ധർമേന്ദ്രയും ബോബി ഡിയോളും

‘പപ്പാ, നിങ്ങൾക്ക് വരാൻ കഴിഞ്ഞില്ല, അതുകൊണ്ട് നിങ്ങൾക്കുള്ള അവാർഡ് ഇതാ ഞാൻ കൊണ്ടുവന്നിട്ടുണ്ട്’; അവാർഡ് വേദിയിൽ വിങ്ങിപ്പൊട്ടി ബോബി ഡിയോൾ

ഇന്ത്യൻ സിനിമയിലെ 'ഹീമാൻ' എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്രയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന് രാജ്യം നൽകിയ  ആദരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ വികാരാധീനനായി മകൻ ബോബി ഡിയോൾ. മുംബൈയിൽ നടന്ന ചടങ്ങിൽ പിതാവിനായി പ്രഖ്യാപിച്ച സമഗ്രസംഭാവനക്കുള്ള പുരസ്കാരം ഏറ്റുവാങ്ങവെയാണ് ബോബി ഡിയോൾ കണ്ണീരണഞ്ഞത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, പ്രശസ്ത തിരക്കഥാകൃത്ത് ജാവേദ് അക്തർ, സംവിധായകൻ രമേശ് സിപ്പി എന്നിവർ ചേർന്നാണ് അവാർഡ് കൈമാറിയത്. അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവേ, താൻ ഇത്തരമൊരു സാഹചര്യത്തിൽ ഇവിടെ നിൽക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ബോബി പറഞ്ഞു.

‘നിങ്ങളുടെയെല്ലാം കണ്ണുകളിൽ എന്റെ പിതാവിനോടുള്ള സ്നേഹം ഞാൻ കാണുന്നുണ്ട്. സിനിമയിലൂടെ മാത്രമല്ല, തന്റെ ഇൻസ്റ്റാഗ്രാം റീൽസിലൂടെ പോലും അദ്ദേഹം എല്ലാവരുടെയും ഹൃദയം തൊട്ടു. നമ്മളിലെ കഴിവുകളിൽ വിശ്വസിച്ചാൽ എന്തും നേടാമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. പപ്പാ, നിങ്ങൾക്ക് വരാൻ കഴിഞ്ഞില്ല, അതുകൊണ്ട് ഞാൻ നിങ്ങളുടെ അവാർഡ് വീട്ടിലേക്ക് കൊണ്ടുവരികയാണ് എന്ന് അദ്ദേഹത്തോട് പറയണമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ മകനായി ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. പപ്പാ, നിങ്ങളാണ് ഏറ്റവും മികച്ചയാൾ’ -ബോബി ഡിയോൾ പറഞ്ഞു.

ഈ വർഷം മരണാനന്തര ബഹുമതിയായി ധർമേന്ദ്രക്ക് പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. 79-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സിന്റെ (BAFTA) 'ഇൻ മെമ്മോറിയം' വിഭാഗത്തിൽ ധർമേന്ദ്രയെ ഉൾപ്പെടുത്തിയിരുന്നു. അവാർഡ് നൽകുന്നതിന് മുന്നോടിയായി ധർമേന്ദ്രയുടെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിച്ചു. ഇതിൽ ധർമേന്ദ്ര എഴുതിയ കവിതകൾ അമിതാഭ് ബച്ചൻ തന്റെ ശബ്ദത്തിൽ ആലപിച്ചത് ശ്രദ്ധേയമായി. കഴിഞ്ഞ വർഷം നവംബർ 24ന് 89-ാം വയസ്സിലാണ് ധർമേന്ദ്ര അന്തരിച്ചത്. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത 'ഇക്കിസ്' (Ikkis) ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ഈ വർഷം ജനുവരി 1ന് റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Tags:    
News Summary - Bobby Deol gets emotional

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.