പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, നാളെ ഏത് പാർട്ടി ഭരിച്ചാലും നിലപാട് ഇതുതന്നെ; വിസ്മയ മോഹൻലാൽ

കൊച്ചി: ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നതായി നടൻ മോഹൻലാലിന്റെ മകളും എഴുത്തുകാരിയുമായ വിസ്മയ മോഹൻലാൽ. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്നും ചോദ്യങ്ങൾ ചോദിക്കാനും ശബ്ദമുയർത്താനും ഇവിടെ എല്ലാവർക്കും അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി.

'എഫ്.ടി.ക്യു വിത്ത് രേഖ മേനോൻ' എന്ന യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിസ്മയ തന്റെ നിലപാട് ആവർത്തിച്ചത്. രാഷ്ട്രീയ വിഷയങ്ങളിൽ വിസ്മയക്ക് അറിവില്ലെന്ന സംവിധായകൻ മേജർ രവിയുടെ പരാമർശങ്ങൾ പരോക്ഷമായി തള്ളിക്കൊണ്ടാണ് പുതിയ പ്രതികരണം.

"ഞാൻ പറഞ്ഞ കാര്യങ്ങളിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നു. ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും ഇവിടെ അവകാശമുണ്ട്. ബലപ്രയോഗങ്ങൾക്ക് പകരം സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയം ഒരിക്കലും മനുഷ്യത്വത്തിന് മേലെയാകരുത്. നാളെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഇത്തരം കാര്യങ്ങൾ സംഭവിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും," വിസ്മയ വ്യക്തമാക്കി.

കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെ അപലപിച്ചുകൊണ്ട് വിസ്മയ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. ചർച്ചകൾക്ക് പകരം അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ, നമ്മളോരോരുത്തരും എന്തുതരം ജനാധിപത്യത്തിലേക്കാണ് പോവുന്നതെന്ന് സ്വയം ചോദിക്കണമെന്നായിരുന്നു വിസ്മയ കുറിച്ചത്. സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അവർ പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

ഈ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ വിസ്മയക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ നടന്നത്. കേന്ദ്ര സർക്കാരിനെയും ഭരണകക്ഷിയെയും അനുകൂലിക്കുന്നവർ വലിയ തോതിൽ വിമർശനങ്ങളുമായി രംഗത്തെത്തി. ഇതിനിടെയാണ് വിസ്മയയെ പ്രതിരോധിക്കാനെന്ന പേരിൽ സംവിധായകൻ മേജർ രവി രംഗത്തുവന്നത്.

വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായ അറിവില്ലെന്നും, സമരത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് അവർ ബോധവതിയല്ലെന്നുമായിരുന്നു മേജർ രവിയുടെ ന്യായീകരണം. പൊലീസ് വിദ്യാർഥികളെ മർദിക്കുന്നത് കണ്ടപ്പോൾ മനുഷ്യത്വത്തിന്റെ പേരിലുണ്ടായ വികാരം മാത്രമാണ് ആ പോസ്റ്റെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, മറ്റൊരു സ്വാധീനവുമില്ലാതെ പൂർണ്ണ ബോധ്യത്തോടെ തന്നെയാണ് താൻ പ്രതികരിച്ചതെന്ന് ഉറപ്പിക്കുകയാണ് വിസ്മയയുടെ പുതിയ മറുപടി.

Tags:    
News Summary - Vismaya Mohanlal Stands Firm on Supporting Delhi Student Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.