‘ബച്ചൻ രാവിലെ വന്ന് ഗുഡ് മോർണിങ്' പറയുന്നത് ഏതൊരു പെൺകുട്ടിയെയും ഭയപ്പെടുത്തിയേക്കാം; എന്നാൽ, ഇന്ന് അവൾ അവരുടെ രണ്ടാമത്തെ മകളാണ്’; ഐശ്വര്യയെക്കുറിച്ച് അഭിഷേക്

മുംബൈ: ബോളിവുഡിലെ ജനപ്രിയ താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒന്നിച്ചിട്ട് ഇന്നേക്ക് 19 വർഷം. 2007 ഏപ്രിൽ 20നായിരുന്നു ഇരുവരുടെയും വിവാഹം. ആ സമയത്ത് സിനിമാലോകം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ബോളിവുഡിലെ താരദമ്പതികളുടെ പിറവി.

2021ൽ രൺവീർ അല്ലാബാദിയയുടെ പോഡ്കാസ്റ്റിനിടെയാണ് ഐശ്വര്യയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് അഭിഷേക് വെളിപ്പെടുത്തുന്നത്. പ്രൊഡക്ഷൻ ബോയ് ആയി ജോലി ചെയ്യുന്ന കാലത്തായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. 1997 ആഗസ്റ്റിൽ സ്വിറ്റ്സർലൻഡിൽ മൃത്യുദാതാ എന്ന സിനിമയുടെ ലൊക്കേഷൻ സന്ദർശിക്കാന്‍ പോയതായിരുന്നു അന്ന് അഭിഷേക്. അവിട വെച്ച് ആദ്യ ചിത്രമായ ‘ഔർ പ്യാർ ഹോ ഗയ’യുടെ ഷൂട്ടിങ്ങിനിടെ തന്‍റെ ബാല്യകാല സുഹൃത്ത് ബോബി ഡിയോൾ അഭിഷേകിനെ ഡിന്നറിന് ക്ഷണിക്കുകയുണ്ടായി. ആ വിരുന്നിലാണ് അഭിഷേക് ബച്ചന്‍ ആദ്യമായി ഐശ്വര്യ റായിയെ കാണുന്നത്. അന്നത്തെ തന്‍റെ ബ്രിട്ടീഷ് ബോർഡിങ് സ്കൂൾ ശൈലിയിലുള്ള സംസാരം അവൾക്ക് ഒട്ടും മനസ്സിലായിരുന്നില്ലെന്ന് ഇപ്പോഴും പറയാറുണ്ടെന്ന് അഭിഷേക് കൂട്ടിച്ചേർത്തു.

വിവാഹമെന്ന വിശ്വാസം

വിവാഹം എന്നത് വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് തുല്യമാണെന്ന് ഇരുവരും വിശ്വസിക്കുന്ന ഒന്നാണ്. അതുകൊണ്ടാകാം തങ്ങൾ വളരെ പെട്ടെന്ന് അടുത്തതെന്ന് അഭിഷേക് അഭിമുഖങ്ങളിൽ സൂചിപ്പിച്ചിരുന്നു. കരിയറിന് വേണ്ടി വിവാഹം നീട്ടികൊണ്ടുപോകാനും അഭിഷേക് തയാറായിരുന്നില്ല.

കുടുംബബന്ധങ്ങൾ

ഐശ്വര്യയുടെ മാതാപിതാക്കൾക്ക് ഏറെ പ്രിയപ്പെട്ട മരുമകനാണ് അഭിഷേക്. ഇരുവരുടെയും പ്രണയത്തിന്‍റെ ആദ്യഘട്ടങ്ങളിൽ അവർ ചെറിയ രീതിയിൽ ഔചിത്യമൊക്കെ പ്രകടിപ്പിച്ചിരുന്നെങ്കിലും പെട്ടെന്നുതന്നെ അവരുടെ പ്രിയങ്കരനായി മാറാന്‍ അഭിഷേകിന് സാധിച്ചു. താരകുടുംബത്തിലാകട്ടെ ഐശ്വര്യറായ് രണ്ടാമതൊരു മകളെപ്പോലെയുമാണ്. ‘അമിതാഭ് ബച്ചനെപ്പോലൊരാൾ രാവിലെ വന്ന് ഗുഡ് മോർണിങ്' പറയുന്നത് ഏതൊരു പെൺകുട്ടിയെയും ഒന്ന് ഭയപ്പെടുത്തിയേക്കാം. എന്നാൽ, ഇന്ന് അദ്ദേഹം എന്നെക്കാൾ കൂടുതൽ സംസാരിക്കുന്നത് ഐശ്വര്യയോടാണ്. എന്റെ സഹോദരിയുടെ സ്ഥാനം ആർക്കും നൽകാനാവില്ലെങ്കിലും, എന്റെ മാതാപിതാക്കൾക്ക് ആഷ് രണ്ടാമതൊരു മകളെപ്പോലെയാണ്’ -അഭിഷേക് ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

പരസ്പര ബഹുമാനം

ഇരുവരുടെയും വിജയങ്ങൾ പരസ്പരം അംഗീകരിക്കാന്‍ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അഭിഷേക് ഒരിക്കൽ പറഞ്ഞിരുന്നു. ‘അവളുടെ പ്രശസ്തിയേക്കാൾ സന്തോഷം മറ്റൊന്നിലുമില്ല. അവൾ പത്മശ്രീ സ്വീകരിക്കുമ്പോഴോ കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കുമ്പോഴോ താങ്ങായി നിൽക്കുക എന്നതാണ് ഒരു പുരുഷനെന്ന നിലയിൽ ഞാൻ ചെയ്യേണ്ട ഏറ്റവും നല്ല കാര്യം. അത് പുരുഷത്വത്തിന് ചേർന്നതല്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ തികച്ചും പിന്തിരിപ്പൻ ചിന്താഗതിയാണ്' -അഭിഷേക് കൂട്ടിച്ചേർത്തു.

Tags:    
News Summary - Bachchan coming in and saying Good Morning' might scare any girl; but today, she is their second daughter": Abhishek on Aishwarya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.