രൺവീർ സിങ്
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ'എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ നടൻ രൺവീർ സിങ് പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്. രൺവീറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായി ഇത് വിലയിരുത്തപ്പെടുന്നു. ഇതിനുമുമ്പ് സഞ്ജയ് ലീല ബൻസാലിയുടെ 'പദ്മാവതി'ലെ അലാവുദ്ദീൻ ഖിൽജിയായിരുന്നു താരത്തിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം. എന്നാൽ 'ധുരന്ധർ' ആ റെക്കോർഡും മറികടന്നിരിക്കുന്നു. രൺവീറിന്റെ ബിസിനസ് പങ്കാളിയായ നികുഞ്ച് ബിയാനി മെൻസ് എക്സ്പിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ധുരന്ധറിലെ ഹംസ, ജസ്കിരിത് സിങ് രംഗി എന്നീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് ഖിൽജിയെക്കാൾ എത്രയോ മടങ്ങ് പ്രയാസകരമായിരുന്നുവെന്ന് രൺവീർ തന്നോട് പറഞ്ഞതായി നികുഞ്ച് ഓർക്കുന്നു. ‘ഈ കഥാപാത്രം ഒരു കലാകാരൻ എന്ന നിലയിൽ എന്നെ വളരെയധികം പരീക്ഷിച്ചു. ഇത് എന്നിൽ നിന്ന് ഒരുപാട് ഊർജ്ജം ആവശ്യപ്പെട്ടു. ഇതിനായി എനിക്ക് എന്റെ 300 ശതമാനവും നൽകേണ്ടി വന്നു’ എന്നാണ് രൺവീർ പറഞ്ഞത്.
2019ൽ ഖിൽജി എന്ന കഥാപാത്രത്തിലേക്ക് മാറുന്നതിനായി രൺവീർ ഗോരേഗാവിലെ വീട്ടിൽ 21 ദിവസം സ്വയം തടവിൽ കഴിഞ്ഞു. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ, ഖിൽജിയുടെ ക്രൂരതയും അത്യാഗ്രഹവും മനസ്സിലാക്കാൻ നിരവധി പുസ്തകങ്ങൾ വായിച്ചു. ഈ പ്രക്രിയ തന്നെ ഒരു ഇരുണ്ട മാനസികാവസ്ഥയിലേക്ക് നയിച്ചുവെന്നും അത് അപകടകരമായിരുന്നുവെന്നും രൺവീർ വെളിപ്പെടുത്തിയിരുന്നു.
അഭിനയത്തിന് പുറമെ രൺവീറിന്റെ ബിസിനസ് കാര്യങ്ങളെക്കുറിച്ചും നികുഞ്ച് സംസാരിച്ചു. സൂപ്പർ യു എന്ന ബ്രാൻഡിന്റെ സഹസ്ഥാപകൻ കൂടിയായ രൺവീർ ഓരോ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ്. ഒരു പരസ്യ ചിത്രത്തിന്റെ ഓരോ ഫ്രെയിമും സ്ക്രീൻഷോട്ട് എടുത്ത് അതിൽ മാറ്റങ്ങൾ വരുത്തേണ്ട കാര്യങ്ങൾ അദ്ദേഹം സ്വയം പറഞ്ഞു കൊടുക്കാറുണ്ട്.
20 വർഷം മുമ്പുള്ള കാര്യങ്ങൾ പോലും കൃത്യമായി ഓർത്തെടുക്കാനുള്ള രൺവീറിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണെന്ന് നികുഞ്ച് പറയുന്നു. ബിസിനസ് കാര്യങ്ങളിൽ പങ്കാളികളെ വിശ്വസിക്കുമ്പോഴും, ക്രിയേറ്റീവ് ആയ കാര്യങ്ങളിൽ അദ്ദേഹം നേരിട്ട് ഇടപെടുകയും മികച്ച നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. സിനിമയിലെ ഊർജ്ജസ്വലനായ താരത്തിന് പിന്നിൽ അങ്ങേയറ്റം ഗൗരവമായി കാര്യങ്ങളെ സമീപിക്കുന്ന, ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ നൽകുന്ന മറ്റൊരു രൺവീർ ഉണ്ടെന്ന് നികുഞ്ച് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.