തൃഷ
ഓൺലൈൻ വഴി ഓർഡർ ചെയ്ത വസ്ത്രങ്ങളിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് ആരോപിച്ച് പ്രമുഖ രാജ്യാന്തര ഫാഷൻ ബ്രാൻഡായ സാറക്കെതിരെ പരസ്യ പ്രതികരണവുമായി നടി തൃഷ കൃഷ്ണൻ. തുടർച്ചയായി മൂന്നാം തവണയാണ് തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടാകുന്നതെന്ന് തൃഷ വ്യക്തമാക്കി.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ബ്രാൻഡിന്റെ ഔദ്യോഗിക ഹാൻഡിലിനെയും കസ്റ്റമർ കെയർ അക്കൗണ്ടിനെയും ടാഗ് ചെയ്തുകൊണ്ട് അതൃപ്തി രേഖപ്പെടുത്തിയത്. താൻ എന്താണ് ഓർഡർ ചെയ്തതെന്ന് തൃഷ വെളിപ്പെടുത്തിയില്ലെങ്കിലും കടുത്ത ഭാഷയിലായിരുന്നു വിമർശനം.
‘പ്രിയപ്പെട്ട സാറ, ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. അടുത്ത തവണ ഹോം ഡെലിവറി ചെയ്യുമ്പോൾ വസ്ത്രങ്ങളിൽ നിന്ന് ദുർഗന്ധം (ചെറിയ രീതിയിൽ പോലും) വമിക്കുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഇങ്ങനെയുണ്ടാകുന്നത്. ഇത് വളരെ അരോചകമാണ്. വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന് മുമ്പ് അതൊന്ന് മണത്തു നോക്കാനെങ്കിലും തയാറാവുക’ തൃഷ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മറ്റാരോ ധരിച്ചു നോക്കിയ ശേഷമോ അല്ലെങ്കിൽ റിട്ടേൺ ചെയ്ത ശേഷമോ കൃത്യമായ പരിശോധനകൾ നടത്താതെ വീണ്ടും പാക്ക് ചെയ്ത് അയച്ചതുകൊണ്ടാകാം വസ്ത്രങ്ങളിൽ നിന്ന് ദുർഗന്ധം വമിച്ചതെന്നാണ് വിലയിരുത്തൽ.
വൻകിട ബ്രാൻഡുകളുടെ ഷോറൂമുകളിൽ ആളുകൾ ട്രയൽ നോക്കുന്ന വസ്ത്രങ്ങൾ പലപ്പോഴും പിന്നീട് ഓൺലൈൻ ഓർഡറുകൾക്കായി പാക്ക് ചെയ്ത് അയക്കാറുണ്ട്. നടി തൃഷ ഉന്നയിച്ച ഈ പരാതി ഫാഷൻ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി വസ്ത്രങ്ങൾ ഡെലിവറി ചെയ്യുമ്പോൾ വസ്ത്ര ബ്രാൻഡുകൾ വരുത്തുന്ന ഗുരുതരമായ വീഴ്ചകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
തൃഷയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെ സമാനമായ അനുഭവങ്ങൾ ഉണ്ടായതായി നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വലിയ വില നൽകി വാങ്ങുന്ന വസ്ത്രങ്ങൾ പോലും ഉപയോഗിച്ച വസ്ത്രങ്ങൾ പോലെയാണ് പലപ്പോഴും ഡെലിവറി ലഭിക്കുന്നതെന്ന് പലരും സാറ കസ്റ്റമർ കെയറിനെ ടാഗ് ചെയ്തുകൊണ്ട് കുറിച്ചു.
അതേസമയം, പ്രായമാകുന്നതിനെക്കുറിച്ചോ ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചോ സംസാരിക്കാൻ മടിക്കുന്ന സിനിമാ മേഖലയിൽ, തന്റെ 43-ാം വയസ്സിൽ 'പെരിമെനോപോസ്' (ആർത്തവവിരാമത്തിന് തൊട്ടുമുമ്പുള്ള ഘട്ടം) എന്ന അവസ്ഥയെക്കുറിച്ച് തൃഷ പങ്കുവെച്ച മറ്റൊരു പോസ്റ്റും ശ്രദ്ധേയമായി. ‘പെരിമെനോപോസ് ഘട്ടത്തിൽ മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള ഹോർമോണുകൾ ഇല്ലാതാകുകയും, ഒന്നിനെയും വകവെക്കാത്ത (IDGAF) ഹോർമോണുകൾ ശരീരത്തെ നിയന്ത്രിക്കുകയും ചെയ്യുമെന്ന് ഒരു ഡോക്ടർ വിശദീകരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്’ എന്നൊരു കുറിപ്പാണ് തൃഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഇത് തികച്ചും സത്യമാണെന്ന അർത്ഥത്തിൽ 'Fact' എന്ന സ്റ്റിക്കറോടെയാണ് തൃഷ ഇത് റീപോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.