തോൽക്കാത്തവർ

ജനാധിപത്യത്തിന്റെ

കഴുത്തിൽ

കുരുക്കിടുന്ന കൈകളെ

ആർത്തുവിളിച്ച് വാഴ്‌ത്തുന്നവരുണ്ട്.

അവരുടെ മൗനം

ഭരണകൂടത്തിന്റെ ആയുധവും

അനീതിയുടെ ഉത്സവവുമാണ്.

പക്ഷേ,

അതേ നാട്ടിൽ

തെരുവിലിറങ്ങുന്ന ചില മനുഷ്യരുണ്ട്,

അവർക്ക് പദവികളില്ല

പതക്കങ്ങളില്ല,

ഭയമോ ഒട്ടുമില്ല.

കല്ലുകളല്ല, തോക്കുകളല്ല,

പീരങ്കികളുമല്ല

അവരുടെ കൈകളിലത്രയും

നാളെയുടെ കുഞ്ഞുങ്ങളുടെ

നിറമുള്ള സ്വപ്നങ്ങളാണ്.

അവരുടെ ശബ്‌ദത്തിൽ

അധികാരികളോടുള്ള വെറുപ്പു മാത്രമല്ല,

നീതിയോടുള്ള പ്രണയത്തോടൊപ്പം

പൗരന്മാർ ഭയമില്ലാതെ

ചോദ്യം ചോദിക്കട്ടെ എന്ന

പ്രാർഥന കൂടിയാണ്.

കാരണം,

ചോദ്യം ചോദിക്കുന്ന ശബ്‌ദങ്ങളെന്നും

കുറ്റവാളിയുടേതാണെന്നും

മൗനം പാലിക്കുന്നവരെന്നും

ദേശസ്‌നേഹികളാണെന്നും

മുദ്രവെച്ച കലികാലമാണിത്.

ഇന്നത്തെ മൗനം,

നാളെയുടെ പാഠപുസ്‌തകങ്ങളിൽ

അടിമത്തത്തിന്റെ

അധ്യായമാകുമെന്നവർക്കറിയാം.

കണ്ണീർവാതക പുഴയിലും

ലാത്തിയുടെ നിഴലിലും

അവർ വഴിമാറാത്തത്

അതുകൊണ്ടാണ്.

സ്വന്തം മക്കളുടെ

നാളെയെ വിറ്റുതിന്നാൻ

മനസ്സില്ലാത്തവരാണവർ.

അധികാരത്തിന്റെ കസേരകളെയല്ല,

ഭയത്തെ തോൽപിച്ച്,

മുഷ്ടിചുരുട്ടി,

തെരുവിലിറങ്ങിയ കാൽപാടുകളാണ്

ചരിത്രത്തിന്റെ

അവസാന താളിലും ജനഹൃത്തിലും

ഒളിമങ്ങാതെ നിൽക്കുന്നത്.

Tags:    
News Summary - Undefeated people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.