വിസ്മയ മോഹൻലാൽ, മോഹൻലാൽ
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം തന്റെ ജീവിതത്തെ കുറിച്ചും വിസ്മയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
സിനിമയിൽ പതിറ്റാണ്ടുകളായി മുൻനിരയിൽ തിളങ്ങിനിൽക്കുമ്പോഴും ലളിതജീവിതവും കഠിനാധ്വാനവും കൈവിടാത്ത മോഹൻലാൽ മക്കൾക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം അദ്ദേഹത്തിന്റെ അച്ചടക്കബോധമാണ്. ഒരു കഥാപാത്രത്തിനുവേണ്ടി അദ്ദേഹം നടത്തുന്ന തയാറെടുപ്പുകൾ വളരെ അടുത്തുനിന്ന് കണ്ടാണ് വിസ്മയ വളർന്നത്.
‘അച്ഛൻ സിനിമയോട് പുലർത്തുന്ന ആത്മസമർപ്പണവും ഏത് കഥാപാത്രത്തെയും ജീവസ്സുറ്റതാക്കാൻ നടത്തുന്ന കഠിനാധ്വാനവും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു വേഷത്തിനായി അദ്ദേഹം നൽകുന്ന സമർപ്പണം ജീവിതത്തിൽ ഏതൊരു കാര്യവും എത്രത്തോളം ആത്മാർഥതയോടെ ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചു’ വിസ്മയ പറഞ്ഞു. അഭിനയത്തോടൊപ്പം തന്നെ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ ശാന്തതയോടെയും ആത്മവിശ്വാസത്തോടെയും നേരിടാൻ അച്ഛന്റെ മാതൃകയാണ് തനിക്ക് കരുത്തായതെന്നും വിസ്മയ കൂട്ടിച്ചേർത്തു.
മലയാള സിനിമയിൽ സ്വന്തം മേൽവിലാസമുണ്ടാക്കിയെങ്കിലും താരപ്പകിട്ടുകളിൽ നിന്ന് എപ്പോഴും മാറിനിൽക്കാനാണ് പ്രണവ് മോഹൻലാൽ ഇഷ്ടപ്പെടുന്നത്. പ്രണവിന്റെ ഈ സ്വഭാവസവിശേഷതകളെയും ജീവിതരീതിയെയും കുറിച്ച് വിസ്മയ അഭിമുഖത്തിൽ വാചാലയായി.
‘പ്രണവ് വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. യാത്രകളും പ്രകൃതിയും സ്വാതന്ത്ര്യവുമാണ് പ്രണവിനെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത്. ഭൗതികമായ നേട്ടങ്ങൾക്കുവേണ്ടി ഓടിക്കൊണ്ടിരിക്കാതെ, ജീവിതത്തെ വളരെ ലളിതമായും സമാധാനപരമായും കാണാൻ പ്രണവിന് കഴിയുന്നുണ്ട്. ഞാനും പല കാര്യങ്ങളിലും സമാനമായ ചിന്താഗതിയാണ് പുലർത്തുന്നത്’ വിസ്മയ വ്യക്തമാക്കി. സിനിമയുടെ ഗ്ലാമർ ലോകത്തേക്കാൾ ലോകം ചുറ്റാനും പുതിയ സംസ്കാരങ്ങൾ അറിയാനും സാഹസിക യാത്രകൾ ആസ്വദിക്കാനുമാണ് പ്രണവ് സമയം കണ്ടെത്തുന്നത്. ഈ ലളിത ജീവിതശൈലി സഹോദരനെന്ന നിലയിൽ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും വിസ്മയ കൂട്ടിച്ചേർക്കുന്നു.
സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ച് വളർന്നുവെങ്കിലും, മക്കളുടെ വ്യക്തിപരമായ തീരുമാനങ്ങളിൽ എപ്പോഴും പൂർണ്ണ സ്വാതന്ത്ര്യവും പിന്തുണയും നൽകുന്നവരാണ് മോഹൻലാലിന്റെ കുടുംബം. അഭിനയത്തിലേക്ക് താൻ കടന്നുവരുമ്പോൾ മാതാപിതാക്കളും സഹോദരൻ പ്രണവും നൽകുന്ന പിന്തുണ വളരെ വലുതാണ്. മറ്റുള്ളവരുടെ പ്രതീക്ഷകളുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ, തന്റേതായ വഴികളിൽ സഞ്ചരിക്കാനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കുടുംബത്തിൽ നിന്ന് ലഭിക്കുന്ന ഈ നിരന്തര പ്രോത്സാഹനം വലിയ ഊർജ്ജമാണ് പകരുന്നതെന്നും വിസ്മയ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.