തെലുങ്ക് ചലച്ചിത്ര താരം വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. ആദിവാസികള്‍ക്ക് എതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു സിനിമയുടെ പ്രീ റിലീസ് ഇവെന്‍റില്‍ പങ്കെടുക്കവെ ആയിരുന്നു താരത്തിന്‍റെ വിവാദ പരാമര്‍ശം. ജോയിന്റ് ആക്ഷൻ കമ്മിറ്റി ഓഫ് ട്രൈബൽ കമ്യൂണിറ്റീസ് എന്ന സംഘടനയുടെ പ്രസിഡന്റായ നേനവത് അശോക് കുമാർ നായക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂണ്‍ 17 നാണ് പൊലീസ് കേസ് എടുത്തത്.
പഹൽഗാം ആക്രമണത്തെ വിമർശിക്കുന്നതിനിടെ പാകിസ്താനെതിരെ രൂക്ഷമായി താരം പ്രതികരിച്ചിരുന്നു. 500 വർഷം മുൻപ് ഗോത്രജനവിഭാഗങ്ങൾ പെരുമാറിയിരുന്ന പോലെയാണ് പാകിസ്താൻ ഇപ്പോഴും ആക്രമണങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. ഈ പ്രതികരണത്തിനെതിരെ ശക്തമായ എതിർപ്പ് ആ സമയത്ത് തന്നെ ഉയർന്നിരുന്നു. തീവ്രവാദികളെ ഗോത്രജനവിഭാഗങ്ങളോട് ഉപമിച്ചുകൊണ്ട് ട്രൈബൽ കമ്യൂണിറ്റിയെ നടൻ അപമാനിച്ചെന്നും വംശീയാധിക്ഷേപമാണ് നടത്തിയതെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിജയ് ദേവരകൊണ്ട രംഗത്തെത്തിയിരുന്നു. മെയ് 3 ന് എക്സിലൂടെ ആയിരുന്നു താരത്തിന്‍റെ പോസ്റ്റ്. എല്ലാ ജനവിഭാഗങ്ങളെയും, വിശേഷിച്ച് ആദിവാസികളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും വേദനിപ്പിക്കാന്‍ ലക്ഷ്യമുള്ളതായിരുന്നില്ല തന്‍റെ പരാമര്‍ശമെന്നും വിജയ് ദേവരകൊണ്ട കുറിച്ചിരുന്നു. തന്‍റെ വാക്കുകളിലെ ഏതെങ്കിലും ഭാഗങ്ങള്‍ ഏതെങ്കിലും വിഭാഗങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നു. സമാധാനത്തെക്കുറിച്ചും ഉന്നമനത്തെക്കുറിച്ചും ഒരുമയെക്കുറിച്ചുമുള്ള ആശയം മുന്നോട്ടുവെക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് എന്‍റെ പ്ലാറ്റ്‍ഫോം ഞാന്‍ ഉപയോഗിക്കുക, വിജയ് ദേവരകൊണ്ട കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.