തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർഥ പരാമർശം; രൂക്ഷ വിമർശനവുമായി ടി.വി​.കെ, ബി.ജെ.പി നേതാക്കൾ

ചെന്നൈ: കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശം വിവാദത്തിൽ. കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡി.എം.കെക്കെതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞപ്പോൾ പ്രവർത്തകർ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിർത്തിയ ശേഷം ഉദയനിധി നടത്തിയ പരാമർശമാണ് വിവാദമായത്.

തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു സംഭവം. ‘കാവേരിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. പക്ഷേ മുഖ്യമന്ത്രി അതിനെക്കുറിച്ച് വാ തുറന്നിട്ടുണ്ടോ? ഇല്ല. ഡി.എം.കെക്കെതിരെ ‘തെറ്റായ കേസുകൾ’ ഫയൽ ചെയ്യുന്നതിൽ മാത്രമാണ് അദ്ദേഹത്തിന് ആശങ്കയുള്ളത്’ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ വിമർശിച്ച് ഉദയനിധി പറഞ്ഞു. ഇതിനിടെ സദസിൽ നിന്ന് ‘തൃഷ... തൃഷ...’ എന്ന മുദ്രാവാക്യം ഉയരുകയായിരുന്നു. അതിന് മറുപടിയായി വിജയിയുടെ സഹനടിയും സുഹൃത്തുമായ തൃഷയെക്കുറിച്ച് ഉദയനിധി ദ്വയാർഥ പരാമർശം നടത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ, ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കടന്നാക്രമിച്ച് ടി.വി.കെ, ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. ‘അറപ്പുളവാക്കുന്ന പരാമർശം’ എന്നായിരുന്നു ടി.വി.കെ എം.എൽ.എ രേവന്ത് ചരൺ സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘അങ്ങേയറ്റം അറപ്പുളവാക്കുന്ന പരാമർശമാണത്. ആർക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ല. പരാമർശം അക്കൂട്ടരുടെ മനോഭാവവും രാഷ്ട്രീയ സംസ്കാരവും നിലവാരത്തകർച്ചയും വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ഏറ്റവും തരംതാണ പ്രവൃത്തിയാണ്’ – രേവന്ത് ചരൺ സമൂഹമാധ്യമത്തിൽ കുറിച്ചു. ദ്വയാർഥ പരാമർ​ശത്തിന് ഉദയനിധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുഖ്യ വക്താവ് നാരായണൻ തിരുപ്പതിയും രംഗത്തെത്തി. 

Tags:    
News Summary - തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർഥ പരാമർശം| രൂക്ഷ വിമർശനവുമായി ടിവി​കെ ബിജെപി നേതാക്കൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.