അക്രമിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന നടൻ സെയ്ഫ് അലിഖാൻ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. നടന്നു പോകുന്ന സെയ്ഫിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധാകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു നടൻ നടന്നു പോയത്. വിഡിയോ വൈറലായതോടെ സംശയം പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു.നട്ടെല്ലിനടുത്ത് ഗുരുതര പരിക്കേറ്റയാൾ കുറച്ചുദിവസങ്ങൾക്കുള്ളിൽ എങ്ങനെയാണ് ഇങ്ങനെ നടന്നു പോകുന്നത്‍? വലിയ സർജറിക്ക് വിധേയനായ ആൾ ഇങ്ങനെ നടക്കുമോ എന്നിങ്ങനെയായിരുന്നു ആരാധകരുടെ സംശയങ്ങൾ.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംശയങ്ങൾക്ക് മറുപടിയുമായി ഡോക്ടർ അമിത് തടാനി എത്തിയിരിക്കുകയാണ് . എക്സിലൂടെയാണ് ഡോക്ടർ മറുപടി നൽകിയിരിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭംഗിയെന്നാണ് ഡോക്ടർ ഇതിനെക്കുറിച്ച് പറയുന്നത്.' സെയ്ഫ് അലിഖാൻ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ വിഡിയോ കണ്ടു. അതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭംഗി. നട്ടെല്ലിന്റെ ശസ്ത്രക്രിയ ഇന്ന് ഒരു ദിവസമായി മാറി. നട്ടെല്ലിന് ഗുരുതര ശസ്ത്രക്രിയ കഴിഞ്ഞാലും ഒരു ദിവസത്തിനുള്ളിൽ തന്നെ ബെഡ് റെസ്റ്റൊന്നുമില്ലാതെ ഡിസ്ചാർജ് ചെയ്യാം'- അമിത് തടാനി കുറിച്ചു. മറ്റൊരു ഡോക്ടറു സെയ്ഫിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.നട്ടെല്ലിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് അന്നു വൈകുന്നേരം തന്റെ മാതാവ് നടന്നുവെന്നാണ് പറഞ്ഞത്.
ജനവരി 16ന് പുലര്‍ച്ചെ 2.30നാണ് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിൽവെച്ച് കുത്തേറ്റത്. ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. സെയ്ഫ് അലി ഖാന്റെ നട്ടെല്ലിന് സമീപത്തുനിന്നും 2.5 ഇഞ്ച് നീളമുള്ള ബ്ലേഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു എന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.