ലുപിത ന്യോംഗോ
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഒഡീസി' തിയറ്ററുകളിലെത്തി. ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം 20 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം കലക്ട് ചെയ്തത്. സിനിമയുടെ റിലീസിന് മുൻപ് തന്നെ ഇതിലെ നായിക കഥാപാത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ഉയർന്നിരുന്നു.
ചിത്രത്തിൽ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ആഫ്രിക്കൻ വംശജയായ നടി ലുപിത ന്യോംഗോയാണ്. ഗ്രീക്ക് പുരാണ പശ്ചാത്തലത്തിലുള്ള ഒരു കഥയിൽ കറുത്ത വർഗക്കാരിയായ നടിയെ കാസ്റ്റ് ചെയ്തതിനെതിരെ റിലീസിന് മുൻപ് നോളന് നേരെ കടുത്ത സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഹെലൻ എന്ന കഥാപാത്രത്തെ ലുപിത അവതരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്നായിരുന്നു വിമർശകരുടെ വാദം.
എന്നാൽ, പരമ്പരാഗതമായി യൂറോപ്യൻ സൗന്ദര്യ സങ്കൽപ്പങ്ങളിൽ മാത്രം ഒതുക്കിനിർത്തിയിരുന്ന ഒരു ക്ലാസിക് കഥാപാത്രത്തെ അവതരിപ്പിക്കാൻ ലുപിതയെ തിരഞ്ഞെടുത്തത് കേവലം കാസ്റ്റിങ് മാത്രമല്ലെന്നും, അത് മനുഷ്യ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിനുള്ള അംഗീകാരമാണെന്നുമാണ് സിനിമാ പ്രേക്ഷകരുടെ വിലയിരുത്തൽ. കാലങ്ങളായി വെളുത്ത ചർമത്തിന് ചുറ്റും മാത്രം കെട്ടിപ്പടുത്ത സൗന്ദര്യ സങ്കല്പങ്ങളെ പൊളിച്ചെഴുതാൻ ലുപിതയേക്കാൾ മികച്ചൊരു ചോയ്സ് ഇല്ലെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ചിത്രം റിലീസ് ചെയ്തതോടെ വിമർശകരെപ്പോലും ആകർഷിക്കുന്ന പ്രകടനമാണ് ലുപിത കാഴ്ചവെച്ചിരിക്കുന്നത്. കഥാപാത്രത്തിന് അവർ നൽകിയ ആഴവും തീവ്രതയും അഭിനയവും ഏറെ ജീവസ്സുറ്റതാണെന്ന് സിനിമ കണ്ടവർ വിലയിരുത്തുന്നു. മുൻപ് ഉയർന്നുവന്ന വിമർശനങ്ങൾക്കൊന്നും കാരണം പുരാണമോ ചരിത്രമോ അല്ലെന്നും, മറിച്ച് ചർമത്തിന്റെ നിറം മാത്രമാണെന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. നോളന്റെ കരിയറിലെ ഏറ്റവും മികച്ച കാസ്റ്റിങ്ങുകളിൽ ഒന്നാണ് ലുപിതയുടേതെന്നാണ് ഇപ്പോൾ സിനിമാ ലോകത്തുനിന്നുള്ള പൊതുവെയുള്ള പ്രതികരണം.
ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന ട്രാൻസ്മാൻ കൂടിയായ എലിയറ്റ് പേജിന്റെ കാസ്റ്റിങ്ങും വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായി. അദ്ദേഹം ഗ്രീക്ക് യോദ്ധാവായ സിനാനെയാണ് അവതരിപ്പിക്കുന്നത് എങ്കിലും, ഒരു ട്രാൻസ് വ്യക്തിയെ കാസ്റ്റ് ചെയ്തതിനെയാണ് പലരും എതിർത്തത്. എന്നാൽ, ഇതേ ചിത്രത്തിൽ 'അഥീന' എന്ന കഥാപാത്രമായി സെൻഡയയെ തിരഞ്ഞെടുത്തപ്പോൾ ആളുകളിൽ നിന്ന് വലിയ രീതിയിലുള്ള എതിർപ്പുകൾ ഉണ്ടായില്ല. പരമ്പരാഗതമായ വെളുത്ത സൗന്ദര്യ സങ്കൽപ്പങ്ങളോട് ചേർന്നുനിൽക്കുന്ന രൂപമുള്ളതുകൊണ്ടാണ് സെൻഡയയുടെ കാസ്റ്റിങ് എളുപ്പത്തിൽ സ്വീകരിക്കപ്പെട്ടത്. ഹോമറുടെ കൃതികളോടുള്ള വിശ്വസ്തതയുടെ പേര് പറഞ്ഞാണ് ഈ ചർച്ചകളെല്ലാം നടക്കുന്നത് എങ്കിലും, യഥാർത്ഥത്തിൽ ഇത് കാലങ്ങളായി സമൂഹം നിശ്ചയിച്ചുറപ്പിച്ച സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചും അതിൽ ആർക്കൊക്കെ ഇടം നൽകാം എന്നതിനെക്കുറിച്ചുമുള്ള തർക്കമാണ്.
ചരിത്രപരമായ കൃത്യതക്ക് ഹോളിവുഡ് എക്കാലത്തും വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലുടനീളം ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ കഥാപാത്രങ്ങളെ വെളുത്ത വർഗ്ഗക്കാരായ അഭിനേതാക്കളെക്കൊണ്ട് ചെയ്യിപ്പിച്ച ചരിത്രം ഹോളിവുഡിനുണ്ട്. സ്കാർലറ്റ് ജോഹാൻസന്റെ 'ഗോസ്റ്റ് ഇൻ ദി ഷെൽ' എമ്മ സ്റ്റോണിന്റെ 'അലോഹ' എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ പുരാണങ്ങളും സാഹിത്യവും അങ്ങനെയല്ല, അവ കാലത്തിനനുസരിച്ച് പുനർവ്യാഖ്യാനം ചെയ്യപ്പെടേണ്ടവയാണ്. ഷേക്സ്പിയറുടെ ഹാംലെറ്റ് നാടകം ജപ്പാനിലെ ഫ്യൂഡൽ കാലഘട്ടത്തിന്റെയോ നാസി ജർമ്മനിയുടെയോ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ടപ്പോഴും ആരും അതിന്റെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.