമന്‍റുകൾ. അതിലൊന്നും കുഴപ്പമില്ല, എല്ലാവർക്കും പ്രായമാകും. എങ്കിലും ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ഭായ്," എന്ന് പറഞ്ഞ് താരത്തെ ആശ്വസിപ്പിക്കുന്നവരുമുണ്ട്.
തന്റെ പ്രായത്തെക്കുറിച്ചും ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും സൽമാൻ ഖാൻ തന്നെ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. അപൂർവ്വ ലഖിയ സംവിധാനം ചെയ്യുന്ന 'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്' എന്ന പീരിയഡ് വാർ ഡ്രാമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണത്തിനായി കഴിഞ്ഞ വർഷം ലഡാക്കിലെ ലേയിൽ അദ്ദേഹം കഠിനമായ ഷെഡ്യൂളുകളിൽ പങ്കെടുത്തിരുന്നു. ഒരു സൈനികന്റെ വേഷം ചെയ്യുന്നത് ശാരീരികമായി വളരെയധികം തളർത്തുന്ന ഒന്നാണെന്ന് സൽമാൻ സമ്മതിച്ചിരുന്നു.
"ശാരീരികമായി ഇത് വലിയ അധ്വാനം ആവശ്യപ്പെടുന്ന ചിത്രമാണ്. മുൻപൊക്കെ ഇത്തരം ആക്ഷൻ രംഗങ്ങൾ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് ഞാൻ ചെയ്തുതീർക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് കൂടുതൽ സമയമെടുക്കുന്നു. ഇതിനായി ഒരുപാട് ഓടാനും വർക്കൗട്ട് ചെയ്യാനും ഇടിയും ചവിട്ടുമൊക്കെ പഠിക്കേണ്ടി വന്നു. 'സിക്കന്ദർ' എന്ന ചിത്രത്തിലെ ആക്ഷൻ വേറെയായിരുന്നു, എന്നാൽ മാതൃഭൂമിക്ക് എല്ലാം വ്യത്യസ്തമാണ്."
ലഡാക്കിലെ ഉയർന്ന പ്രദേശങ്ങളിൽ, കഠിനമായ തണുപ്പിൽ ഷൂട്ട് ചെയ്യുമ്പോൾ തലകറങ്ങി വീഴാൻ പാടില്ലാത്തതുകൊണ്ട് പ്രത്യേക പരിശീലനം നേടിയിരുന്നതായും സൽമാൻ വ്യക്തമാക്കിയിരുന്നു. ലഡാക്കിലെ 20 ദിവസത്തെ ഷൂട്ടിങ്ങിൽ 8 ദിവസത്തോളം ഐസ് പോലുള്ള തണുത്ത വെള്ളത്തിലാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചത്. സിനിമ ഒപ്പിട്ടപ്പോൾ വലിയ ആവേശം തോന്നിയെങ്കിലും ഇത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. തുടർച്ചയായ കഠിനമായ ഷൂട്ടിംഗും ശാരീരിക അധ്വാനവുമാണോ താരത്തിന്റെ ഈ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.