അർജിത് സിങ്, ആമിർ ഖാൻ

‘അർജിത് ഇനി പാടില്ലേ? വാർത്ത കേട്ട് ഞങ്ങൾ ഷോക്കിലായിപ്പോയി’; വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഗായകന്റെ വീട്ടിലെത്തിയ അനുഭവം പങ്കുവെച്ച് ആമിർ ഖാൻ

സംഗീത ലോകത്തെ വിസ്മയിപ്പിച്ച അർജിത് സിങ്ങിന്റെ വിരമിക്കൽ പ്രഖ്യാപനം ആരാധകർക്കെന്ന പോലെ ബോളിവുഡിനും വലിയൊരു ആഘാതമായിരുന്നു. എന്നാൽ ആ പ്രഖ്യാപനത്തിന് പിന്നാലെ ബോളിവുഡ് മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ നേരിട്ട് അർജിത്തിന്റെ മുർഷിദാബാദിലെ വീട്ടിലെത്തിയതും അവിടെ ചിലവഴിച്ച നിമിഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തന്റെ മകൻ ജുനൈദ് ഖാൻ അരങ്ങേറ്റം കുറിക്കുന്ന 'ഏക് ദിൻ' എന്ന ചിത്രത്തിലെ പാട്ടുകൾ റെക്കോർഡ് ചെയ്യാൻ എത്തിയതായിരുന്നു ആമിർ ഖാനും സംഗീത സംവിധായകൻ രാം സമ്പത്തും. എന്നാൽ റെക്കോർഡിങ്ങിന് തൊട്ടുമുമ്പാണ് അർജിത് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ‘ഞങ്ങൾ ശരിക്കും ഷോക്കിലായിപ്പോയി. അർജിത് ഇനി ഞങ്ങൾക്ക് വേണ്ടി പാടുമോ എന്ന് പോലുമോ സംശയിച്ചു’ ആമിർ ആ നിമിഷം ഓർത്തെടുത്തു.

എന്നാൽ കൊടുത്ത വാക്ക് പാലിക്കുന്ന കാര്യത്തിൽ അർജിത് വിട്ടുവീഴ്ച ചെയ്തില്ല. മകൻ ജുനൈദിനായി അർജിത് പാടും എന്ന് ഉറപ്പ് നൽകിയതോടെയാണ് ആശ്വാസമായത്. എങ്കിലും, ‘നീ ഇങ്ങനെ ചെയ്യരുത് സുഹൃത്തേ, നീ പോയാൽ ഞങ്ങളുടെ ഒക്കെ അവസ്ഥ എന്താകും?’ എന്ന് ആമിർ സ്നേഹപൂർവ്വം ചോദിച്ചെങ്കിലും അർജിത് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നെന്നും ആമിർ പറഞ്ഞു.

മുർഷിദാബാദിലെ അർജിത്തിന്റെ വസതിയിൽ ചിലവഴിച്ച നാല് ദിവസങ്ങൾ ഒരു മാന്ത്രിക ലോകത്തെന്ന പോലെയായിരുന്നുവെന്ന് ആമിർ പറയുന്നു. സ്റ്റാർഡത്തിന്റെ യാതൊരു ജാഡയുമില്ലാത്ത അർജിത്തിനൊപ്പം വീടിന്റെ ടെറസിൽ പട്ടം പറത്തിയും ചെസ്സ് കളിച്ചും ആമിർ സമയം ചിലവഴിച്ചു. പാതിരാത്രിയിൽ അർജിത്തിനൊപ്പം സ്കൂട്ടറിൽ നഗരം ചുറ്റാൻ പോയത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണെന്ന് ആമിർ ഖാൻ വെളിപ്പെടുത്തി.

മുഹമ്മദ് റാഫി, കിഷോർ കുമാർ, ലത മങ്കേഷ്‌കർ, ആശാ ഭോസ്‌ലെ എന്നിവരെപ്പോലെ പാട്ടുകളിലൂടെ കഥ പറയാൻ അറിയാവുന്ന അപൂർവ്വ പ്രതിഭയാണ് അർജിത് സിങ് എന്ന് ആമിർ ഖാൻ വിശേഷിപ്പിച്ചു. കേവലം ഒരു ഗായകൻ എന്നതിലുപരി ഒരു മികച്ച 'സ്റ്റോറി ടെല്ലർ' കൂടിയാണ് അദ്ദേഹമെന്നും ആമിർ കൂട്ടിച്ചേർത്തു.

മേയ് 1നാണ് സായ് പല്ലവിയും ജുനൈദ് ഖാനും ഒന്നിക്കുന്ന 'ഏക് ദിൻ' തിയറ്ററുകളിലെത്തുന്നത്. സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അർജിത് സിങ് ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. അർജിത് സിങ്ങിന്റെ ശബ്ദത്തിൽ കേൾക്കാൻ പോകുന്ന അവസാന ഗാനങ്ങളിൽ ഒന്നായിരിക്കുമോ ഇതെന്ന ആശങ്കയും ആരാധകർക്കുണ്ട്.

Tags:    
News Summary - Aamir Khan recalls visit to Arijit Singh’s home after his retirement announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.