ആൻ ഫ്രാങ്കിന്റെയും മലാലയുടെയും പുസ്തകം വായിച്ചവർക്ക് നേരെ ആൾക്കൂട്ട ആക്രമണം: മുസ്‌ലിമല്ലെന്ന് തെളിയിക്കാൻ ഭീഷണി

അഹ്മദാബാദ്: ആൻ ഫ്രാങ്കിന്റെ 'ദി ഡയറി ഓഫ് എ യങ് ഗേൾ', പാകിസ്താനി ആക്ടിവിസ്റ്റ് മലാല യൂസഫ്‌സായിയുടെ 'ഐ ആം മലാല' എന്നീ പ്രശസ്തമായ പുസ്തകങ്ങൾ വായിച്ചതിന്റെ പേരിൽ അഹ്മദാബാദിൽ പുസ്തകപ്രേമികൾക്ക് നേരെ ആൾക്കൂട്ട അക്രമം. ഗുജറാത്തിലെ ഒരു പ്രൈവറ്റ് സ്കൂൾ തങ്ങളുടെ ലൈബ്രറിയിൽ നിന്നും പാഠ്യപദ്ധതിയിൽ നിന്നും ഈ രണ്ട് പുസ്തകങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നിശബ്ദ വായന സംഘടിപ്പിച്ചവർക്ക് നേരെയാണ് ആൾക്കൂട്ട ആക്രമണം അഴിച്ചുവിട്ടത്. ബജ്‌റങ് ദൾ, വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ച അഹ്മദാബാദിലെ വസ്ത്രാപൂർ ഗാർഡനിലാണ് 'ദി സ്റ്റുഡന്റ് ആൻഡ് യൂത്ത് കളക്ടീവ്' എന്ന സംഘടനയുടെ നേതൃത്വത്തിൽ പുസ്തകപ്രേമികൾ ഒത്തുകൂടിയത്. സ്വന്തമായി പുസ്തകങ്ങൾ കൊണ്ടുവന്ന് സമാധാനപരമായി നിശബ്ദ വായനയിൽ ഏർപ്പെട്ടിരുന്ന ഇവർക്ക് നേരെ പാഞ്ഞടുത്ത ആൾക്കൂട്ടം ബഹളം വെക്കുകയും, പ്രതിഷേധക്കാരോട് അവർ മുസ്‌ലിങ്ങളല്ലെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് സംഘാടരിൽ ഒരാൾ പറഞ്ഞു.

പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയും പൊലീസ് വാനിലേക്ക് ബലമായി കയറ്റി വസ്ത്രാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തതായി ആരോപണമുണ്ട്. സംഭവം കാമറയിൽ വിഡിയോ പകർത്തിയ ഒരു പെൺകുട്ടിയെ അക്രമികൾ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ട് പേർക്കും 18 ഓളം വരുന്ന ആൾക്കൂട്ടത്തിനുമെതിരെ വസ്ത്രാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഹമ്മദാബാദ് പൊലീസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡ്‌ലിലൂടെ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അഹമ്മദാബാദിലെ ആനന്ദ് നികേതൻ സ്കൂളിന്റെ ലൈബ്രറി ലിസ്റ്റിൽ നിന്നാണ് ഈ രണ്ട് പുസ്തകങ്ങൾ നേരത്തെ നീക്കം ചെയ്തത്. സ്കൂൾ കാന്റീനിൽ വിളമ്പിയ ഭക്ഷണത്തിൽ ചില്ലുകഷ്ണം കണ്ടെത്തിയതിനെ തുടർന്ന് രക്ഷിതാക്കളും വി.എച്ച്.പി, ബജ്‌രംഗ് ദൾ പ്രവർത്തകരും നടത്തിയ പ്രതിഷേധം പിന്നീട് ഒരു പ്രത്യേക മതത്തിനെതിരായ വിവേചന ആരോപണമായി മാറുകയായിരുന്നു. സ്കൂളിൽ നിയോഗിക്കപ്പെട്ട കൺസൾട്ടന്റ് പാഠ്യപദ്ധതിയിൽ മാറ്റം വരുത്തി മലാലയുടെയും ആൻ ഫ്രാങ്കിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് ഇതിന് തെളിവായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ജില്ലാ അധികൃതർ സ്കൂളിന് നോട്ടീസ് അയച്ചതോടെ, സ്കൂൾ മാനേജ്‌മെന്റ് ഈ രണ്ട് പുസ്തകങ്ങളും ഒഴിവാക്കുകയും കൺസൾട്ടന്റിനെയും കാന്റീൻ സൂപ്പർവൈസറെയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. ഇതിനെതിരെ പ്രതികരിച്ചവർക്ക് നേരെയാണ് ഇപ്പോൾ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. 

Tags:    
News Summary - readers of Anne Frank and Malala’s books told to ‘prove you’re not Muslim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.