കൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതിയില്‍ മൊഴി നല്‍കാനാകാതെ അന്‍സിബ ഹസന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയ അന്‍സിബ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കേണ്ട ഉദ്യോഗസ്ഥൻ സ്റ്റേഷനില്‍ ഇല്ലെന്നാണ് പൊലീസ് നൽകിയ മറുപടി. പൊലീസിന്‍റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് അന്‍സിബ ഹസൻ പ്രതികരിച്ചു.
കേസിൽ ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ തയാറാകാതിരുന്ന പൊലീസ്, കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ ഉള്‍പ്പെടെ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, അമ്മ സംഘടന പ്രസിഡന്‍റ് സ്ഥാനം ഒഴിയാത്തതിൽ ശ്വേത മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റിനും അൻസിബ മറുപടി നൽകി. താൻ രാജിവെക്കരുതെന്ന് മമ്മൂട്ടിയും മോഹൻലാലും വരെ പറഞ്ഞിരുന്നെന്ന ശ്വേതയുടെ വിശദീകരണത്തിൽ വിശ്വാസമില്ലെന്നാണ് അൻസിബ പറഞ്ഞത്. അത് മമ്മൂട്ടിയും മോഹൻലാലും നേരിട്ട് പറയട്ടെയെന്നും അൻസിബ കൂട്ടിച്ചേർത്തു. ടിനി ടോമിനെതിരായ കേസിൽ കടവന്ത്ര സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് അൻസിബ ഇക്കാര്യം വ്യക്തമാക്കിയത്.
താരസംഘടനയായ അമ്മയെ കാവിവത്കരിക്കാൻ ശ്വേതാമേനോൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി ഒരു വിഭാഗം നടിമാർ രംഗത്തെത്തിയിരുന്നു. അദാനിയിൽനിന്ന് 15 കോടി ശ്വേത അമ്മക്കായി ഉറപ്പാക്കിയെന്ന ബി.ജെ.പി വനിത നേതാവിന്റെ പരാമർശം പുറത്തുവിട്ടാണ് മാല പാർവതിയും അൻസിബ ഹസനും ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളെ കണ്ടത്. രാജി പ്രഖ്യാപിച്ച ശ്വേതയുടെ തിരിച്ചുവരവ് ആരുടെയോ അജൻഡ നടപ്പാക്കാനുള്ള ശ്രമമാണ്. പണം കൊടുത്തയാളുകൾ വീണ്ടും അവരോട് അവിടെ പോയിരിക്കാൻ പറഞ്ഞിട്ടുണ്ട്.
അമ്മയിൽ 32 വർഷമായി ഒരു മതസ്ഥാപനങ്ങളും കടന്നു വന്നിട്ടില്ലെന്നും കുടുംബ മേളയുടെ സ്പോൺസർ അമ്പലമാകുന്നതിനെ താൻ എതിർത്തതോടെയാണ് ശത്രുവായി മാറിയതെന്നും അൻസിബ പറഞ്ഞു. പരാതിയുമായി സ്റ്റേഷനിൽ പോയാൽ ആഭ്യന്തര മന്ത്രി പറഞ്ഞാൽ പോലും കേൾക്കാത്ത പൊലീസുകാരാണ് ഉള്ളതെന്നും അൻസിബയുടെ വിമർശനം ഉന്നയിച്ചു.
ശ്വേതയെ ആരും അധിക്ഷേപിച്ചില്ലെന്നും ജനറൽ ബോഡിയിൽ കണക്ക് ശരിയല്ലാത്തത് അംഗങ്ങൾ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നും ഉഷ പറഞ്ഞു. പ്രശ്നപരിഹാരത്തിന് എന്താണ് വഴിയെന്ന് ചോദ്യത്തിന് ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ അമ്മയെ ഏറ്റെടുക്കണമെന്നും മാല പാർവതി. എന്നാൽ രാജിവെക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽക്കണമെന്നും പറഞ്ഞ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന അംഗങ്ങൾക്കും നന്ദി പറഞ്ഞാണ് ശ്വേത എതിരാളികൾക്ക് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.